കൊച്ചി: പൃഥ്വിരാജ് - ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ട്രെയിനിലിരുന്ന സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ വീഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്‌പ്രസ് ട്രെയിനിൽ ഇരുന്നാണ് യുവാവ് സിനിമ കാണുന്നതെന്ന് സംവിധായകൻ ഫേസ്‌ബുക്കിലൂടെ കുറിച്ചു. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമ്മാതാവിന് അതിനേക്കാൾ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണെന്നാണ് മഞ്ജിത് വീഡിയോയ്‌ക്കൊപ്പം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

മഞ്ജിത് ദിവാകറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ഇന്നലെ ലോകമെമ്പാടും റിലീസ് ആയ ഗുരുവായൂരമ്പല നടയിൽ ചിത്രത്തിന്റെ വീഡിയോ ആണ്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്‌പ്രസ് ട്രെയിനിൽ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കൈയിൽ കിട്ടുമ്പോൾ അവൻ നമ്മുടെ കൈയിൽ നിന്നും മിസ്സായി.

ഇപ്പോൾ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമ്മാതാവിന് അതിനേക്കാൾ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്...

വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിവസം തന്നെ 3.75 കോടി രൂപയാണ് ചിത്രം നേടി. മുഴുനീള കോമഡി എന്റർടെയ്‌നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. അനശ്വര രാജനും നിഖില വിമലുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ആനന്ദൻ എന്ന കഥാപാത്രമായി പൃഥ്വിയെത്തിയപ്പോൾ വിനുവായി ബേസിലുമെത്തി. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ന്മെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ് നടൻ യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.