കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമൊന്റെ പുതിയ ചിത്രം ആരാധകരുടെ മനം കവരുന്നു. നിറചിരിയോടെ നടൻ സൈജു കുറിപ്പിനൊപ്പം നിൽക്കുന്ന മഹേഷിനെയാണ് ചിത്രത്തിൽ കാണുന്നത്. പഴയ ചിരി മഹേഷിന് തിരിച്ചുകിട്ടിയതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

നടൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിന് ഗുരുതരമായി പരുക്കേറ്റത്. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന മഹേഷിന്റെ മുഖത്തിലാണ് ഏറ്റവും പരുക്കേറ്റത്. ഏഴ് പല്ലുകളാണ് നഷ്ടപ്പെട്ടത്. മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ വേണ്ടിവന്നു. ഇരു കവിളുകളിലെയും അസ്ഥികൾ ചേരാൻ കമ്പികൾ ഇട്ടു.

അപകടത്തിനു ശേഷം മുഖച്ഛായ മാറിയ അവസ്ഥയിലായിരുന്നു മഹേഷ്. എന്നാൽ ഇപ്പോൾ പല്ലുകൾ വെച്ചതോടെ പഴയ ചിരി തിരിച്ചുവന്നിരിക്കുകയാണ്. നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. മിമിക്രി സ്‌റ്റേജിലേക്ക് വൈകാതെ തിരിച്ചുവരാനാവട്ടെ എന്നാണ് ആശംസിക്കുന്നത്.

ജൂൺ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.