മലപ്പുറം: ചേലാകർമത്തിൽ പിഞ്ചു കുഞ്ഞിന്റെ ജനനേന്ദ്രിയം നഷ്ടമായ സംഭവം ഡോക്ടറുടെ പരിചയക്കുറവും പിഴവും തന്നെയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. കഴിഞ്ഞ മാസം മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് നടന്ന കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയിൽ മതിയായ സൗകര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ പ്രതികരണത്തിനു ശേഷം ഇതിനായി ഒരാഴ്ച സമയം അനുവദിച്ചതായും ഡോക്ടർക്കും ആശുപത്രിക്കുമെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ.കെ മോഹൻകുമാർ മറുനാടൻ മലയാളിയോടു പറഞ്ഞു.

ചികിത്സക്കു വേണ്ട ചിലവും നഷ്ടപരിഹാരവുമാണ് പരാതിക്കാരുടെ ആവശ്യം. അതേ സമയം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആശുപത്രി അടച്ചു പൂട്ടിയിട്ടുണ്ട്.പെരുമ്പടപ്പ് കുവ്വക്കാട്ടയിൽ ആശുപത്രിയിലെ ഡോക്ടർക്കാണ് ചേലാകർമ്മത്തിൽ പിഴവ് സംഭവിച്ചത്. ഈ പിഴവിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കൈ കുഞ്ഞിന് സംഭവിച്ച അവസ്ഥ ആരുടെയും കരളലിയിക്കുന്നതായിരുന്നു.

ഗുരുതരമായ വീഴ്ച യഥാസമയം ചൂണ്ടിക്കാട്ടിയിട്ടും വേണ്ട ചികിത്സ നൽകാൻ തയ്യാറാകാത്ത ആശുപത്രിക്കും ചേലാകർമ്മം നടത്തിയ ഡോക്ടർ ആഷിക്കിനുമെതിരെ മനുഷ്യാവകാശ കമ്മീഷനു മുന്നിൽ മാതാപിതാക്കൾ നൽകിയ പരാതിയാണ് തീർപ്പിലെത്തിയിരിക്കുന്നത്.സംഭവത്തിൽ മാതാവ് ജമീല നൗഷാദിന്റെ പരാതിയിൽ പെരുമ്പടപ്പ് പൊലീസ് ഡോക്ടർക്കെതിരെ അന്ന് കേസെടുത്തെങ്കിലും നിസാര വകുപ്പുകളായിരുന്നു ചുമത്തിയത്. കേസെടുക്കും മുമ്പ് സംഭവം ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചതായും വീട്ടുകാർ കമ്മീഷനു മുന്നിൽ പരാതിപ്പെട്ടിരുന്നു.ചേലാകർമം ചെയ്ത ഡോക്ടറുടെ ഫയലുകൾ ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറി എന്നും ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ മറ്റു വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നായിരുന്നു പെരുമ്പടപ്പ് എസ്‌ഐ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് യാതൊരു നടപടിയോ മറ്റു വകുപ്പുകളോ ചേർത്തില്ല.കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിൽ ചികിത്സ പിഴവു വരുത്തിയ ഡോക്ടറെ ദുർബല വകുപ്പു ചുമത്തി രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞി?െന്റ ജനനേന്ദ്രിയയം നഷ്ടപ്പെട്ട നിലയിലാണിപ്പോൾ.

ഏപ്രിൽ 18നാണ് പെരുമ്പടപ്പ് പാറയിലെ കുവ്വക്കാട്ടയിൽ ആശുപത്രിയിൽ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ ചേലാകർമത്തിനായി പ്രവേശിപ്പിച്ചത്. ചേലാകർമ്മം ചെയ്തു കൊടുക്കുന്നുവെന്ന ആശുപത്രിക്കു മുന്നിലെ പരസ്യ ബോർഡ് കണ്ടാണ് വീട്ടുകാർ കുഞ്ഞിനെ ഈ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചേലാകർമം ചെയ്ത് നാല് ദിവസമായിട്ടും കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ വീണ്ടും കണ്ടു. അണുബാധയാണ് കാരണമെന്നും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ സർജനെ കാണിക്കാനും പറഞ്ഞു. എന്നാൽ ഇവിടെ രണ്ടാമത്തെ ദിവസം ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ മോശമായിരുന്നു.എന്നാൽ ഈ സമയങ്ങളിലൊന്നും യാതൊരു ചികിത്സയും നൽകാതെ വേദന സ്വാഭാവിക മാണെന്നും പാൽ മാത്രം കൊടുത്താൽ മതിയെന്നു മാണത്രെ ഡോക്ടർ പറഞ്ഞിരുന്നത്.ജനനേന്ദ്രിയത്തിന്റെ ഭാഗം കറുപ്പ് നിറം കയറിയ നിലയിലായതിനാൽ ഉടനെ തൃശൂർ അമല ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു. ഇതിനിടെ ജനനേന്ദ്രിയത്തിനു പഴുപ്പ് കയറി രക്തസഞ്ചാരം കുറഞ്ഞതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇപ്പോൾ മൂത്രം പോകാൻ അടിവയറ്റിൽ ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ്. ചേലാകർമം നടത്തിയ ഭാഗത്തുകൂടെയും അടിവയറ്റിലെ ദ്വാരത്തിലൂടെയും മൂത്രം അനിയന്ത്രിതമായി പോകുന്നതാണ് ആശങ്കയിലാക്കുന്നത്. ലിംഗത്തി?െന്റ മുക്കാൽ ഭാഗത്തിലധികം നഷ്ടപ്പൈട്ടന്ന് ഡോക്ടർമാർ അറിയിച്ചതായി വീട്ടുകാർ പറയുന്നു.

ജനനേന്ദ്രിയത്തിലൂടെ മൂത്രം പോകണമെങ്കിൽ നാല് വയസ്സിനു ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ജില്ല മെഡിക്കൽ ഓഫിസർ, ഡി.ജി.പി എന്നിവർക്ക് വീട്ടുകാർ പരാതി നൽകിയിരുന്നു. പരാതികൾ നൽകി നീതിക്കായി കാത്തിരിക്കുമ്പോഴാണ് മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ താൽക്കാലികാശ്വാസം ഉണ്ടായിരിക്കുന്നത്. കുഞ്ഞിനെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് യാതൊരു പരിചയമില്ലെന്നും, ഈ അനുഭവം ഇനി ഒരാൾക്കുമുണ്ടാകരുതെന്നും മാതാവ് ജമീല മുമ്പ് പറഞ്ഞിരുന്നു. ഡോക്ടറുടെ പരിചയക്കുറവ് വ്യക്തമാക്കിയാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടുമുള്ളത്.

ചേലാകർമ്മത്തിലെ പിഴവു പ്രകടമാണെന്നും ചികിത്സ നിഷേധിച്ചത് ഗൗരവമായി കാണുമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ കഴിഞ്ഞ സിറ്റിംഗിൽ മുനാടൻ മലയാളിയോടു പറഞ്ഞിരുന്നു. ഇന്ന് മലപ്പുറം തിരൂർ ഗവ.റസ്റ്റ് ഹൗസിൽ ചേർന്ന സിറ്റിംഗിലാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ പ്രതികരണ ശേഷം നടപടിയെടുക്കാൻ കമ്മീഷൻ ഉത്തരവിട്ടത്