ആലപ്പുഴ: കോവിഡു കാലത്ത് തുറവൂർ താലൂക്ക് ആശുപത്രിയിൽ ട്രൂനാറ്റ് മെഷീന്റെ സേഫ്റ്റി കാബിനറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് തുറവൂർ ലോഡിങ് അൺലോഡിങ് യൂണിറ്റ് കൺവീനർ വിജയനെ സിഐടിയുവിൽ നിന്നു സസ്‌പെൻഡ് ചെയ്തു. കോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് ലബോറട്ടറിയിലേക്ക് എത്തിച്ച ബയോസേഫ്റ്റി കാബിനറ്റ് ഇറക്കാനുള്ള കൂലിയായി സിഐടിയു യൂണിയൻ ചോദിച്ചതു 16,000 രൂപയായിരുന്നു. ഇതാണ് വിവാദമായത്.

തുറവൂർ താലൂക്ക് ആശുപത്രിയിൽ നടന്ന തർക്കം ഒത്തുതീർപ്പാകാത്തതിനാൽ ഡോക്ടറും ജീവനക്കാരും ചേർന്ന് ഉപകരണം ലോറിയിൽനിന്നിറക്കുകയും ചുമന്ന് മുകൾനിലയിലെത്തിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചായയി. ഇതോടെയാണ് സിഐടിയു നടപടി എടുക്കുന്നത്. കോവിഡ് പരിശോധനയ്ക്കുള്ള കാബിനറ്റ് കൂലി വാങ്ങാതെ ഇറക്കണമായിരുന്നെന്നു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതോടെ വിജയനെതിരെ നടപടിയും എടുക്കാൻ നേതൃത്വം തീരുമാനിച്ചു.

സിഐടിയു അംഗങ്ങളായ വിവിധ വിഭാഗം തൊഴിലാളികൾ കോവിഡ് കാലത്തു ജനങ്ങളെ സഹായിക്കുമ്പോൾ തുറവൂരിലെ സംഭവം അപമാനകരമാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്തം സിഐടിയു തൊഴിലാളികൾ കാണിക്കാതിരുന്നതിന്റെ പേരിലാണ് കൺവീനർക്കെതിരെയുള്ള നടപടിയെന്ന് ജില്ലാ പ്രസിഡന്റ് എച്ച്.സലാമും ജനറൽ സെക്രട്ടറി പി.ഗാനകുമാറും പറഞ്ഞു. 225 കിലോഗ്രാം ഭാരമുള്ള കാബിനറ്റ് ലോറിയിൽ നിന്ന് ഇറക്കാൻ 6,000 രൂപയും മുകൾനിലയിലെത്തിക്കാനുള്ള ക്രെയിൻ വാടകയായി 10,000 രൂപയുമാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. എന്നാൽ, ക്രെയിൻ ഉപയോഗിക്കാതെ തന്നെ ആശുപത്രി ജീവനക്കാർ കാബിനറ്റ് മുകളിലെത്തിച്ചുവെന്നതാണ് വസ്തുത.

ആലപ്പുഴയിൽ കോവിഡ് വ്യാപനം അതിശക്തമാണ്. അതുകൊണ്ട് തന്നെ എല്ലാവരും എല്ലാം മറന്നാണ് പ്രതിരോധ പ്രവർത്തനത്തിൽ ഒരുമിക്കുന്നത്. ഇതിനിടെയാണ് അവസരം മുതലെടുക്കാനെന്ന തരത്തിൽ സിഐടിയു ആശുപത്രിയിൽ കടുംപിടിത്തം തുടർന്നത്. ഇതോടെ ഡോക്ടർമാരും ജീവനക്കാരും ലോഡിറക്കുകയായിരുന്നു സിഐടിയു കാഴ്ചക്കാരുമായി. വാർത്ത എത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായി. സിപിഎമ്മിനും നാണക്കേടുണ്ടാക്കി.

മുംബൈയിൽ നിന്നു കാബിനറ്റ് എത്തിച്ചവർ ആദ്യം 3,000 രൂപയും ഒടുവിൽ 9000 രൂപ വരെയും വാഗ്ദാനം ചെയ്‌തെങ്കിലും ആ നിരക്ക് തൊഴിലാളികൾ അംഗീകരിച്ചില്ല. സംഭവം അറിഞ്ഞപ്പോൾ തന്നെ സിഐടിയു ഏരിയ നേതൃത്വം ഇടപെട്ടെന്നു ജില്ലാ സെക്രട്ടറി എച്ച്. സലാം പറഞ്ഞു. കൂലിത്തർക്കം വേണ്ടെന്നു നിർദേശിച്ചിരുന്നു. ജീവനക്കാർ തന്നെ ഇറക്കുന്നെങ്കിൽ തടസ്സപ്പെടുത്തരുതെന്നും തൊഴിലാളികളോടു നിർദേശിച്ചിരുന്നതായി പറഞ്ഞു.

അപകടകരമായ വസ്തുക്കളും സൂക്ഷ്മാണുക്കളും കൈകാര്യം ചെയ്യുന്ന മൈക്രോ ബയോളജി ലാബുകളിൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതാണ് ബയോസേഫ്റ്റി കാബിനറ്റ്. ഈ കാബിനറ്റിനുള്ളിലാണ് കോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് യന്ത്രം സ്ഥാപിക്കുന്നത്. ഇതാണ് വൻ തുക വേണമെന്ന് പറഞ്ഞ് സിഐടിയുക്കാർ ഇറക്കാൻ വിസമ്മതിച്ചത്.

തുറവൂർ താലൂക്ക് ആശുപത്രിയിൽ 40 ലക്ഷം രൂപ ചെലവഴിച്ച് ട്രൂനാറ്റ് ലാബ് സ്ഥാപിക്കുന്നത് കോവിഡ് പ്രതിരോധത്തിനായാണ്. ഇനി രണ്ട് മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് ഫലം ലഭ്യമാകും. ഉപകരണങ്ങൾ സർക്കാർ നൽകുമ്പോൾ പ്രവർത്തന ചെലവായ 13 ലക്ഷം രൂപ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് നൽകും. ചെല്ലാനം, പള്ളിത്തോട്, എഴുപുന്ന തുടങ്ങിയ പ്രദേശങ്ങളിലെ രോഗനിർണയം നടത്താൻ കഴിയാത്തവർക്ക് തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ സംവിധാനം പ്രയോജനകരമാകും.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ട്രൂനാറ്റ് പരിശോധന സംവിധാനമില്ലാതിരുന്നതിനാൽ ഈ സ്ഥലങ്ങളിൽ നടത്തിയിരുന്ന കോവിഡ് നിർണയ പരിശോധനകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസമെങ്കിലും കാലതാമസമുണ്ടായിരുന്നു. ലാബിനാവശ്യമായ ഉപകരണങ്ങൾ എത്തിയിട്ടുണ്ട്. കാബിനുകൾ തിരിക്കുന്ന ജോലി നടന്നുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.