തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ വൈദ്യുതി ബസുകൾ സർവീസ് പരീക്ഷണ തുടങ്ങിയത് യാത്രക്കാർക്കും കെഎസ്ആർടിസിക്കും ഏറെ പ്രതീക്ഷ പകർന്നിരുന്നു. 14 ഇലക്ട്രിക് ബസുകളാണ് സർവീസ് തുടങ്ങിയത്. നിലവിലുള്ളതു പോലെ തന്നെ എവിടെപോകാനും പത്തുരൂപയാണ് ടിക്കറ്റ്. യാത്രക്കാർ കുറവായിരുന്ന റൂട്ടിൽ നാലു ബസുകളും മറ്റ് റൂട്ടുകളിൽ രണ്ടുവീതം ബസുകളുമാണ് നിരത്തിൽ. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന താരതമ്യേന ചെറിയ ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കില്ലെന്നതാണ് പ്രത്യേകതയുമുണ്ട്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സി.സി.ടി.വി ക്യാമറകളും ഓട്ടോമാറ്റിക് ഡോറുകളും പ്രത്യേകതയാണ്. അടുത്തമാസം 25 ഇലക്ട്രിക് ബസുകൾ കൂടി സിറ്റി സർക്കുലറിന്റെ ഭാഗമാകും. ഇതോടെ, ഇലക്ട്രിക് ബസുകളിലൂടെ ഡീസൽ ഇനത്തിൽ ചെലവാക്കുന്ന 45 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 24 മണിക്കൂർ എയർ-റെയിൽ സിറ്റി സർക്കിൾ ബസുകൾ കൂടി നാളെ നിരത്തിലിറങ്ങും. എയർ-റെയിൽ സിറ്റി സർക്കിൾ ബസുകൾ ഗതാഗതമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കയാണ്. എന്നാൽ, ഇതിനിടെ സർവീസിനെതിരെ ഉടക്കുമായി കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ രംഗത്തെത്തി.

യൂണിയനുകളുമായി കെഎസ്ആർടിസി മാനേജ്മെന്റ് നടത്തിയ ചർച്ച പരാജയം. തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കെഎസ്ആർടിസി സിറ്റി സർക്കുലർ സ്വിഫ്റ്റ് ബസുകൾ തടയുമെന്ന് സിഐടിയു അറിയിച്ചു. സിഎംഡി വിളിച്ച ചർച്ച പ്രഹസനമാണ്. ശമ്പളം കൊടുക്കാൻ കഴിയാതെ പരിഷ്‌കാരം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. ഉദ്ഘാടനത്തിനെതിരെ പ്രതിഷേധിക്കുമെന്നും സിഐടിയു വ്യക്തമാക്കി.

നാളെ തിരുവനന്തപുരത്താണ് സിറ്റി സർക്കുലർ സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടനം. ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കൈമാറിയതാണ് പ്രതിഷേധത്തിന് കാരണം. ഈ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും സിഐടിയു അറിയിച്ചു. ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും നിലപാടെടുത്തിട്ടുണ്ട്.

അതേസമയം ജൂണിലെ മുടങ്ങിയ ശമ്പളം അടുത്തമാസം അഞ്ചിന് മുൻപും ജൂലൈയിലെ ശമ്പളം 10ന് മുൻപും നൽകുമെന്ന് സിഎംഡി ഉറപ്പുനൽകി. നിലവിൽ 9000 ജീവനക്കാർക്ക് 60ദിവസമായി ശമ്പളം ലഭിച്ചിട്ടില്ല. ജൂൺ മാസത്തെ ശമ്പളമാണ് ജീവനക്കാർ കാത്തിരിക്കുന്നത്. ശമ്പളം നൽകാൻ 32 കോടി രൂപ ഇനിയും വേണം .

കെഎസ്ആർടിസി തുടങ്ങിയ സിറ്റി സർക്കുലർ സർവീസിന്റെ ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകൾക്ക് കൈമാറുന്നത്. പേരൂർക്കട ഡിപ്പോയിലെ പതിനൊന്നും സിറ്റി ഡിപ്പോയിലെ പത്തും ഷെഡ്യൂളുകളാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം ഇന്നലെയും ഇന്നുമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. സിറ്റിയിലെ ഹ്രസ്വദൂര സർവീസുകൾ സ്വിഫ്റ്റിന് കൈമാറുന്നത് അനുവദിക്കാനാകില്ലെന്നാണ് സമരക്കാരുടെ നിലപാട്.

ഇതോടെ, ഇലക്ട്രിക് ബസുകളിലൂടെ ഡീസൽ ഇനത്തിൽ ചെലവാക്കുന്ന 45 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ അടക്കമുണ്ട്. വിമാനത്താവളത്തിലെ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ് സ്റ്റേഷനും സെൻട്രൽ റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ-റെയിൽ സർക്കുലർ സർവീസ്. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. രണ്ട് ബസാണ് ഇത്തരത്തിൽ സർവീസ് നടത്തുക.

തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നിരത്തിലെത്തും. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജന്റം ബസുകൾ പിൻവലിക്കാനാണ് തീരുമാനം. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റരിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും.

ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെൻട്രൽ വർക്ക്ഷോപ്പ്, വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിൽ നിലവിൽ ചാർജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂർക്കടയിൽ ചാർജിങ് സ്റ്റേഷൻ നാളെ പ്രവർത്തന സജ്ജമാകും. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുൾ ചാർജിൽ 175 കിലോമീറ്റർ ഓടും.