- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെയർമാന്റെ ഫേസ്‌ബുക്ക് പോസ്റ്റ് തന്റെ അറിവോടെയല്ല; കെഎസ്ഇബിയുടെ ഭൂമി പലരുടെയും കൈയിലെന്ന് കൃഷ്ണൻ കുട്ടി; കെഎസ്ഇബി ചെയർമാന് ഗൂഢലക്ഷ്യം, അഴിമതി മൂടിവെയ്ക്കാൻ ശ്രമമെന്ന് സിഐടിയു; സർക്കാറിന്റെ കണ്ണിൽ കരടായ ഡോ. ബി അശോകിന്റെ കസേര തെറിക്കുമോ?
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന്റെ ആരോപണത്തിന്റെ പേരിൽ തനിക്കെതിരെ രംഗത്തുവന്ന എംഎം മണിക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. തന്റെ അറിവോടെയല്ല കെഎസ്ഇബി ചെയർമാൻ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു.
വൈദ്യുതി ബോർഡിലെ പ്രശ്നങ്ങളെ കുറിച്ച് ചെയർമാൻ ജനറലായിട്ട് ചിലത് പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് കെഎസ്ഇബിയിൽ ശമ്പളം വർധിപ്പിച്ചതെന്ന് രേഖ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കെ കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാറിൽ ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട് ഭൂമി പലരുടെയും കൈയിലാണെന്ന് ചെയർമാൻ പറഞ്ഞിട്ടുണ്ട്. ടൂറിസത്തിന് ഭൂമി വിട്ടുനൽകിയത് കെഎസ്ഇബിയുടെ അനുമതിയില്ലാതെയാണ് എന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ വസ്തുതകൾ പരിശോധിച്ച ശേഷമേ കൂടുതലായി പറയാൻ സാധിക്കൂ. തിരുവനന്തപുരത്തേയ്ക്ക് മുഖ്യമന്ത്രി വിളിപ്പിച്ചിട്ടുണ്ട് എന്ന ആരോപണവും കൃഷ്ണൻകുട്ടി നിഷേധിച്ചു.
വൈദ്യതി ബോർഡിൽ ഇടതു യൂണിയനുകളുടെ നേതൃത്വത്തിൽ മുൻ സർക്കാരിന്റെ കാലത്ത് അധികാര ദുർവിനിയോഗവും അഴിമതിയും നടന്നതായുള്ള ചെയർമാന്റെ ആരോപണത്തെ തുടർന്ന് ഡോ ബി അശോകനെതിരെയും മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെയും മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി രംഗത്തുവന്നിരുന്നു. തന്റെ ഭരണകാലത്ത് വൈദ്യുതി ബോർഡ് മികച്ച നേട്ടമുണ്ടാക്കി. ഇപ്പോൾ പൊലീസ് സംരക്ഷണം വേണ്ട സ്ഥിതിയിലാണ്. അവിടെ കൊണ്ടുവന്ന് എത്തിച്ചതായാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെയും ചെയർമാനെയും ലക്ഷ്യമിട്ട് എം എം മണി പരിഹസിച്ചത്.
അതേസമയം യൂണിയനുകൾക്കെതിരേ വിമർശനം ഉന്നയിക്കുന്ന കെഎസ്ഇബി ചെയർമാനെതിരെ പടയൊരുക്കവും ശക്തമാണ്. കെഎസ്ഇബി ചെയർമാന് ഗൂഢലക്ഷ്യമെന്ന് സിഐടിയു പ്രതികരിച്ചു. അഴിമതി മൂടിവെയ്ക്കാനും രാഷ്ട്രീയ അജണ്ട നടപ്പാക്കാനുമാണ് ചെയർമാൻ ശ്രമിക്കുന്നതെന്നും സിഐടിയു പ്രതികരിച്ചു. ഇടത് യൂണിയനുകൾ അധികാര ദുരുപയോഗം നടത്തിയെന്ന കെഎസ്ഇബി ചെയർമാൻ ബി അശോകിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സമരം ചെയ്യുന്ന സിഐടിയു നേതാക്കൾ.
അശോക് ചെയർമാനായി വന്നതിനു ശേഷം മേഖലയിൽ അഴമതിക്കുള്ള കളമൊരുക്കുന്നുവെന്നാണ് മനസ്സിലാക്കിയത്. അദ്ദേഹം ചെയർമാനായി ശേഷം എടുത്ത ഏത് തീരുമാനം പരിശോധിച്ചാലും അധികാര-ധന ദുർവിനിയോഗത്തിനുള്ള സാഹചര്യം കണ്ടതിനാലാണ് സിഐടിയു ഇടപെട്ടത്. ഇക്കാര്യം വൈദ്യുത മന്ത്രിയേയും അറിയിച്ചിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ച പലകാര്യങ്ങളും അദ്ദേഹത്തിന്റെ അധികാരകാലത്ത് കൂടിയാണ് നടന്നതെന്നും യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി.
മുൻ ഇടതുസർക്കാരിന്റെ കാലത്ത് വൈദ്യുതിബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നായിരുന്നു ചെയർമാൻ ഡോ. ബി. അശോകിന്റെ വിമർശനം. ബോർഡ് ആസ്ഥാനത്തെ സുരക്ഷയ്ക്ക് വ്യവസായ സുരക്ഷാസേനയെ വിനിയോഗിച്ചതിനെതിരേ ഇടതു സംഘടനകൾ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പഴയ ക്രമക്കേടുകൾ ആരോപിച്ച് 'കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടിൽ അദ്ദേഹത്തിന്റെ കുറിപ്പ്. കഴിഞ്ഞ ശമ്പളപരിഷ്‌കരണം സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇക്കാര്യം എ.ജി. ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ