ന്യൂഡൽഹി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്ത്. കോഴിക്കോട് സെഷൻസ് കോടതി നിരീക്ഷണങ്ങൾക്കെതിരെയാണ് വനിതാ കമ്മീഷൻ രംഗത്തെത്തിയത്. ഉത്തരവ് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിച്ചില്ലെന്ന് അധ്യക്ഷ രേഖ ശർമ ട്വീറ്റിൽ വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തൽ നിർഭാഗ്യകരമെന്നും വനിതാ കമ്മീഷൻ തുറന്നടിച്ചു.

കോടതിയുടെ പരാമർശങ്ങൾക്കെതിരെ ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്റെ വിധിയിലെ പരാമർശങ്ങൾക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതിനെതിരെയും പരാതിക്കാരി അപ്പീൽ നൽകും.

പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്നതാണ് എന്നായിരുന്നു കോടതി പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനപരാതിയിലുള്ള മുൻകൂർ ജാമ്യവിധിയിലാണ് വിവാദ പരാമർശങ്ങൾ. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമർപ്പിച്ച ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്. അതിനാൽ പ്രഥമദൃഷ്ട്യാ 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്നാണ് കോടതി ഉത്തരവ്. 74കാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയിൽ പരാമർശമുണ്ട്.

2020ന് നന്തിയിൽ നടന്ന കവിത ക്യാമ്പിനെത്തിയപ്പോൾ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊയിലാണ്ടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റൊരു പരാതിയിൽ നേരത്തെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ഫോട്ടയടക്കം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ച വാദങ്ങളെ അതേ പോലെ ശരിവയ്ക്കുന്നതാണ് കോടതി വിധി.

അതേസമയം ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രനെതിരായ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തിലാണ്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. അതിനാൽ ഈ കേസിൽ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വിവാദമായത്.

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശിൽപികൾ ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. അതിജീവിത കാര്യബോധമില്ലാത്തയാളെന്നും കോടതി നിരീക്ഷിക്കുന്നു. പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്.

2020 ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിലാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് കോടതി കഴിഞ്ഞ ദിവസം നടത്തിയ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച നിരീക്ഷണവും വിവാദത്തിലായിരുന്നു.

ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. 74 വയസ്സുകാരനായ, ശാരീരികപരിമിതിയുള്ള പുരുഷൻ പരാതിക്കാരിയെ ബലമായി ഉപദ്രവിച്ചെന്നു വിശ്വസിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.