തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുകയെന്ന പ്രഖ്യാപിത അജൻഡയുമായി കേന്ദ്രത്തിൽ അധികാരത്തിലേറിയ മോദി സർക്കാർ ഇപ്പോൾ വിഷയം പൊടിതട്ടിയെടുക്കുന്നത് യുപി തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന പ്രചരണം ശക്തമാണ്. എന്നാൽ അതിന്റെ പ്രതിഫലനങ്ങൾ വലിയ ചലനം സൃഷ്ടിക്കുന്നതാകട്ടെ കേരള രാഷ്ട്രീയത്തിലും. പ്രധാന രാഷ്ട്രീയ കക്ഷികളായ സിപിഎമ്മും കോൺഗ്രസും വിഷയത്തിൽ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികളാണ്.

ബിജെപിയാകട്ടെ വിഷയത്തിൽ ഹിന്ദു സംഘടനകളുടെ ഐക്യപ്പെടലിലൂടെ ഉണ്ടാകാവുന്ന നേട്ടങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നു. മുസഌം അനുകൂല സംഘടനകൾ ഒന്നടങ്കം സിവിൽകോഡ് നടപ്പാക്കുന്നതിനെ എതിർക്കുന്ന സാഹചര്യത്തിലാണ് സിവിൽ കോഡ് കേരളത്തിലെ പ്രധാനകക്ഷികളെ ത്രിശങ്കുവിലാക്കുന്നത്.

ബിജെപിക്കെതിരെയുള്ള ആശങ്കകളുടെ അടിസ്ഥാനത്തിൽ മതന്യൂനപക്ഷ വോട്ടുകൾ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഒഴുകിയെത്തിയത് സിപിഎമ്മിന്റെ പക്ഷത്തേക്കായിരുന്നു. ഈ സാഹചര്യത്തിൽ സിവിൽകോഡിനെ എതിർക്കാതിരുന്നാൽ അത് ന്യൂനപക്ഷ മേഖലയിലൂണ്ടാക്കിയ സ്വാധീനം നിലനിർത്തുന്നതിന് സിപിഎമ്മിന് തടസ്സമാകും. അതേസമയം, മത പരിഗണനയില്ലാതെ ഏകീകൃത വ്യക്തിനിയമമെന്ന സങ്കൽപത്തിന്റെ വ്യാപ്തിയെ അനുകൂലിക്കുന്നവരാണ് പാർട്ടിയിലെ ബുദ്ധിജീവികളും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും. അതിനാൽത്തന്നെ സിവിൽകോഡിനെതിരെ എന്തുനിലപാടെടുക്കുമെന്ന കാര്യത്തിൽ പാർട്ടി ആശയക്കുഴപ്പത്തിലാണ്.

ഭരണഘടനയുടെ 44-ാം വകുപ്പിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന് ഏകീകൃത സിവിൽ കോഡ് പ്രധാനമായും പരിഗണിക്കുന്നത് മതാതീതമായ സ്ത്രീപുരുഷ സമത്വമാണ്. അതിനാൽത്തന്നെ ശബരിമലയിൽ സ്ത്രീപ്രവേശനം പോലുള്ള വിഷയങ്ങളിൽ അനുകൂല നിലപാടെടുക്കുന്ന സിപിഐ(എം) സമാന വീക്ഷണമുയർത്തുന്ന സിവിൽകോഡിനെ എതിർക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് പാർട്ടിയിൽ ഉയരുന്നത്.

ഹിന്ദുസംഘടനകളുടെ കാര്യംവരുമ്പോൾ ഒരു നിലപാടും മുസ്‌ളീം സംഘടനകളുടെ കാര്യത്തിൽ മറ്റൊരു നിലപാടുമായാൽ കാര്യങ്ങൾ കുഴയും. വിവാഹം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിലെല്ലാം സ്ത്രീകളാണ് ഏതുമതത്തിന്റെ കാര്യത്തിലെടുത്താലും രാജ്യത്ത് മതനിയമങ്ങളുടെ പേരിൽ ദുരിതമനുഭവിക്കുന്നതെന്ന വാദം സിപിഎമ്മിന് കാണാതിരിക്കാനുമാവില്ല. ഈ സാഹചര്യത്തിൽ കരുതലോടെയെ നീങ്ങിയില്ലെങ്കിൽ അത് പാർട്ടിക്ക് തിരിച്ചടിയാകും.

ബിജെപിയും ആർ.എസ്.എസും ഇപ്പോൾ ഏകീകൃത സിവിൽ കോഡിന് നീക്കം നടത്തുന്നതിന് പിന്നിൽ വർഗീയ ലക്ഷ്യങ്ങൾ മാത്രമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിട്ടുണ്ട്. മോദിയുടെ ഭരണപരാജയം മറയ്ക്കാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപങ്ങൾ അഴിച്ചുവിടുന്നുണ്ട്. അയോധ്യ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കിയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ രഹസ്യ അജണ്ട തയാറാക്കിയും ആർഎസ്എസ് നടത്തുന്ന നീക്കം മതന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ഹിന്ദുത്വ വർഗീയധ്രുവീകരണം നടത്തി വോട്ടുബാങ്ക് സൃഷ്ടിക്കാനാണ് ശ്രമം- കോടിയേരി ആലപ്പുഴയിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സഹായിച്ച ന്യൂനപക്ഷങ്ങളെ സിവിൽകോഡ് വിഷയത്തിൽ കൈവിടില്ലെന്ന സൂചനകളാണ് കോടിയേരി നൽകുന്നതെങ്കിലും വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് പാർട്ടിതീരുമാനമെന്നാണ് സൂചനകൾ.

സിവിൽകോഡ് വിഷയം കോൺഗ്രസ്സിനും വലിയ തലവേദനയുയർത്തുമെന്ന് ഉറപ്പാണ്. ജാതി, മത സംഘടനകളുമായി ഏറെ അടുപ്പം പുലർത്തുന്ന കോൺഗ്രസ്സിന്റെ നേതാക്കൾ ചേരിതിരിഞ്ഞ് രണ്ടുതട്ടിലാകുമെന്ന സ്ഥിതിയാണ് വരാൻപോകുന്നത്. ലീഗ് ഉൾപ്പെടെ മുസഌം അനുകൂല സംഘടനകളെല്ലാം സിവിൽകോഡിനെ എതിർക്കുമ്പോൾ ക്രിസ്ത്യൻ പിന്തുണയുള്ള കേരള കോൺഗ്രസ് ഉൾപ്പെടെയുള്ളവരുടെയും സഭകളുടേയും തീരുമാനം മറിച്ചാവാനാണ് സാധ്യത തെളിയുന്നത്. സിവിൽകോഡിനെ അനുകൂലിക്കുന്നതായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി പ്രസ്താവിച്ചുകഴിഞ്ഞു. മറ്റു സഭകളുടേയും കെഎം മാണി ഉൾപ്പെടെയുള്ള നേതാക്കളുടെയും തീരുമാനം വരുന്നതോടെ യുഡിഎഫ് രണ്ടുചേരിയാകുമെന്നുറപ്പാണ്.

ഇത് ഫലത്തിൽ കോൺഗ്രസ്സിന് തലവേദനയാകുന്നത് യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസ്സിനാകും. ബാർകോഴ വിഷയത്തിൽ മാണി കോൺഗ്രസ്സിനെതിരെ ഗൂഢാലോചനാ ആരോപണവും ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. സിവിൽകോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും തകർക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് രമേശ് ചെന്നിത്തല സിവിൽകോഡിനെ എതിർക്കുമെന്ന നയം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ നേതൃത്രയത്തിലെ ഉമ്മൻ ചാണ്ടിക്കും സുധീരനും ഏതുനിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. ദേശീയതലത്തിൽ കോൺഗ്രസ് സിവിൽകോഡിനെ എതിർക്കുമെന്നുറപ്പായ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളെല്ലാം അക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം പുലർത്താൻ സാധ്യതയില്ലെന്നാണ് സൂചന. എങ്കിലും ഉമ്മൻ ചാണ്ടിയുടെ നിലപാടുകൾ ഇക്കാര്യത്തിൽ ശ്രദ്ധേയമാകും.

പക്ഷേ, വിഷയം ചർച്ചയാകുമ്പോൾ അത് ഏറ്റവും ഗുണംചെയ്യുക ബിജെപിക്കായിരിക്കും. എസ്എൻഡിപിയും എൻഎസ്എസും ഉൾപ്പെടെയുള്ള സംഘടനകളുടെ നിലപാടുകളിലാണ് അവരുടെ പ്രതീക്ഷ. വിഷയം ഇടത്, വലതു പാളയങ്ങളിൽ ചേരിതിരിവുണ്ടാക്കുമെന്നും അത് മുതലെടുക്കാമെന്നും ബിജെപി, ആർഎസ്എസ് നേതൃത്വം കണക്കുകൂട്ടുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ സിവിൽ കോഡ് വിഷയത്തിൽ രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കാനായാൽ അത് ബിജെപിക്ക് മുതൽക്കൂട്ടാകും. പക്ഷേ, വിഷയത്തിൽ അമിത പ്രാധാന്യം കൊടുക്കാത്ത നിലപാടാകും പാർട്ടി സ്വീകരിക്കുക. സിവിൽകോഡ് നടപ്പിലാക്കുന്നത് വിശദമായ ചർച്ചകൾക്കു ശേഷമാകുമെന്നും ആർക്കും ആശങ്കവേണ്ടെന്നുമാണ് ആദ്യഘട്ടത്തിൽ നേതാക്കൾ പ്രതികരിക്കുന്നത്. ഇക്കാര്യത്തിൽ പരിശോധനകൾ നടത്താൻ കേന്ദ്രമന്ത്രാലയം നിയമ കമ്മീഷനോട് ആവശ്യപ്പെടുകമാത്രമാണ് ചെയ്തിട്ടുള്ളത്. എല്ലാ മതവിഭാഗങ്ങളുടേയും അഭിപ്രായം ആരാഞ്ഞ ശേഷമേ നടപ്പാക്കൂ - ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു.