- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ച പൊലീസുകാരന്റെ ഫോട്ടോയെടുത്ത പൊതുപ്രവർത്തകൻ പൊല്ലാപ്പിലായി; പൊലീസുകാരുടെ വക തെറിയഭിഷേകം, ഭീഷണി, അപമാനം: ജനമൈത്രി പൊലീസിന്റെ പുതിയ മുഖം ഇങ്ങനെ
മലപ്പുറം: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച പൊലീസുകാരന്റെ ചിത്രം മൊബൈലിൽ പകർത്തിയ യുവാവിന് എസ്.ഐ അടക്കമുള്ളവരുടെ പീഡനം. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നിരവധി കേസുകൾ ചുമത്തുമെന്ന് എസ്.ഐ അടക്കമുള്ള പൊലീസുകാർ ഭീഷണിപ്പെടുത്തി. പൊലീസുകാർ ആടിനെ പട്ടിയാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു തിരൂർ സ്‌റ്റേഷനിൽ സംഭവിച്ചത്. ജനങ്ങൾ
മലപ്പുറം: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച പൊലീസുകാരന്റെ ചിത്രം മൊബൈലിൽ പകർത്തിയ യുവാവിന് എസ്.ഐ അടക്കമുള്ളവരുടെ പീഡനം. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നിരവധി കേസുകൾ ചുമത്തുമെന്ന് എസ്.ഐ അടക്കമുള്ള പൊലീസുകാർ ഭീഷണിപ്പെടുത്തി. പൊലീസുകാർ ആടിനെ പട്ടിയാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു തിരൂർ സ്‌റ്റേഷനിൽ സംഭവിച്ചത്. ജനങ്ങൾ പ്രതിഷേധവുമായി ഏറെ നേരം പൊലീസ് സ്‌റ്റേഷനിലെത്തിയതോടെ പൊലീസുകാർ പത്തിമടക്കി തലയൂരുകയായിരുന്നു. കഴിഞ്ഞ ദിവസം തുഞ്ചൻ സ്മാരക ഗവ.കോളേജിനു സമീപത്തു വച്ച് വൈകീട്ടായിരുന്നു സംഭവം. തിരൂർ വെട്ടം വാക്കാട് സ്വദേശിയും പൊതുപ്രവർത്തകനുമായ എ.പി ജലീൽ(29)നെയാണ് ഫോട്ടോ മൊബൈലിൽ പകർത്തിയതിെന്റ പേരിൽ പൊലീസ് പീഡിപ്പിച്ചത്.
ഇത്രയും പൊല്ലാപ്പുകളിൽ അകപ്പെടുമെന്നു കരുതിയല്ല ജലീൽ പൊലീസുകാരന്റെ ഫോട്ടോ പകർത്തിയത്. ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർക്കു പോലും ഹെൽമെറ്റ് നിർബന്ധമാക്കുമ്പോൾ നിയമപാലകർ തന്നെ ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ചതു കണ്ടാണ് ജലീൽ മൊബൈലിൽ പകർത്താൻ തുനിഞ്ഞത്. എന്നാൽ പിന്നീട് വാദി പ്രതിയാകുന്ന കാഴ്ചയായിരുന്നു. ഫോട്ടോയെടുക്കുന്നതു കണ്ട പൊലീസ് കോൺസ്റ്റബിൾ തെറിയഭിഷേകം ചൊരിഞ്ഞ് മൊബൈൽ പിടിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് പൊലീസുകാരൻ വിവരം കൈമാറിയതിനെ തുടർന്ന് ജൂനിയർ എസ്.ഐ കൈലാസ്‌നാഥ് സ്ഥലത്തെത്തുകയും വീണ്ടും യുവാവിനുനേരെ തെറിയും ഭീഷണിയും മുഴക്കുകയുമായിരുന്നു. തടിച്ചു കൂടിയ ആൾക്കൂട്ടത്തിനു മുന്നിൽ വച്ചായിരുന്നു പൊതു പ്രവർത്തകനായ ജലീലിനെ അസഭ്യം പറഞ്ഞതും മദ്യപിച്ച് ലക്കുകെട്ട് ഫോട്ടോ എടുത്തതാണെന്നു പറഞ്ഞ് പൊലീസുകാർ ആക്ഷേപിച്ചതും.
തുടർന്ന് ജൂനിയർ എസ്‌ഐ മൊബൈൽ ഫോൺ വാങ്ങി സ്‌റ്റേഷനിലേക്കു പോകുകയായിരുന്നു. മൊബൈൽ ആവശ്യപ്പെട്ട് സ്‌റ്റേഷനിൽ സമീപിച്ചവരോടു പറഞ്ഞിരുന്നത്, ജലീൽ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നും കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നുമായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജലീലിനെതിരെ കേസെടുക്കുമെന്നും പൊലീസുകാർ ഭീഷണിപ്പെടുത്തി. ഇതറിഞ്ഞ് നാട്ടുകാരും രാഷ്ട്രീയ നേതാക്കളും പൊലീസ് സ്‌റ്റേഷനിലെത്തി സി.ഐ, ഡിവൈ.എസ്‌പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ടു പ്രതിഷേധമറിയിച്ചതോടെ എസ്‌പി അടക്കമുള്ളവർ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയായിരുന്നു.
ജലീൽ മദ്യപിച്ചിട്ടുണ്ടോയെന്ന് വൈദ്യപരിശോധന നടത്തി തെളിയിക്കണമെന്ന് ജലീലും നാട്ടുകാരും പൊലീസിനോടു ആവശ്യപ്പെട്ടപ്പോൾ മദ്യപിച്ചിട്ടില്ലാത്ത ജലീലിനെ വൈദ്യപരിശോധന നടത്താൻ തുനിയാതെ പൊലീസ് മൊബൈൽ നൽകി വിട്ടയക്കുകയായിരുന്നു. ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്ന മട്ടിലാണ് എസ്.ഐയും പൊലീസുകാരും. ഇതോടെ സംഭവം പുറത്തറിയാതെയായി. 2011-12 വർഷത്തിൽ മികച്ച സാമൂഹ്യ സേവനത്തിനുള്ള ജനമൈത്രി പൊലീസ് അവാർഡ് ജലീലിന് ലഭിച്ചിരുന്നു.
കഴിഞ്ഞമാസമാണ് സംസ്ഥാനത്തെ പൊലീസുകാർക്കായി ഡിജിപി സെൻകുമാർ പുതിയ പെരുമാറ്റ ചട്ടം പുറത്തിറക്കിയത്്. എടാ, പോടാ വിളിയുൾപ്പടെ ഇനി പാടില്ലെന്നും പൊതുജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണമെന്നും ഈ സർക്കുലറിൽ പറയുന്നുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച് തൊട്ടടുത്ത ദിവസം തന്നെ തിരൂർ സ്റ്റേഷനിൽ നിന്നും പുറത്തു വന്ന ലോക്കപ്പ് മർദനം സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ഈ ഉത്തരവുകളെല്ലാം കാറ്റിൽ പറത്തി ചട്ടങ്ങൾക്കെല്ലാം പുല്ലുവില കൽപിച്ച് ഇപ്പോഴും പൊലീസുകാരുടെ പെരുമാറ്റം പഴയപടി തന്നെയാണ്. നിരപരാധിയുടെ മേൽ പൊലീസുകാരുടെ അസഭ്യവർഷങ്ങൾക്കും ഭീഷണികൾക്കുമുള്ള ഒടുവിലത്തെ അനുഭവമാണ് ജലീലിന്റേത്.ട്രെയ്‌നിങ് പൂർത്തിയാക്കി പുതുതായി സർവീസിൽ കയറിയവർക്കാണ് പൊതുജനങ്ങളോടുള്ള മോശമായ ഇടപെടൽ കൂടുതലായുള്ളതെന്ന് ഈയിടെയായുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നു.