തിരുവനന്തപുരം: മുൻകാലങ്ങളെ അപേക്ഷിച്ച് സിവിൽ സർവ്വീസിൽ മലയാളികൾ നേട്ടം കൊയ്യുന്നതാണ് സമീപകാല കാഴ്‌ച്ചകൾ.ഇന്നലെ പ്രസിദ്ധികരിച്ച റിസൾട്ടിലും മികച്ച നേട്ടവുമായി അഭിമാനമാവുകയാണ് മലയാളി ഉദ്യോഗാർത്ഥികൾ.ആദ്യ പത്തിൽ എത്തിയില്ലെങ്കിലും ഉദ്യോഗാർത്ഥികളുടെ നേട്ടം ചെറുതല്ല.21 ാം റാങ്ക് നേടിയ ദിലീപ് കെ.കൈനിക്കരയാണ് റാങ്കിൽ മുൻപന്തിയിൽ.

സിവിൽ സർവീസ് പരീക്ഷയിലെ ഉന്നത വിജയത്തിൽ സന്തോഷമുണ്ടെന്ന് ദിലീപ് കെ.കൈനിക്കര. മൂന്നാമത്തെ ശ്രമത്തിൽ 21ാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി തീർന്നിരിക്കുകയാണ് ദിലീപ്. ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഇലക്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ജോലി നേടി കൊറിയയിലെത്തി.

മൂന്ന് വർഷം കൊറിയയിൽ ജോലി ചെയ്ത ശേഷം സിവിൽ സർവീസ് പരിശീലനത്തിനായി 2018 ൽ ജോലി രാജി വച്ച് ദിലീപ് നാട്ടിൽ തിരിച്ചെത്തി. മൂന്നാമത്തെ ശ്രമത്തിൽ ഐഎഎസിനെ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.26-ാം വയസ്സിൽ 317-ാം റാങ്ക് നേടി ആ ആഗ്രഹത്തിന്റെ ഫിനിഷിങ് പോയിന്റിൽ എത്തിയിരിക്കുകയാണ് ഈ പത്തനംതിട്ട സ്വദേശിനി ഹൃദ്യ.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിവിൽ സർവീസ് മോഹം ഹൃദ്യയുടെ മനസ്സിൽ മൊട്ടിട്ടത്. കാലം കഴിയുന്നതനുസരിച്ച് അത് ഏറിയും കുറഞ്ഞും വന്നെങ്കിലും മറ്റൊരു ജോലിയെ കുറിച്ച് ഹൃദ്യ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.ഡിഗ്രി കഴിഞ്ഞ ദിവസം എല്ലാവരും പിജി സീറ്റിനെ കുറിച്ച് ചിന്തിച്ചപ്പോൾ ഹൃദ്യ ആലോചിച്ചത് സിവിൽ സർവീസ് പഠനത്തിന് ഏത് കോച്ചിങ് സെന്റർ തിരഞ്ഞെടുക്കുമെന്നാണ്. പിന്നീട് നടന്നത് തന്നോട് തന്നെയുള്ള പോരാട്ടത്തിന്റെ ദിനങ്ങളായിരുന്നുവെന്ന് ഹൃദൃ പറയുന്നു. മൂന്നാം വട്ട ശ്രമത്തിലാണ് സിവിൽ സർവീസ് ലഭിക്കുന്നത്. ആദ്യ രണ്ടുശ്രമത്തിലും പ്രിലിംസ് പോലും കടന്നിരുന്നില്ല.

രണ്ടാമത്തെ വട്ടവും പ്രിലിംസിൽ പരാജയപ്പെട്ടപ്പോൾ വല്ലാത്തൊരു നിരാശയായിരുന്നു. വല്ലാത്തൊരു നാളുകളായിരുന്നു അവ. പഠിച്ച് എങ്ങും എത്താതെ പോവുമെന്ന തോന്നലായിരുന്നു. പക്ഷേ ശ്രമിച്ചാൽ എനിക്ക് കിട്ടും, എവിടെയോ എന്റെ പഠനരീതിയിൽ പാളിച്ചയുണ്ടെന്ന് മനസിലാക്കി. പിന്നെയും പഠനത്തിന്റെ നാളുകളായിരുന്നു. രണ്ട് തവണയും പ്രിലിംസിന് പരാജയപ്പെട്ട് മൂന്നാമത്തെ തവണ പ്രിലിംസ് വിജയിച്ചുവെന്ന് അറിഞ്ഞപ്പോൾ പൊട്ടികരഞ്ഞുപോയി.

ഒന്നാമത്തെ കാര്യം പരീക്ഷയെ നന്നായി മനസിലാക്കി, മുൻകാല പരീക്ഷ പേപ്പറുകൾ കൃത്യമായി വർക്കൗട്ട് ചെയ്തു. കോർ സബ്ജക്റ്റുകൾ നല്ലവണ്ണം റിവിഷൻ ചെയ്തു. പിന്നീട് കറണ്ട് അഫയേർസിന് എന്റെ തന്നെ നോട്സ് ഉണ്ടാക്കി, ദിവസേന 8 മണിക്കൂർ പഠിക്കുമായിരുന്നു. ഇതിൽ യാതൊരു വിട്ടുവീഴ്‌ച്ചയുമുണ്ടായിരുന്നില്ല.

അച്ഛൻ റിട്ടയേർഡ് തഹസിൽദാരാണ്. അമ്മ കലക്ട്രേറ്റിൽ സൂപ്രണ്ടാണ്. അവർക്ക് എന്റെ ആഗ്രഹം നന്നായി അറിയാവുന്നതുകൊണ്ട് മികച്ച പിന്തുണയാണ് തന്നിരുന്നത്. ഒരോ തോൽവിയിലും ശക്തിയായി അവർ ഒപ്പം ഉണ്ടായിരുന്നു. എങ്കിലും പിഎസ്‌സിക്ക് ശ്രമിക്കാൻ വീട്ടുകാർ നിർദേശിച്ചിരുന്നു. പിഎസ്‌സിക്ക് പഠിക്ക് എന്ന ഉപദേശം പലരിൽ നിന്നും ലഭിച്ചിരുന്നു എന്നാലും എന്റെ മനസിൽ വേറെ ചിന്തയുണ്ടായിരുന്നില്ല. പിഎസ്‌സി പ്രിലിമിനറി പരീക്ഷയൊക്കെ കടന്നിരുന്നു

വരുന്നതിന് മുൻപ് വിജയിച്ചവരുടെ വീഡിയോകൾ കണ്ട് പഠനരീതി അറിയുക. ഈ പരീക്ഷയെ കുറിച്ച് വ്യക്തമായി മനസിലാക്കുകയെന്നതാണ് ആദ്യ കടമ്പ. കോച്ചിങ് ആവശ്യമുണ്ടോയെന്ന് സ്വയം പഠിച്ച് മനസിലാക്കുക. മുൻകാല പരീക്ഷ പേപ്പറുകളിൽ വ്യക്തത വേണം. എറ്റവും പ്രധാനം നമ്മളിൽ തന്നെ വിശ്വാസം വേണം.

പ്രിലിംസായിരുന്നു എനിക്ക് ബുദ്ധിമുട്ട് ഏറിയത്. മെയിൻ പരീക്ഷയ്ക്കായി മലയാളമായിരുന്നു തിരഞ്ഞെടുത്ത വിഷയം. ചെറുപ്പം മുതലേ മലയാളം എനിക്ക് വളരെ ഇഷ്ടമായിരുന്നു. സാഹിത്യത്തിലും താത്പര്യമുണ്ടായിരുന്നു. ഐഎഎസ് കിട്ടിയില്ലെങ്കിൽ ഇനി എന്ത് എന്നതിനെ കുറിച്ച് ഇത് വരെ തീരുമാനിച്ചിട്ടില്ല.