ആലപ്പുഴ : കായംകുളം കായലിലെ മണൽഖനനം സംബന്ധിച്ച വിവാദത്തിൽ സി കെ സദാശിവൻ എം എൽ എ പ്രതിക്കൂട്ടിലായി. കായംകുളം പൊഴിയിലെ കരിമണലിൽ സ്വകാര്യസോഫ്റ്റ് വെയർ കമ്പനി നടത്തുന്ന ഡ്രെഡ്ജിംഗിനെതിരേ ഉദ്യോഗസ്ഥരും വിദഗ്ധരും രംഗത്തു വന്നിട്ടും എം എൽ എ സി പി എം നയത്തിനു വിരുദ്ധമായി ഡ്രെഡ്ജിംഗിനുവേണ്ടി വാശിപിടിക്കുന്നുവെന്നാരോപിച്ചാണു വിവാദം. കായംകുളം കായലിലെ ഡ്രെഡ്ജിങ് എളുപ്പത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എം എൽ എയുടെ കത്തു ചൂണ്ടിക്കാട്ടിയാണ് ഇവിടെ വിവാദമുയർത്തുന്നത്.

കായംകുളം കായലിൽ എക്കലും മണലുമാണെന്നും അതു സ്വകാര്യകമ്പനിയെക്കൊണ്ടു മാറ്റിച്ച് ഗതാഗതത്തിനു സൗകര്യമുണ്ടാക്കണമെന്നുമാണ് എം എൽ എയുടെ നിലപാട്. ധാതുസമ്പുഷ്ടമായ ഇവിടത്തെ കരിമണലിൽ ധാരാളമായി ഇൽമനേറ്റും തോറിയവുമുണ്ടെന്നു ജിയോളജി വകുപ്പ് പറയുന്നു. അവിടെ ഖനനം നടത്താൻ സ്വകാര്യകമ്പനികൾക്ക് അനുവാദമില്ലെന്നുള്ള വകുപ്പിന്റെ റിപ്പോർട്ടിനെത്തുടർന്നു ജില്ലാകളക്ടർ കഴിഞ്ഞ 13നു ഖനനം നിർത്തവയ്പിച്ചു.

ഖനനത്തെ എതിർത്തവരെ എം എൽ എ വാർത്താസമ്മേളനം നടത്തി വികസന വിരോധികളെന്ന് ആക്ഷേപിച്ചു. ഖനനം എന്തുവില നൽകിയും തടയുമെന്നു പഞ്ചായത്തു ജനപ്രതിനിധികളും കെ പി സി സി സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ കെ പി ശ്രീകുമാറും പ്രഖ്യാപിച്ചു. എം എൽ എ സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിക്ക് ഖനനത്തിനായി ഒത്താശ ചെയ്യുന്നതായി കെ പി ശ്രീകുമാർ ആരോപിച്ചു. തെളിവുകൾ നിരത്താൻ തയ്യാറെന്നും ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വിവാദം മൂത്തതോടെ പ്രദേശത്തെ ജനപ്രതിനിധികളുടെയും കെ. സി വേണുഗോപാൽ എം പിയുടെയും നേതൃത്വത്തിൽ അവിടെ പ്രക്ഷോഭവും പൊതുയോഗവും സംഘടിപ്പിച്ചിരിക്കുകയാണ്.

ആയിരം കോടി രൂപ വില മതിക്കുന്ന കായംകുളം കായലിലെ ധാതുസമ്പുഷ്ടമായ പ്രദേശത്തു സ്വകാര്യകമ്പനി നടത്തിവന്നിരുന്ന ഡ്രെഡ്ജിംഗാണു പ്രതിഷേധത്തെത്തുടർന്നു നിർത്തിവച്ചിരിക്കുന്നത്. അതു തുടരണമെന്ന ആവശ്യവുമായാണ് കായംകുളം എം എൽ എ, സി കെ സദാശിവൻ രംഗത്തെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് എം എൽ എ ഇൻലാൻഡ് നാവിഗേഷൻ ഡിവിഷൻ, വി എസ് അച്യുതാനന്ദൻ, നാവിഗേഷൻ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ സമർപ്പിച്ച കത്തിൽ, കായലിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവിടെനിന്നെടുക്കുന്ന മണൽ കമ്പനിക്കാർ കടത്തിക്കൊണ്ടുപോകുകയായിരുന്നു. സോഫ്റ്റ് വെയർ കമ്പനിക്ക് എന്താണു കരിമണൽ താത്പര്യമെന്നതു ദുരൂഹമാണ്.

എന്നാൽ എം എൽ എയുടെ കത്തിനു മറുപടിയായി ഖനനം സാദ്ധ്യമല്ലെന്നും കായലിൽ സമ്പുഷ്ടമായ ധാതുലവണങ്ങൾ അടങ്ങിയ മണലാണെന്നുമാണ് 13.2.2015 ൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സർക്കാരിന് നൽകിയിട്ടുള്ള കത്തിൽ പറഞ്ഞിട്ടുള്ളത്. ഈ ഉത്തരവിനെ മറികടന്നാണ് 4.5 കിലോമീറ്റർ കായൽ പരപ്പിൽനിന്നും 3.5 ലക്ഷം ഘനമീറ്റർ മണൽ ഖനനം നടത്താൻ സ്വകാര്യ മേഖലയിൽനിന്നുള്ള കമ്പനികൾക്ക് ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്. 4.4 കോടി മാത്രം അടച്ചാൽ 1000 കോടിയുടെ മണൽ കടത്താനൊരുങ്ങിയ കമ്പനി ഇപ്പോൾ പ്രതിഷേധത്തെ തുടർന്ന് ഖനനം നിർത്തിവച്ചിരിക്കുകയാണ്.

കായലിൽ കരിമണലിന്റെ വൻനിക്ഷേപം ഉണ്ടെന്ന് പകൽപോലെ അറിയാവുന്നവരാണ് സ്വകാര്യമേഖലയ്ക്ക് ഖനനത്തിനുവേണ്ടി പ്രവർത്തിക്കുന്നത്. ലോകത്തെ ഞെട്ടിച്ച സുനാമി താണ്ഡവമാടിയ മേഖലയാണ് ഇത്. ഇവിടെ ദുരന്തത്തിൽ 24 ജീവനുകളാണ് പൊലിഞ്ഞത്. അന്നുണ്ടായ ശക്തമായ തിരമാലയിൽ ഒലിച്ചെത്തിയ കരിമണലാണ് ഈ കമ്പനികളുടെയും ലക്ഷ്യം.

അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്‌സും, കെ എം എം എല്ലും ധാതുമണൽ ലഭ്യമാകാതെ പൊറുതിമുട്ടുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് ഖനനത്തിന് അനുമതി ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയത്. നേരത്തെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സി പി എം അടക്കമുള്ള പാർട്ടികൾ ശക്തമായ സമരം സർക്കാരിനെതിരെ നടത്തിയിരുന്നു. ഖനനം പൊതുമേഖലയിൽ മാത്രമെ അനുവദിക്കുകയുള്ളുവെന്ന നിലപാടിലാണു സി പി എം. എന്നാൽ പാർട്ടിയുടെ സംസ്ഥാന സമിതി അംഗം കൂടിയായ എം എൽ എ നയങ്ങളിൽനിന്നും പിന്നോട്ടുപോയതായി കെ പി ശ്രീകുമാർ പറഞ്ഞു. ഇതിന് പാർട്ടി മറുപടി പറയണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടു.