മലപ്പുറം: സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ എംഎസ്എഫ് മലപ്പുറത്ത് നടത്തിയ മാർച്ചിൽ സംഘർഷം. മാധ്യമപ്രവർത്തകനെ പൊലീസ് ലാത്തികൊണ്ട് തലക്കടിച്ചു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എംഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ഫവാസിന് പൊലീസ് അതിക്രമത്തിൽ ഗുരുതര പരിക്കേറ്റു. എംഇഎസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.മാതൃഭൂമി ഫോട്ടോഗ്രാഫർ കെ ബി സതീഷ് കുമാറിന് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ സംസ്ഥാന വ്യാപകമായി എംഎസ്എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.മാതൃഭൂമി മലപ്പുറം യൂനിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ കെ.ബി സതീഷ് കുമാറിനെ പൊലീസ് ലാത്തികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൈയിൽ കാമറയുണ്ടായിട്ടും ഫോട്ടോഗ്രാഫറാണെന്ന് പറഞ്ഞിട്ടും മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ സന്തോഷും സഹ പൊലീസുകാരും മനപ്പൂർവം ആക്രമണമഴിച്ചുവിടുകയായിരുന്നു. മാരകമായി മുറിവേറ്റ സതീഷിന്റെ തലയിൽ സ്റ്റിച്ചുകളുണ്ട്.

ദൃശ്യങ്ങൾ പകർത്തുകയായിരുന്ന സിറാജ് ദിനപത്രം ഫോട്ടോഗ്രാഫർ പി.കെ നാസറിന്റെ പിന്നാലെയും ചെന്ന് അടിക്കാൻ ശ്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും ജോലി ചെയ്യാൻ നിർബന്ധിതരായ മാധ്യമപ്രവർത്തകരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസ് ആക്രമിച്ചതിനെ ശക്തമായി അപലപിക്കുന്നു.

എഎസ്ഐ സന്തോഷ് മുമ്പും പലതവണ മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. ഇദ്ദേഹമടക്കം കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ മുബാറക്കും സെക്രട്ടറി കെ.പി.എം റിയാസും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾക്കും പരാതി നൽകി.

അതേ സമയം ഇന്ന് നടന്ന കളക്റ്റ്രേറ്റ് മാർച്ചിൽ പൊലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം 4:30 മണിക്ക് എം.എസ്.എഫ് മലപ്പുറം മുസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തും.