ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ണൻ പട്ടികജാതി കോളനിയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. ഇന്നലെ അർധരാത്രി പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം. പെട്രോളിംഗിനിടെ കോളനിയിലെ ഒരു വീട്ടിൽ പൊലീസ് സംഘം അതിക്രമിച്ച് കയറി സ്ത്രീകളെയും വയോധികരെയും അടക്കം മർദിച്ചുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ വീടിന് മുന്നിൽ സംശയകരമായി രണ്ട് പേരെ കണ്ടപ്പോൾ ചോദ്യം ചെയ്തതിന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ചാമ്പക്കണ്ണൻ പട്ടികജാതി കോളനിയിൽ ഇന്നലെ അർധ രാത്രിയിലാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. കരീലക്കുളങ്ങര ഗ്രേഡ് എസ് ഐയും രണ്ട് പൊലീസുകാരുമടങ്ങുന്ന സംഘം അർദ്ധരാത്രിയിൽ പെട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.അജിത്ത്, ശരത്ത് എന്നീ സഹോദരങ്ങളുടെ വീടിന് മുന്നിൽ ഒരു ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നതും സമീപത്തായി രണ്ട് പേർ നിന്ന് സംസാരിക്കുന്നതും കണ്ടാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്.മദ്യലഹരിയിലാണെന്ന് സംശയിക്കപ്പെടുന്ന യുവാക്കൾ ഉടൻ തന്നെ പൊലീസുകാരുമായി തട്ടിക്കയറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാൽ പൊലീസ് ചോദിച്ചപ്പോൾ വീട്ടിലെ താമസക്കാരായ രാജീവിന്റെയും ശരത്തിന്റെയും സുഹൃത്തുക്കളാണെന്നും ഇവരെ കാണാൻ എത്തിയതാണെന്നും മറുപടി നൽകിയെന്നും അർധരാത്രി വരേണ്ട ആവശ്യം എന്തെന്ന് ചോദിച്ച് പൊലീസുകാർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തുവെന്നുമാണ്് നാട്ടുകാർ പറയുന്നത്. പിന്നാലെ ഇത് ചോദ്യം ചെയ്ത് വീട്ടിലുള്ളവരും നാട്ടുകാരും എത്തി. ഈ സമയം സ്ത്രീകളടക്കമുള്ള കോളനിക്കാരെ പൊലീസ് മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തന്നാണ് പരാതി.

സ്വന്തം വീടിന് മുന്നിൽ നിന്നവരെ പ്രകോപനമില്ലാതെ പൊലീസ് മർദ്ദിക്കുകയായിരുന്നുവെന്നും ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമം നടന്നുവെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ സംഘടിച്ചെത്തി പൊലീസ് സംഘത്തെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തു. കായംകുളം ഡിവൈഎസ്‌പിയും സംഘവും എത്തിയാണ് പൊലീസുകാരെ കോളനിക്കുള്ളിൽ നിന്നും പുറത്തേക്കെത്തിച്ചത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുമായുള്ള സംഘർഷത്തിൽ പരിക്കേറ്റുവെന്ന് കാണിച്ച് സ്ത്രീകളുൾപ്പെടെ എട്ടുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പൊലീസ് നടപടി തടസ്സപ്പെടുത്തിയെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് രണ്ട് പേർക്കെതിരേ കേസെടുത്തിരിക്കുന്നത്.