- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ് ഹൗസിലെ സുരക്ഷാ ജീവനക്കാരനായ പൊലീസുകാരൻ ജീവനൊടുക്കിയത് അയൽവാസി സ്ത്രീയുമായുള്ള തർക്കത്തെ തുടർന്ന്; ചേട്ടന്റെ വിവാഹം മുടങ്ങിയതിൽ അയൽക്കാരിയും അനീഷും തമ്മിലെ തർക്കം പരാതിയായി; ജോലി നഷ്ടമാകുമെന്ന ഭീതിയിൽ ആത്മഹത്യ; ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗത്തിലെ പൊലീസുകാരനെ തീവണ്ടി തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. ആത്മഹത്യാ കുറിപ്പ് അടക്കം കണ്ടെടുത്തതായി പൊലീസ് പറയുന്നു. ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം, കല്ലൂർക്കോണം, മണലിവിളവീട്ടിൽ പരേതനായ വർഗീസിന്റെയും ലീലയുടെയും മകൻ അനീഷ് സേവ്യർ(32)ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയിൽവേ മേൽപ്പാലത്തിനു സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അനീഷ് ജീവനൊടുക്കിയത് എന്തിനാണെന് സംശയം ഉയർന്നിരുന്നു. അയൽവാസികളുമായി ഉണ്ടായിരുന്ന തർക്കമാണ് സംഭവം ദുരൂഹമാക്കിയത്. അയൽവാസിയായ സ്ത്രീയുടെ പരാതിയിൽ പാറശ്ശാല പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചതിനെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ചേട്ടൻ അനൂപിന്റെ വിവാഹം മുടങ്ങിയതു സംബന്ധിച്ച് അയൽവാസിയായ സ്ത്രീയും അനീഷും തമ്മിൽ വാക്കുതർക്കമാണ് ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ഇതിനിടെ അനീഷ് അടിച്ചെന്ന് പറഞ്ഞ് ഇവർ പാറശ്ശാല പൊലീസിൽ പരാതി നൽകി. അനീഷിന്റെ ശരീരത്തിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ അയൽവാസിയായ സ്ത്രീയുടെ മാനസികപീഡനമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് എഴുതിയിട്ടുള്ളത് എന്ന് പൊലീസ് പറഞ്ഞു.
അയൽവാസിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനീഷിനെ സ്റ്റേഷനിൽ വിളിപ്പിക്കുകയായിരുന്നെന്നും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം കേസ് എടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്നും പാറശ്ശാല പൊലീസ് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോയാൽ ജോലി നഷ്ടപ്പെടുമെന്ന ഭീതി അനീഷിനുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
മറുനാടന് മലയാളി ബ്യൂറോ