തിരുവനന്തപുരം: നായനാർ പട്ടിയെ കുളിപ്പിക്കുമെന്ന് പറഞ്ഞ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിക്കാൻ പിണറായി വിജയന് മോഹമോ? പണികഴിപ്പിച്ച നാൾ മുതൽ വിവാദത്തിലായ ക്ലിഫ് ഹൗസിലെ നീന്തൽ കുളം നവീകരിക്കുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1992ൽ പണിത ക്ലിഫ് ഹൗസിലെ നീന്തൽക്കുളമാണ് പിണറായി വിജയൻ നവീകരിക്കാൻ ഒരുങ്ങുന്നതായി മംഗളവും മാതൃഭൂമിയും റിപ്പോർട്ട് ചെയ്തു. മാതൃഭൂമിക്ക് വേണ്ടി ചീഫ് റിപ്പോർട്ടർ അനിൽ കുമാറും മംഗളത്തിനു വേണ്ടി ചീഫ് റിപ്പോർട്ടർ 
എസ് നാരായണനുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കെ കരുണാകരൻ പൊതു ഖജനാവിലെ പണം ഉപയോഗിച്ച് നിർമ്മിച്ചതിന് വലിയ വിവാദത്തിനും വിമർശനത്തിനും ഇടയാക്കിയ കുളമാണ് ഇപ്പോൾ പിണറായി വിജയൻ ഖജനാവിൽ നിന്നും പണം മുടക്കി നവീകരിക്കുന്നത്.  ഉപയോഗ ശൂന്യമായി കിടക്കുന്നതിനാൽ കുളത്തിൽ നിന്നുള്ള കൊതുകു ശല്യം ഒഴിവാക്കാനാണ് നവീകരിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം. വിനോദ സഞ്ചാര വകുപ്പിന്റെ മേൽ നോട്ടത്തിൽ സിപിഎം. നിയന്ത്രണത്തിലുള്ള ലേബർ സഹകരണസംഘത്തിനാണ് നീന്തൽക്കുളത്തിന്റെ നവീകരണച്ചുമതല.

പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾ സാധാരണ നിർവഹിക്കുന്നതെങ്കിലും ക്ലിഫ്ഹൗസിലെ നീന്തൽക്കുളത്തിന്റെ പൊളിച്ചുപണി വിനോദസഞ്ചാര വകുപ്പിനാണ് സർക്കാർ കൈമാറിയത്. പഴയ ടൈലുകൾ മാറ്റി പുതിയത് പാകുന്ന പണ തുടങ്ങിക്കഴിഞ്ഞു. നടന്നുവരുന്നത്. അതേസമയം നവീകരണത്തിന് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന വിവരം സർക്കാരിൽനിന്ന് ലഭ്യമായിട്ടില്ല.

കുളം കുത്തിയത് ഇങ്ങനെ

കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1992ലാണ് കുളം നിർമ്മിച്ചത്. 92 ജൂലൈയിൽ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ കരുണാകരന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. തുടർന്ന് കുറേക്കാലം ചികിത്സകൾ നടത്തി. കാൽമുട്ടിലെ വേദന സുഖം പ്രാപിക്കുന്നതിന് ഡോക്ടർമാർ ചൂടുവെള്ളത്തിലുള്ള നീന്തിക്കുളിയാണ് അദ്ദേഹത്തിന് നിർദ്ദേശിച്ചത്. ആദ്യമൊക്കെ ദിവസവും തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലായിരുന്നു ചൂടുവെള്ളത്തിലുള്ള അദ്ദേഹത്തിന്റെ നീന്തിക്കുളി. ഇത് വിവാദമായതോടെ ക്ലിഫ് ഹൗസിൽ തന്നെ അദ്ദേഹം കുളം നിർമ്മിക്കുകയായിരുന്നു.

പൊതുഖജനാവിലെ പണം ഉപയോഗിച്ച് കുളം കുത്തിയത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. പ്രതിപക്ഷം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. അക്കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ കെ നയനാർ . താൻ അധികാരത്തിലെത്തിയാൽ തന്റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്നാണ് പറഞ്ഞത്. ഇതും വാർ്ത്തകളിൽ നിറഞ്ഞിരുന്നു.

മുന്നണിക്കുള്ളിലെ കലാപത്തെത്തുടർന്ന് കരുണാകരൻ അധികാരമൊഴിഞ്ഞപ്പോൾ മന്ത്രി ജി. കാർത്തികേയന്റെ ഔദ്യോഗികവസതിയായി ക്ലിഫ് ഹൗസ്. ഔദ്യോഗിക വസതിയൊഴിഞ്ഞെങ്കിലും ലീഡർക്ക് നീന്തൽക്കുളം ഉപയോഗിക്കാമെന്ന കാർത്തികേയന്റെ വാഗ്ദാനം കരുണാകരൻ സ്നേഹപൂർവം നിരസിച്ചു.

പിന്നീട് ഇ.കെ. നായനാർ, എ.കെ. ആന്റണി, വി എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവർ മുഖ്യമന്ത്രിമാരായി ക്ലിഫ് ഹൗസിൽ താമസിച്ചെങ്കിലും ആരും നീന്തൽക്കുളം ഉപയോഗിച്ചില്ല. ക്ലിഫ് ഹൗസ് വളപ്പിൽ മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങൾ കൃഷി ചെയ്തെങ്കിലും നീന്തൽക്കുളം നവീകരിക്കാൻ ശ്രമിച്ചില്ല. ഈ കുളമാണ് ഇപ്പോൾ പിണറായി വിജയൻ പുതുക്കി പണിയുന്നത്.