പാരീസ്: കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാനായി പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും കണ്ടുമുട്ടിയപ്പോൾത്തന്നെ ഗൗരവമേറിയ ചർച്ചയിൽ മുഴുകി. ഉച്ചകോടിക്ക് പോകുംവഴി വി.ഐ.പി. ലോഞ്ജിൽവച്ചാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്. പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചും സൗഹൃദം പുതുക്കിയ നേതാക്കൾ, മാറിയിരുന്ന് മൂന്ന് മിനിറ്റോളം ഗൗരവചർച്ചകൾ നടത്തുകയും ചെയ്തു.

മുൻകൂട്ടി ആസൂത്രണം ചെയ്യാതെ നടത്തിയ ഈ ചർച്ചയിൽ ഗൗരവപ്പെട്ട ഏതാനും കാര്യങ്ങൾ പങ്കുവച്ചതായി പിന്നീട് നവാസ് ഷെരീഫ് വ്യക്തമാക്കി. നല്ല അന്തരീക്ഷത്തിൽ നടന്ന ചർച്ച പ്രതീക്ഷാനിർഭരമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇരുവർക്കും ശുഭാപ്തി വിശ്വാസമാണുള്ളതെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ കാലാവസ്ഥ മാറുമെന്ന പ്രതീക്ഷ പകരുന്ന ചർച്ചയാണ് ഇരുനേതാക്കളും നടത്തിയതെന്നാണ് പാക് അധികൃതർ നൽകുന്ന സൂചന. തുറന്ന മനസ്സോടെയുള്ള ചർച്ചയാണ് നടന്നതെന്നും അവർ പറയുന്നു. എന്നാൽ, ഇന്ത്യൻ അധികൃതർ ഈ ചർച്ചയ്ക്ക് കാര്യമായ പ്രാധാന്യം കൽപിച്ചിട്ടില്ല. യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് ഒരേ മുറിയിൽ കണ്ടുമുട്ടിയപ്പോൾ നടത്തിയ ചർച്ചയെന്നതിനപ്പുറം പ്രാധാന്യം ഇതിനില്ലെന്നും അവർ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ കൂടിക്കാഴ്ച സംബന്ധിച്ച് എന്തെങ്കിലും പ്രസ്താവന നടത്തിയില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാൽ,ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്ന വേളയിൽ, ഉന്നത തലത്തിൽ അവിചാരിതമായൊരു ചർച്ച രൂപപ്പെട്ടുവന്നതിനെ പ്രാധാന്യത്തോടെയാണ് നയതന്ത്ര തലത്തിൽ വിലയിരുത്തുന്നത്. വി.ഐ.പി. ലോഞ്ചിൽവച്ച് മോദി മറ്റു പല രാഷ്ട്ര നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബൊളീവിയ, അഫ്ഗാനിസ്താൻ, ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാരെയാണ് മോദി കണ്ടത്. എന്നാൽ, നവാസ് ഷെരീഫുമായുള്ള മോദിയുടെ കൂടിക്കാഴ്ച അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യം കൈവരിക്കുകയായിരുന്നു. ഇന്ത്യ-പാക് സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ മുതൽ, ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര ശ്രീലങ്കയിൽ നടത്തുന്ന കാര്യം വരെ നേതാക്കൾ ചർച്ചചെയ്തതായി അഭ്യൂഹം പരക്കുകയും ചെയ്തു.

പാക്ക് പ്രധാനമന്ത്രിക്കു കൈകൊടുക്കുന്ന മോദിയുടെ ചിത്രം വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പിന്നാലെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജൂണിൽ റഷ്യയിലെ ഉഫായിൽ നടന്ന ഉച്ചകോടിയിൽവച്ചായിരുന്നു മോദിയും ഷരീഫും അവസാനമായി കണ്ടത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായും മോദി കൂടിക്കാഴ്ച നടത്തി. തുടർന്നു സംയുക്ത മാദ്ധ്യമസമ്മേളനവും നടത്തി. ആഗോളതാപനത്തിനെതിരെ നടപടിയുടെ കാര്യത്തി!ൽ ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന ധാരണയായെന്നു നേതാക്കൾ അറിയിച്ചു. ഇന്ത്യയ്ക്കും വികസനപാതയിൽ മുന്നേറാൻ അവകാശമുണ്ടെന്ന് ഒബാമ പറഞ്ഞപ്പോൾ, വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുമെന്നു മോദി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇന്ത്യയുടെ ഉത്തരവാദിത്തങ്ങൾ തീർച്ചയായും നിറവേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദുമായും കൂടിക്കാഴ്ച നടത്തിയ മോദി, ഉച്ചകോടിയിൽ ഇന്ത്യയുടേതു ക്രിയാത്മക മനോഭാവമായിരിക്കുമെന്ന് ഉറപ്പു നൽകി. രാജ്യങ്ങളേറ്റെടുക്കുന്ന ചുമതലകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തരീഷമലിനീകരണത്തിന്റെ മുഖ്യകേന്ദ്രം വികസിതരാജ്യങ്ങളാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിക്ക് നൽകിയത്. കുറഞ്ഞ ചെലവിൽ ഹരിതഊർജം ലോകത്തിനു ലഭ്യമാക്കാൻ വികസിതരാജ്യങ്ങൾ നേതൃത്വം നൽകകണമെന്നും കാലാവസ്ഥ ഉച്ചകോടിയിൽ മോദി നിർദേശിച്ചു. ഭൂമിയെയും മനുഷ്യനെയും വേർതിരിച്ചുകാണാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പുനരുപയോഗസാധ്യമായ ഊർജമാർഗങ്ങൾ വ്യാപകമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിച്ചു.

ഹരിതഊർജത്തിനായുള്ള സാങ്കേതികവിദ്യയും സംവിധാനവും ഇന്ത്യക്കുണ്ട്. വേണ്ടത് ഇച്ഛാശക്തിയുള്ള ആഗോളനേതൃത്വമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഏറെ വെല്ലുവിളിയുയർത്തുന്ന ആഗോള വിപത്താണ്. എന്നാൽ അതു തുടങ്ങിവച്ചത് ഇന്ത്യയല്ല. ഉച്ചകോടിയിലെ തീരുമാനങ്ങൾ സുപ്രധാനമാണ്. ആഗോള താപനത്തിനെതിരെ നടപടിയെടുക്കാൻ വികസിത രാജ്യങ്ങൾക്കു മുഖ്യ ഉത്തരവാദിത്തമുണ്ട്-പ്രധാനമന്ത്രി പറഞ്ഞു.