ഗോളതാപനവും അതിനെത്തുടർന്ന് ലോകമാകമാനമുണ്ടാകുന്ന അപകടകരമായ കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന ഭീഷണിയെ നേരിടുന്നതിനുള്ള സത്വര നടപടികളെക്കുറിച്ചാലോചിക്കാൻ വിവിധ രാജ്യങ്ങളുടെ തലവന്മാർ പാരീസിൽ ഒത്തുചേർന്നിരിക്കുകയാണല്ലോ.. ഇതിനെ നേരിടാൻ തങ്ങളാൽ കഴിയുന്ന പരിഹാരമാർഗങ്ങളും മുൻകരുതലുകളും അനുവർത്തിക്കുമെന്ന് ഭൂരിഭാഗം രാഷ്ട്രനേതാക്കളും പ്രസ്തുത ഉച്ചകോടിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

ഇതിനോടനുബന്ധിച്ച് നിലവിൽ ലോകത്തിന്റെ കാലാവസ്ഥ നല്ല രീതിയിൽ കാത്ത് സൂക്ഷിക്കുന്നതിന് ഓരോ രാജ്യവും അനുവർത്തിക്കുന്ന കാര്യങ്ങളെ വിലയിരുത്തി ഓരോ രാജ്യത്തിന് റാങ്കിങ് നിർണയിച്ചുള്ള ഒരു റിപ്പോർട്ട് പാരീസ് ക്ലൈമറ്റ് സമ്മിറ്റിൽ (സിഒപി21) വച്ച് പുറത്തിറക്കിയിട്ടുണ്ട്. ക്ലൈമറ്റ് ആക്ഷൻ നെറ്റ് വർക്ക് യൂറോപ്പ്(സിഎഎൻ)ആൻഡ് ജർമവൻ വാച്ചാണീ ഇൻഡക്‌സ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലോകത്തിന്റെ കാലാവസ്ഥയെ കാത്ത് സൂക്ഷിക്കുന്ന കാര്യത്തിൽ ഡെന്മാർക്കിനാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ അമേരിക്കയേക്കാളും ചൈനയേക്കാളും ഏറെ മുമ്പിലാണ് ഇന്ത്യ. കാലാവസ്ഥയെ സംരക്ഷിക്കുന്ന കാര്യത്തിൽ മോശം പ്രകടനം കാഴ്ച വയ്ക്കുന്ന രാജ്യങ്ങളാണ് സൗദി അറേബ്യയും ഓസ്‌ട്രേലിയയുമെന്ന് പ്രസ്തുത ഇൻഡക്‌സ് വെളിപ്പെടുത്തുന്നു.ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്‌സ് 2016 (സിസിപിഐ) എന്നാണീ ഇൻഡക്‌സ് അറിയപ്പെടുന്നത്.

ലോകത്തിന്റെ കാലാവസ്ഥയെ സംരക്ഷിക്കുന്ന കാര്യത്തിൽ തങ്ങൾക്കാവുന്നതിന്റെ പരമാവധി കാര്യങ്ങൾ നടപ്പിലാക്കുന്ന രാജ്യമാണ് ഡെന്മാർക്കെന്ന് പ്രസ്തുത ഇൻഡക്‌സ് വെളിപ്പെടുത്തുന്നു. യുകെയ്ക്ക് ഇക്കാര്യത്തിൽ തൊട്ടുപുറകിലാണ് സ്ഥാനം.മാറുന്ന കാലാവസ്ഥയോട് തികഞ്ഞ അലംഭാവം പുലർത്തുന്ന രാജ്യമാണ് സൗദി അറേബ്യ. ഓസ്‌ട്രേലിയയ്ക്കാകട്ടെ ഇക്കാര്യത്തിൽ പുറകിൽ നിന്നും മൂന്നാംസ്ഥാനമാണുള്ളത്. മാറുന്ന കാലാവസ്ഥയെ സംരക്ഷിക്കാൻ തങ്ങളാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണീ ഇൻഡക്‌സ് പ ുറത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഗ്രീൻ ഹൗസ് വാതകങ്ങൾ നിയന്ത്രിക്കാൻ യോജിച്ച് പ്രവർത്തിക്കുമെന്ന് വിവിധ രാജ്യങ്ങൾ 1992ൽ തന്നെ കരാറിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ നീക്കമാണ് ഇപ്പോൾ നടക്കുന്ന പാരീസ് കാലാവസ്ഥാ കോൺഫറൻസിൽ നടക്കുന്നത്.

അപകടകരമായ വാതകങ്ങളുടെ പുറന്തള്ളൽ, രാജ്യത്ത് ഉപയോഗിക്കുന്ന ആവർത്തനാർഹമായ അഥവാ റിന്യൂവബിൾ ഊർജത്തിന്റൈ അളവ്, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നയങ്ങൾ തുടങ്ങിയ കാര്യങ്ങളെ വിലയിരുത്തിയാണ് ഈ ഇൻഡക്‌സ് രാജ്യങ്ങൾക്ക് റാങ്കിങ് നിർവഹിച്ചിരിക്കുന്നത്. എന്നാൽ ഈ ഇൻഡക്‌സിൽ ഒന്നു മുതൽ മൂന്ന് വരെ റാങ്കുകൾക്ക് ഒരൊറ്റ രാജ്യവും അർഹത നേടിയിട്ടില്ല. അപകടകരമായ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ പര്യാപ്തമായ കാര്യങ്ങൾ വേണ്ട രീതിയിൽ ഒരൊറ്റ രാജ്യവും അനുവർത്തിക്കാത്തതാണ് ഇതിന് കാരണം. ഇക്കാര്യത്തിൽ ഇൻഡക്‌സിൽ ഡെന്മാർക്കിന് ഒന്നാം സ്ഥാനം നൽകിയിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ രാജ്യത്തിന്റ സ്ഥാനം നാലാമതാണ്. എന്നാൽ ടോപ്പ് റാങ്കിലുള്ള 58 രാജ്യങ്ങളുടെ ഇൻഡക്‌സിൽ ഡെന്മാർക്ക് ഒന്നാം സ്ഥാനമാണെന്ന് മാത്രം.ഡെന്മാർക്കിനും യുകെയ്ക്കും പുറമെ സ്വീഡൻ, ബെൽജിയം, ഫ്രാൻസ്, സൈപ്രസ്, മൊറോക്കോ, ഇറ്റലി, അയർലണ്ട്, ലക്‌സംബർഗ് എന്നിവയാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ 22ാം സ്ഥാനമാണുള്ളത്. അമേരിക്കയ്ക്ക് 31ാം സ്ഥാനവും ചൈനയ്ക്ക് 44ാം സ്ഥാനവുമാണുള്ളത്.ജർമനിക്ക് 19ഉം, ഈജിപ്തിന് 27ഉം,ഗ്രീസിന് 30ഉം, ദക്ഷിണാഫ്രിക്കയ്ക്ക് 35ഉം റഷ്യയ്ക്ക് 50ഉം സിംഗപ്പൂരിന് 52ഉം കാനഡയ്ക്ക് 53ഉം ജപ്പാന് 55ഉം സ്ഥാനങ്ങളാണ് ഇൻഡക്‌സിലുള്ളത്. ഇതിൽ ഏറ്റവും അവസാന സ്ഥാനം ലഭിച്ച രാജ്യമാണ് സൗദി അറേബ്യ.

യുകെയ്ക്ക് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം ലഭിക്കാനിടയാക്കിയത് ഇതുമായി ബന്ധപ്പെട്ട മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയായിരുന്നു. റിന്യൂവബിൾ എനർജി ഉപയോഗിക്കുന്നത് വ്യാപിപ്പിച്ചതും കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ സ്റ്റേഷനുകൾ അടച്ച് പൂട്ടാനുള്ള പദ്ധതി അനുവർത്തിച്ചതും കാലാവസ്ഥാ സംരക്ഷിക്കുന്നതിൽ യുകെയെ മുന്നിലെത്തിച്ചു. വ്യവസായവൽക്കരണ കാലത്തിന് മുമ്പുള്ള സമയത്തേക്കാൾ ഭൂമി 2 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് പിടിക്കുകയാണെങ്കിൽ അത് പരിസ്ഥിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പേകിയിരുന്നു. 1850 മുതൽ ശരാശരി ഊഷ്മാവിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധവുണ്ടായിട്ടുണ്ട്. ഇത് സംഭവിക്കാൻ അനുവദിക്കില്ലെന്ന കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ യോജിപ്പിലെത്തിയിട്ടുണ്ടെങ്കിലും ഇത് തടയുന്ന കാര്യത്തിൽ വിവിധ രാജ്യങ്ങൾക്ക് ഭിന്നാഭിപ്രായമാണുള്ളത്.