കോഴിക്കോട്: കോഴിക്കോട് നടന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ നന്നായി കൊട്ടി. സന്നിധാനത്ത് ഞായറാഴ്ച ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സന്നിധാനം സംഘർഷഭരിതമാക്കുകയെന്നതായിരുന്നു ആർ എസ് എസ് സംഘത്തിന്റെ ഉദ്ദേശം. പ്രശ്നമുണ്ടാക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചെത്തിയവരാണ് സംഘർഷം ഉണ്ടാക്കിയത്. ഇവർ യഥാർത്ഥ അയ്യപ്പഭക്തരായിരുന്നില്ല. ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്തും തുലാമാസ പൂജാസമയത്തും ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കിയതും ഇവർ തന്നെയാണ്. കുഴപ്പം കാണിക്കാൻ വരുന്നവരെ അതിന് അനുവദിക്കാൻ കഴിയില്ല. ശബരിമലയിലെ സമാധാന അന്തരീക്ഷം നിലനിർത്തണം. അതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്. എന്നാൽ ഇതൊന്നും കാണാതെ ഭക്തരെ അറസ്റ്റു ചെയ്തു നീക്കിയെന്ന തരത്തിൽ വാർത്ത നൽകുന്നത് ശരിയാണോ എന്ന് മാധ്യമ പ്രവർത്തകർ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. സംസ്ഥാനം ഇന്നത്തെ നിലയിലെത്തിച്ചേർന്നതിന് പിന്നിൽ ത്യാഗപൂർണ്ണമായ നിരവധി പേരുടെ പ്രവർത്തനങ്ങളുണ്ട്. നാടിന്റെ മാറ്റത്തിന് ഒരു കൂട്ടർ ഒഴികെ മറ്റെല്ലാവർക്കും പങ്കുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമെല്ലാം ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാറ്റത്തിൽ പങ്കിലാത്തവർ ചാതുർ വർണ്യത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ജാതീയമായ അടിമത്വവും അത്യധികം ജീർണ്ണിച്ച ആചാരങ്ങളും നിലനിൽക്കണം എന്നാണ് അവർ ആഗ്രഹിച്ചിരുന്നത്. അവരാണ് ഇന്നും കേരളത്തെ പിറകോട്ട് നയിക്കാൻ ശ്രമിക്കുന്നത്. വെളിച്ചം കെടുത്തി പഴയ ഇരുണ്ട കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാർക്ക് സഹായകരമാകുന്ന രീതിയിലാണ് പല മാധ്യമങ്ങളും വാർത്തകൾ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്ന് നേരത്തെ തന്നെ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിന് ആവശ്യമായ എല്ലാ കാര്യവും സർക്കാർ ചെയ്യും. ശബരിമല വിഷയത്തിൽ സർക്കാർ എന്തോ പിടിവാശി കാട്ടുന്നു എന്ന തരത്തിൽ ചിലർ പ്രചരണങ്ങൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാറിന് യാതൊരു പിടിവാശിയുമില്ല. പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധി അനുസരിക്കുകയല്ലാതെ മറ്റെന്തെങ്കിലും മാർഗം സർക്കാറിന് മുന്നിലിലില്ല. ഇതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു തീരുമാനം കോടതിയിൽ നിന്ന് ഉണ്ടായാൽ സർക്കാർ അതിനൊപ്പം നിൽക്കും. യുവതികളെ പ്രവേശിപ്പിക്കരുതെന്ന് മുമ്പ് കോടതി വിധിയുണ്ടായിരുന്നപ്പോൾ സർക്കാർ അതും അംഗീകരിച്ചിരുന്നു. അതേസമയം കുറേ സ്ത്രീകളെ അണി നിരത്തി വിധി നടപ്പാക്കാമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ യാഥാസ്ഥിതിക നിലപാടുകൾക്ക് പിന്തുണ നൽകുന്ന തരത്തിൽ വാർത്തകൾ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് മാനേജ്മെന്റാണ്. മാനേജ്മെന്റുകൾ കുത്തക മുതലാളിമാരുടെ കയ്യിലേക്ക് മാറുമ്പോൾ വാർത്തയുടെ സ്വഭാവത്തിലും മാറ്റമുണ്ടാവുകയാണ്. മാധ്യമങ്ങളെ വിലയ്ക്കെടുക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോവുന്നത്. വാർത്തയിൽ ആർക്ക് പ്രാധാന്യം നൽകുന്നു എന്നതും ഏത് രീതിയിലാണ് വാർത്ത നൽകുന്നത് എന്നതും വളരെ പ്രധാനമാണ്. ഇരുണ്ട കാലത്തിലേക്ക് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുമ്പോൾ വാർത്തയിൽ നിഷ്പക്ഷതയുടെ പ്രശ്നമില്ല.
ദുരാചാരങ്ങൾക്ക് ഇരകളാകുന്ന ആളുകളിൽ ഒരു വിഭാഗത്തെ യാഥാസ്ഥിതിക സംഘം എന്നും കൂടെ നിർത്തിയിരുന്നു. നിലവിലെ ആചാരം മാറിയാൽ കുറ്റമാകുമെന്ന് ഇവർ അവരെ വിശ്വസിപ്പിച്ചു. മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് മാറുമറച്ച സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറിയിട്ടുണ്ട്. ഇപ്പോഴും ഇത്തരം കാഴ്ചകൾ തന്നെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഇത്തരമൊരു കാലത്ത് ആരുടെ കൂടെ നിൽക്കണമെന്ന് മാധ്യമ പ്രവർത്തകർ ചിന്തിക്കണം. നാടിനെ പുറകിലേക്ക് നടത്താൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്താ വിന്യാസം ആരെയാണ് സഹായിക്കുകയെന്ന് ഓർക്കണം. വെളിച്ചത്തെ തല്ലിക്കെടുത്തി ഇരുട്ടിലേക്ക് നാടിനെ നയിക്കുന്നവർക്കൊപ്പമല്ല മറിച്ച് പുരോഗതിയിലേക്ക് പോകുന്ന നാടിന് വേണ്ടിയാവണം മാധ്യമപ്രവർത്തകർ നിലകൊള്ളേണ്ടത്.
പലപ്പോഴും ഒരുകാലത്ത് സാമൂഹ്യ മാറ്റത്തിന് വേണ്ടി നിലകൊണ്ട് മാധ്യമങ്ങൾ അതേ പങ്കാണോ ഇപ്പോൾ വഹിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രളയസമയത്ത് ശരിയായ ചിത്രം ലോകത്തിന്റെ മുമ്പിലെത്തിക്കാൻ മാധ്യമങ്ങൾക്കായി. രക്ഷാപ്രവർത്തന ഘട്ടത്തിലും നല്ല രീതിയിൽ പ്രവർത്തിച്ചു. പുനരധിവാസവും നല്ല നിലയിൽ നടന്നു. എന്നാൽ കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയമായപ്പോൾ പലവിധ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചരണങ്ങളുമുണ്ടായി. ഇവിടെ പക്ഷെ മാധ്യമങ്ങൾ ശരിയായ രീതിയിൽ ഇടപെട്ടോ എന്ന് ചിന്തിക്കണം. യഥാർത്ഥ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുവാൻ മാധ്യമങ്ങൾക്ക് സാധിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു.