- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കറിന്റെ ചെയ്തികളെ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല; സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോഴേ നടപടി എടുത്തു; സ്വർണക്കടത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നുമില്ല; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി; അറസ്റ്റിലായ ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥന്റെ ചെയ്തിയെ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്.
അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സർക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞ് പിടിപ്പിക്കാനാകില്ല. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 14 കിലോ സ്വർണം കണ്ടെത്തിയത്. ശിവശങ്കറിന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതിയും വെച്ച് പൊറുപ്പിക്കില്ല.
ജനങ്ങളെ തെറ്റായ പ്രചാരങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. നയതന്ത്ര ബാഗിൽ സ്വർണം പിടിച്ചപ്പോൾ മുതൽ പ്രചാരണം ശക്തമായിരുന്നു. സ്വർണ കടത്തു കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ശിവശങ്കറിന് എതിരെ നടപടി എടുത്തു.സ്വർണ കടത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നും ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചില്ല എന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനേ സ്ഥലം മാറ്റിയത് ചർച്ച ആയതേ ഇല്ല . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എം ശിവശങ്കറിന്റെ മറുപടി. മുൻകാലങ്ങളെ പോലെ മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഈ സർക്കാർ ശ്രമിച്ചില്ല. അതാണ് യുഡിഎഫ് സർക്കാരുമായുള്ള കാതലായ മാറ്റം.
മറുനാടന് മലയാളി ബ്യൂറോ