തിരുവനന്തപുരം: സർക്കാരിന്റെ ധൂർത്തിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രി. ഗവർണർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി. ഈ സർക്കാരിന്റെ കാലത്ത് ഇവർക്കായി എത്ര ഔദ്യോഗിക വാഹനങ്ങൾ വാങ്ങി, ഇതിനായി എത്ര തുക ചെലവായി, ഇനി വാഹനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നി 3 ചോദ്യങ്ങൾക്കും 'വിവരം ശേഖരിച്ചു വരുന്നു ' എന്ന ഒറ്റ മറുപടിയിൽ മുഖ്യമന്ത്രി നിയമസഭയിൽ ഒതുക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതെല്ലാം മറികടന്നാണ് മുഖ്യമന്ത്രിക്കായി ഒരു കിയ കാർണിവലും മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിനായി 3 ഇന്നോവ ക്രിസ്റ്റയും വാങ്ങാൻ ധനവകുപ്പ് 88.69 ലക്ഷം അടുത്തിടെ അനുവദിച്ചത്. ഗവർണർക്ക് ബെൻസ് വാങ്ങാൻ 85 ലക്ഷം രൂപയും ധനവകുപ്പ് അനുവദിച്ചിരുന്നു.

കൂടാതെ ഡൽഹിയിൽ മുഖ്യമന്ത്രിയുടേയും ഗവർണറുടേയും ഉപയോഗത്തിന് 2 ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 72 ലക്ഷം രൂപയും ധനവകുപ്പ് നൽകി. പത്ത് മന്ത്രിമാർ പുതിയ കാർ വേണമെന്നും ഫണ്ട് അനുവദിക്കണമെന്നും ധനവകുപ്പിനോട് ആവശ്യപെട്ടതിൽ 6 മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങാൻ ധനവകുപ്പ് ഫണ്ട് (1.50 കോടി) അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രം 2.45 കോടി രൂപയാണ് ഔദ്യോഗിക വാഹനത്തിനായി ചെലവാക്കിയത്. മന്ത്രിമാർക്ക് 1.50 കോടിയും. ഇതിന്റെ വിശദാംശങ്ങൾ നിയമസഭ മറുപടിയിൽ വരാതിരിക്കാനാണ് ' വിവരം ശേഖരിച്ചു വരുന്നു ' എന്ന ഒറ്റ മറുപടി തരാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. എത്ര ഔദ്യോഗിക വാഹനം വാങ്ങി, എത്ര ചെലവായി, ആരൊക്കെ ഇനി ആവശ്യപ്പെട്ടു എന്നീ കണക്കുകൾ ധന എക്‌സ്‌പെൻഡിച്ചർ വിംഗിലും ബജറ്റിലും ലഭ്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി തരാതെ മുങ്ങിയതാണെന്ന ആക്ഷേപം ഉയരുന്നത്. അനുപ് ജേക്കബ് ആണ് 27-6-22 ൽ നിയമസഭയിൽ മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ചത്.

മന്ത്രിമാർക്ക് പുതിയ കാറുകൾ

മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാർക്കും പുതിയ കാർ വാങ്ങുന്നു. പത്ത് കാറുകൾ വാങ്ങാൻ മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു. നിലവിലെ വാഹനങ്ങൾ അപര്യാപ്തമാണെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ നിലപാട്.

ആഡംബര വാഹനമായ കിയ കാർണിവൽ മുഖ്യമന്ത്രി വാങ്ങിയിട്ട് ഒരു മാസമായില്ല. അതിന് ഏതാനും മാസം മുൻപ് മൂന്ന് പുതിയ കറുത്ത കാറുകൾ. അങ്ങിനെ മുഖ്യമന്ത്രി പുത്തൻ കാറിൽ കുതിക്കുമ്പോൾ മന്ത്രിമാരും കുറയ്ക്കുന്നില്ല. പത്ത് മന്ത്രിമാർക്ക് ഉടൻ പുതിയ കാറെത്തും. ഇന്നോവ ക്രിസ്റ്റ തന്നെയാണ് വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു.

മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. ഏതാനും മാസം മുൻപ് ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. ഇത്തരത്തിൽ വാഹനങ്ങൾ പഴകി അപകടാവസ്ഥയിലായെന്നും മന്ത്രിമാർ വിശദീകരിക്കുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു. 5 വാഹനങ്ങൾ വാങ്ങാനായിരുന്നു ധനവകുപ്പ് അനുമതി നൽകിയത്. എന്നാൽ ടൂറിസം വകുപ്പ് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുക ആയിരുന്നു.