തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പിണറായി വിജയൻ അവകാശവാദം ഉന്നയിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ആശങ്കയാകുന്നത് കോവിഡ് വ്യാപനം. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായുള്ള ഒരുക്കവും കൂടിക്കാഴ്ചയിൽ ചർച്ചയായി.

കോവിഡ് സാഹചര്യം വർദ്ധിക്കുകയാണെങ്കിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. മഴ പെയ്യാനുള്ള സാദ്ധ്യതയും കൂടി വേദിമാറുന്നത് സംബന്ധിച്ച് പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

ഈ സാഹചര്യത്തിൽ ടാഗോർ തീയറ്റർ, ജിമ്മി ജോർജ് സ്റ്റേഡിയം എന്നീ സ്ഥലങ്ങളെയാണ് വേദികളായി പരിഗണിക്കുന്നത്.സർക്കാർ സത്യപ്രതിജ്ഞ വിർച്വലായി നടത്തി മാതൃക കാട്ടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.വ്യാഴാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാം തവണയും എൽഡിഎഫ് സർക്കാർ അധികാരമേൽക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകീട്ട് മൂന്നരക്കാണ് സത്യപ്തിജ്ഞാ ചടങ്ങ് തുടങ്ങുക. എംഎൽഎമാരും മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 500 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.

സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സത്യപ്രതിജ്ഞ സംബന്ധിച്ച് ചീഫ് സെക്രട്ടറി നിർദേശങ്ങൾ പുറത്തിറക്കി. കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.

പങ്കെടുക്കുന്നവർ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ/ട്രൂനാറ്റ്/ആർ.ടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, കോവിഡ് വാക്സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.

ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ടെസ്റ്റിനുള്ള സൗകര്യം എംഎ‍ൽഎ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് മന്ദിരത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിർവശമുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാർ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്.

കാർപാർക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ്-രണ്ട് മന്ദിരം, കേരള സർവകലാശാല കാമ്പസ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.