കൊച്ചി: സ്വർണക്കടത്ത് കേസിൽ പതിമൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് ശേഷമാണ് രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. രാവിലെ 10.ന് ആരംഭിച്ച ചോദ്യംചെയ്യൽ 13 മണിക്കൂർ നീണ്ടു. തുടർന്ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസുകളിലാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. മുമ്പ് മൂന്നു തവണ നോട്ടീസ് അയച്ചപ്പോഴും കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നുയ ചോദ്യം ചെയ്യലിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സി എം രവീന്ദ്രന്റെ ഹർജി നിലനിൽക്കില്ലെന്ന ഇഡി വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ചോദ്യം ചെയ്യുന്നതിന്റെ പേരിൽ ഇ.ഡി കൂടുതൽ സമയം തടഞ്ഞുവെക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും സി.എം. രവീന്ദ്രൻ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. ചോദ്യംചെയ്യുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി അപക്വമാണെന്നും നിലനിൽക്കുന്നതല്ലെന്നും എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റും വാദിച്ചു.

ഇരുപക്ഷത്തിന്റെ വാദം പൂർത്തിയായതിനെത്തുടർന്ന് ജസ്റ്റിസ് വി.ജി. അരുൺ ഹർജി വിധിപറയാൻ വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷിക്കുന്ന കള്ളപ്പണക്കേസിൽ രവീന്ദ്രൻ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരായിരുന്നു.

രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമൈന്ന് നേരത്തെ ഇഡി വിലയിരുത്തിയിരുന്നു. സർക്കാർ പദ്ധതികളിൽ ശിവശങ്കറിന് ഒപ്പമുളേള റോളായിരുന്നു അന്വേഷണ വിഷയം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നും സൂചന കിട്ടിയിരുന്നു.ലൈഫ് മിഷൻ, കെ-ഫോൺ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ഇടപാടുകളിൽ ശിവശങ്കറിനു നിർദ്ദേശങ്ങൾ രവീന്ദ്രനിൽനിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നൽകുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് രവീന്ദ്രൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.

ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ.ഡി.യുടെ ചോദ്യത്തിന് രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനൽകിയിരുന്നു.

നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകിയിട്ടും കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യലിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ 10ന് വോട്ടെടുപ്പു ദിനത്തിൽ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും ആശുപത്രിയിൽ അഡ്‌മിറ്റാകുകയും ഹാജരാകാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു.തുടർന്നു കഴിഞ്ഞയാഴ്ച ഡിസ്ചാർജ് ആകുകയും വീട്ടിൽ പോകുകയും ചെയ്തിരുന്നു.