തിരുവനന്തപുരം: കസ്റ്റംസ് പരിശോധനയെന്നു കേൾക്കുമ്പോൾത്തന്നെ പലർക്കുമൊരു ഞെട്ടലാണ്. പക്ഷേ, ലളിതമായ കസ്റ്റംസ് നിയമങ്ങളെ അടുത്തറിഞ്ഞാൽ, അവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാൽ ഈ പേടിയിൽ കഴമ്പില്ലെന്ന് ബോധ്യമാകും. അത്രയ്ക്കും ലളിതമാണ് കസ്റ്റംസ് നിയമങ്ങൾ. ഇക്കാര്യങ്ങൾ അറിയാത്തതുകൊണ്ടുതന്നെ വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുന്നവർ പല കുഴപ്പങ്ങളിലും ചെന്നുചാടാറുണ്ട്.

എന്തെല്ലാമാണ് യാത്രയിൽ കൈവശം വയ്ക്കാവുന്നതെന്നുംമറ്റും അറിയാത്തതിനാലാണ് പലർക്കും അബ്ധങ്ങൾ സംഭവിക്കുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിൽ മോഹൻലാലും സുരേഷ്‌ഗോപിയുമുൾപ്പെടെ സിനിമാതാരങ്ങൾ വേഷമിട്ട ഷോർട്ട്ഫിലിം കഴിഞ്ഞദിവസം കസ്റ്റംസ് പുറത്തിറക്കി.  കസ്റ്റംസിന്റെ ലളിതമായ നിയമങ്ങളെക്കുറിച്ച് പ്രശസ്തകായികതാരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് വിശദീകരിക്കുന്നു.

ഭാരതത്തിലേക്ക് യാത്രക്കാരെ മോഹൻലാൽ സ്വാഗതംചെയ്യുന്ന രംഗത്തോടെയാണ് ഹൃസ്വചിത്രം തുടങ്ങുന്നത്. രാജ്യകവാടത്തിൽ സാമ്പത്തിക കടന്നുകയറ്റങ്ങൾക്കെതിരെ ശക്തിദുർഗമായി നിലകൊള്ളുന്ന കസ്റ്റംസിന്റെ പ്രത്യേകതകൾ വിവരിക്കുന്നതാണ് ഈ ഷോർട്ട് ഫിലിം. അങ്ങനെയുള്ള കസ്റ്റംസിനെ സഹായിക്കേണ്ട ഭാരതീയന്റെ പൗരധർമ്മത്തേയും ഷോർട്ട്ഫിലിം ഓർമ്മപ്പെടുത്തുന്നു.നിയമങ്ങൾ പാലിച്ചും പരിശോധനകളിൽ സഹകരിച്ചും കസ്റ്റംസിനെ സഹായിക്കാനും ഷോർട്ട്ഫിലിം ആഹ്വാനം ചെയ്യുന്നു.

2016ൽ പരിഷ്‌കരിക്കപ്പെട്ട ബാഗേജ് റൂൾസ് പ്രകാരം കസ്റ്റംസിനോട് വെളിപ്പെടുത്തേണ്ട സാധനങ്ങൾ കൊണ്ട് വരുന്നവർ മാത്രമേ ഇനി മുതൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുള്ളൂ. 72 മണിക്കൂർ വിദേശത്ത് ചെലവഴിക്കുന്ന ഓരോ പൗരനും 50,000 രൂപവരെ വിലയുള്ള സാധനങ്ങൾ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ഭാരതത്തിലേക്ക് കൊണ്ടുവരാം. വിദേശകറൻസി, മയക്കുമരുന്ന്, ഡ്രോണുകൾ ഉൾപ്പെടെ ചിതലതരം കളിപ്പാട്ടങ്ങൾ തുടങ്ങി കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കൾ നിരവധിയുണ്ട്. അവയെപ്പറ്റിയും ചിത്രത്തിൽ വിശദമാക്കുന്നു.

രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്ക് ഇനി മുതൽ ഡ്യൂട്ടി അടക്കാതെ അഞ്ചു ലക്ഷം രൂപ വരെ മൂല്യമുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. വിദേശത്ത് വരുന്ന ഒരാൾക്ക് രണ്ട് ലിറ്റർ വരെ മദ്യം നികുതി അടയ്ക്കാതെ കൊണ്ടുവരാം. സിഗരറ്റാണെങ്കിൽ 100 എണ്ണം വരെ കൊണ്ടുവരാനും സാധിക്കും.

മൂന്നു മാസം മുതൽ ആറുമാസം വരെ വിദേശത്തു തങ്ങിയശേഷം വരുന്നവർക്ക് 60000 രൂപയുടെ വരെ വിലവരുന്ന ഉപയോഗിച്ച സാധനങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. വിദേശജീവിതം അവസാനിപ്പിച്ചു വരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആറുമാസം മുതൽ ഒരു വർഷം വരെ തങ്ങിയവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങൾ ഇങ്ങനെ കൊണ്ടുവരാം. ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ തങ്ങിയവർക്ക് രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും രണ്ടുവർഷത്തിനു മേൽ തങ്ങിയവർക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും കൊണ്ടുവരാം.

ഇവരുടെ വ്യക്തിപരമായി ഉപയോഗിച്ച സാധനങ്ങൾ മാത്രമേ നികുതി രഹിതമായി രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കൂ. അതോടൊപ്പം തന്നെ വിജ്ഞാപനത്തോടോപ്പമുള്ള പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്ന സാധനങ്ങളും അനുവദിക്കില്ല. ആഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള പരിധി വനിതകൾക്ക് നാൽപത് ഗ്രാം അല്ലെങ്കിൽ ഒരുലക്ഷം രൂപ വരെ വിലപിടിപ്പുള്ളത്, പുരുഷന്മാർക്ക് 20 ഗ്രാം അല്ലെങ്കിൽ അരലക്ഷം രൂപ വരെ വിലയുള്ളത് എന്നാണു പുതിയ ചട്ടത്തിൽ. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങൾ സന്ദർശിച്ചു മടങ്ങുന്നവർക്ക് 50000 രൂപ വരെയുള്ള സാധനങ്ങൾകൊണ്ടുവരാം. വിദേശത്തു താമസം കഴിഞ്ഞു വരുമ്പോൾ ഉപയോഗിച്ചവ എന്ന നിലയിൽ കൊണ്ടുവരാുന്ന 13 സാധനങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടികയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

വിദേശത്തുനിന്ന് പോകുന്നവർ രാജ്യത്തിന്റെ ബൗദ്ധിക സ്വത്തുക്കളായി കരുതുന്ന പുരാവസ്തുക്കളും മറ്റും കൈവശംവയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യസുരക്ഷയും നിങ്ങളുടെ തൊഴിൽസുരക്ഷയും മുൻനിർത്തി കസ്റ്റംസ് നിഷ്‌കർഷിക്കുന്ന നിയമങ്ങളെപ്പറ്റിയും ഹൃസ്വചിത്രത്തിൽ വ്യക്തമാക്കുന്നു. സഹയാത്രികരിൽ ആരെങ്കിലും കള്ളക്കടത്ത് നടത്തുന്നതായി സൂചന ലഭിച്ചാൽ അക്കാര്യം കസ്റ്റംസിനെ അറിയിക്കുന്നവർക്ക് പാരിതോഷികവും ലഭിക്കും. എമിഗ്രേഷൻ ക്‌ളിയറൻസിനുശേഷം ചെയ്യേണ്ടതെന്തെല്ലാം, എന്തെല്ലാം വസ്തുക്കൾ കൊണ്ടുവരാം, നിരോധിത വസ്തുക്കൾ ഏതെല്ലാം, രാജ്യത്തിനുനിന്ന് പുറത്തേക്കുപോകുമ്പോൾ കൊണ്ടുപോകാവുന്ന വസ്തുക്കളേത് തുടങ്ങി യാത്രക്കാർ അറിയേണ്ട വിവരങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് അഞ്ചര മിനിറ്റ് ദൈർഘ്യമുള്ള ഹൃസ്വചിത്രം.

കസ്റ്റംസിന്റെ ഗുഡ് വിൽ അംബാസിഡറായ നടൻ മോഹൻലാലാണ് ഹൃസ്വചലച്ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. കസ്റ്റംസ് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായാണ് ഹൃസ്വചിത്രം തയ്യാറാക്കിയത്. യാത്രക്കാരായി സുരേഷ്‌ഗോപിയും മജിഷ്യൻ ഗോപിനാഥ് മുതുകാടുമെല്ലാം എത്തുന്നു. ഇതോടൊപ്പം വിദേശയാത്രക്കാരെ ലക്ഷ്യമിട്ട് ഇംഗ്‌ളീഷ് അനിമേഷൻ ചിത്രവും കസ്റ്റംസ് ഒരുക്കിയിട്ടുണ്ട്. ഈ ചിത്രങ്ങൾ വിമാനത്താവളങ്ങളിലെ വീഡിയോ സ്‌ക്രീനുകൾവഴി പ്രദർശിപ്പിക്കും. ഒപ്പം ഫേസ്‌ബുക്ക്, വാട്‌സ് ആപ്, യുട്യൂബ് എന്നിവ വഴിയും ജനങ്ങളിലെത്തിക്കും.

'ഇന്ത്യൻ കസ്റ്റംസ് എല്ലാ ശരികളിലും നിങ്ങൾക്കൊപ്പം' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ സിഡി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കസ്റ്റംസ് കമ്മീഷണർ ശ്രീധർ റെഡ്ഡി, ജോയിന്റ് കമ്മിഷണർ സെന്തിൽ നാഥൻ, ഡെപ്യൂട്ടി കമ്മിഷണർമാരായ ശ്രീപാർവതി, വാഗീഷ് കുമാർ, സൂപ്രണ്ടുമാരായ ബോബി അലോഷ്യസ്, കെ ബാലചന്ദ്രൻ, ബിജു കെ മാത്യു, ശാലിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് യൂണിറ്റാണ് തിരക്കഥ തയ്യാറാക്കിയത്. ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ചു. കിൻഫ്രപാർക്കിലെ ഔൾ-ഇ അനിമേഷനും ത്രിശൂലും സാങ്കേതികസഹായം നൽകി.