തിരുവനന്തപുരം: എല്ലാവിധ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വിജയം കൈവരിക്കാനായത് കിറ്റ് അടക്കം സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനകീയ പദ്ധതികളുടെ ഫലമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇപ്പോഴിതാ കൂടുതൽ ജനോപകാര പദ്ധതികളുമായി സർക്കാർ രംഗത്ത് എത്തിയിരിക്കയാണ്. പുതുവത്സര ദിനത്തിൽ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പത്ത് പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.

ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വയോജനങ്ങൾ സർക്കാർ ഓഫീസുകളിൽ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തിൽ ക്രമീകരണങ്ങൾ ഒരുക്കും. ജനുവരി പത്തിന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങളാവും ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമുഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർ എഫിൽ നിന്നുള്ള സഹായം, അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ. ക്രമേണ മറ്റ് സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷ നൽകാൻ പറ്റാത്തവരുടെ വീട്ടിൽ പോയി അപേക്ഷ വാങ്ങി നൽകി തുടർവിവരങ്ങൾ വിളിച്ചറിയിക്കും. ഇതിന് സന്നദ്ധസേവാംഗങ്ങളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾ വഴി നൽകും.

65 വയസിൽ പ്രായമുള്ളവർക്കും മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്നവരുമായ ഭിന്നശേഷിക്കാർ, കാഴ്ച, കേൾവി, ചലനശേഷി എന്നീ കാര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധ സേനാംഗങ്ങൾ ഉണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ആവശ്യം വേണ്ടവർ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കണം. സന്നദ്ധ പ്രവർത്തകർ വീടുകളിലെത്തി സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കണം. ജനുവരി 15ന് ആരംഭിക്കുന്ന പരിപാടിയുടെ ഏകോപന ചുമതല തദ്ദേശ സ്ഥാപന മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും ആയിരിക്കും.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് അന്താരാഷ്ട്ര സർവകലാശാലകളിൽ പോയി പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന സർക്കാർ എമിനെന്റ് സ്‌കോളേഴ്‌സ് ഓൺലൈൻ എന്ന പരിപാടി ആരംഭിക്കും. ശാസ്ത്രജ്ഞർ അടക്കമുള്ളവരുമായി വിദ്യാർത്ഥികൾക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകും. ജനുവരിയിൽ തന്നെ ഈ പ്രവർത്തനം ആരംഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും ഈ പരിപാടി നടക്കുക.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ബിരുദപഠനം മികച്ച രീതിയിൽ പൂർത്തിയാക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകും. മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ ധനസഹായ പദ്ധതിപ്രകാരമാണ് പണം നൽകുക. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ഈ വിഭാഗത്തിനുള്ളിൽ മാർക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുക.

അഴിമതിമുക്ത കേരളം പരിപാടി സർക്കാർ നടപ്പാക്കും. അഴിമതിയുമായി ബന്ധപ്പെട്ട് വിവരം നൽകുന്നയാളുടെ പേരുവിവരങ്ങൾ പുറത്തുവരാത്ത രീതിയിലാകും പ്രവർത്തനം. പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്‌വെയറിലൂടെ പരാതി സമർപ്പിക്കാം. തുടർന്ന് പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി പഠിച്ച് നടപഠികൾ സ്വീകരിക്കും. കഴമ്പില്ലാത്ത ആരോപണങ്ങൾ ശാസ്ത്രീയമായ ഫിൽട്ടറിങ്ങിലൂടെ കടന്നുവരികയുമില്ല.

വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾ കുട്ടികൾ എന്നിവർക്കായി പ്രത്യേക കൗൺസിലിങ് നൽകും. കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയാൻ കോൺട്രാക്ട് അടിസ്ഥാനത്തിൽ സേവനമനുഷ്ടിക്കുന്ന കൗൺസലർമാരുടെ എണ്ണം വർധിപ്പിക്കും. സ്‌കൂളുകളിൽ 20 കുട്ടികളെ ശ്രദ്ധിക്കാൻ ഒരു അദ്ധ്യാപികയോ അദ്ധ്യാപകനോ എന്ന നിലയിൽ ക്രമീകരണം ഏർപ്പെടുത്തും. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓൺലൈൻ കൺസൾട്ടേഷൻ ഏർപ്പെടുത്തും. ഇതിനായി സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയർന്ന വനിതാ പൊലീസ് ഓഫീസർ എന്നിവർ ജില്ലാ തലത്തിൽ നേതൃത്വം നൽകും.

കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന അനീമിയ പോലുള്ള അവസ്ഥകൾ മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കും. അനീമിയ കുറച്ച് കൊണ്ടുവരാനുള്ള പദ്ധതികൾ പ്രാവർത്തികമാക്കും. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പരിശോധന നടത്തും. കൗമാരക്കാരിലെ ഹീമോഗ്ലോബിൻ അളവിൽ വ്യതിയാനം വരാതിരിക്കാനും വിളർച്ച പോലെയുള്ള അവസ്ഥകൾ കണ്ടെത്താനും പദ്ധതികൾ സംഘടിപ്പിക്കും. വനിത - ശിശുക്ഷേമ വകുപ്പ് ഇക്കാര്യത്തിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.

പരിസ്ഥിതിയെ ദ്രോഹിക്കാത്ത തരത്തിലുള്ള പ്രകൃതി സൗഹൃദ ഭവന നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കും. ജനങ്ങൾ പ്രഭാത - സായാഹന സവാരി നടത്താനും കുട്ടികൾക്ക് കളിക്കാനുമുള്ള പൊതുഇടങ്ങൾ അനിവാര്യമാണ്. എല്ലാ ഗ്രാമങ്ങളിലും ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കും. സ്മാർട്ട്‌ഫോൺ ഇന്റർനെറ്റ് ഉപയോക്താക്കൾ കേരളത്തിൽ കൂടുതലായതിനാൽ സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവുണ്ടാവുകയാണ് പ്രധാനമാണ്. ഇതിനായി 'സത്യമേവ ജയതേ' എന്ന പേരിൽ ഒരു ഡിജിറ്റൽ - മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കും. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പല പ്രവാസികൾക്ക് ജോലി സ്ഥലത്ത് നിന്നും ആവശ്യമായ ആനുകൂല്യങ്ങൾ ലഭ്യമായിട്ടില്ല. ഇവർക്ക് ആവശ്യമുള്ള സർക്കാർ രേഖകൾ ലഭ്യമാക്കാൻ അപേക്ഷിച്ചാൽ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും.