തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയും നടത്തി ആറുമാസത്തിനകം എഴുന്നേറ്റ് നിന്ന് സി.ഐയെ ബോംബെറിയാൻ ആകുമോ? ഇല്ലെന്ന് നിസംശയം പറയാം. ആരേയും പ്രതിയാക്കുന്ന പൊലീസിന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. കണ്ണിൽ കണ്ടവരെയെല്ലാം പ്രതിയാക്കാൻ തീരുമാനിച്ചപ്പോൾ ആദർശും പ്രതിയായി. ഒന്നുമറിയാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനായി കോളേജിലെത്തിയ നിരപരാധി സിഐയെ ബോംബെറിഞ്ഞ കേസിൽ പ്രതിയായ കഥ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് വിശദീകരിക്കുന്നത്.

പ്രായോഗികതയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉയർത്തിക്കാട്ടുന്നത്. ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ട്. സത്യം തിരിച്ചറിഞ്ഞാൽ ഉടൻ നീതി നൽകും. അതുമാത്രമേ ആദർശിനായും ചെയ്തുള്ളൂ. പാലോട് രവി എംഎ‍ൽഎയുടെ ശുപാർശയിൽ എം.ജി.  കോളേജിലെ സിഐ ആക്രമണക്കേസ് പിൻവലിച്ചതിന്റെ കാരണം മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്നു. പാലോട് രവി എംഎ‍ൽഎയുടെ കത്തിലാണ് കേസ് പിൻവലിച്ചതെന്ന  മറുനാടൻ മലയാളി വാർത്തയുടെ തൊട്ട് പിറകെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ഇറക്കിയത്.

എം.ജി. കോളജ് കേസിലെ പതിനേഴാം പ്രതിയും മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായിരുന്ന ടി.ആർ. ആദർശ് നിരപരാധിയാണെന്ന ഉത്തമ ബോധ്യത്തോടെയാണ് കേസ് പിൻവലിച്ചത്. 2005 മെയ്‌ 5ന് ആദർശ് ബൈക്ക് അപകടത്തിൽപ്പെട്ടു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എസ്‌പി ഫോർട്ട് ആശുപത്രിയിലും ചികിത്സ നടത്തുകയും ചെയ്തു. പരിക്ക് ഭേദമാകാൻ കാലിൽ മൂന്നു ശസ്ത്രക്രിയകൾ നടത്തി. കാലിൽ സ്‌കിൻ ഗ്രാഫ്റ്റ് നടത്തി. 10 ദിവസം ഐസിയുവിലും 6 മാസം ബെഡ് റെസ്റ്റിലും ആയിരുന്നു ആദർശ്. ആറുമാസത്തിനുശേഷം ആദ്യമായി കോളജിൽ എത്തിയ അന്നാണ് സംഘർഷം ഉണ്ടായത്. 2005 നവംബർ 23നായിരുന്നു അത്.

ഹാജർനില കുറവായതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യതനേടാനാണ്  കോളജിൽ പരസഹായത്തോടെ എത്തിയത്. സംഘർഷം ഉണ്ടായപ്പോൾ ഓടാൻ കഴിയാതെ നിസഹായനായി നിന്ന ആദർശിനെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഒന്നിലുമില്ലെന്ന് പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. സി.ഐയെ ബോംബ് എറിഞ്ഞതുൾപ്പെടെ പൊലീസിനെ ആക്രമിച്ച കേസിൽ  കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.  ഇതിൽ 22 പേരെ തിരിച്ചറിഞ്ഞ് പ്രതികളാക്കി. 17-ാം പ്രതിയായി ആദർശ്.

മെഡിക്കൽ സർട്ടിഫിക്കറ്റുകളും മറ്റും ഹാജരാക്കി കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റ കേസായതിനാൽ ആരും അപേക്ഷ സ്വീകരിച്ചില്ല. തുടർന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ജാമ്യം നേടി. അതിന്റെ ചുവടുപിടിച്ച് മറ്റുള്ളവർക്കും ജാമ്യം ലഭിച്ചു. ഏഴു വർഷം കഴിഞ്ഞിട്ടും തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി- 2ലുള്ള  കേസ് അന്വേഷണം പൂർത്തിയാകാത്തതിനാൽ ആദർശ് 2012ൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണം ഉടനേ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടുകയും രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ഇതോടെ കുറ്റപത്രത്തിലും ആദർശ് എത്തി. ഇതിനിടെയാണ് 2012ൽ ആദർശിന് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമന ഉത്തരവ് ലഭിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. പക്ഷേ, സത്യവാങ്മൂലത്തിൽ കേസ് നിലവിലുണ്ടെന്നു രേഖപ്പെടുത്തിയിരുന്നതിനാൽ ജോലിയിൽ പ്രവേശിക്കുവാൻ സാധിച്ചില്ല. റാങ്ക് ലിസ്റ്റിലുള്ള എല്ലാവരും ജോലിയിൽ പ്രവേശിച്ച് പരിശീലനം ആരംഭിച്ചു. നിരപരാധിത്വം തെളിയിക്കുന്ന രേഖകളുമായി ആദർശ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായെങ്കിലും കേസിന് പ്രോസിക്യൂഷൻ അനുമതി വാങ്ങിയതിനാൽ ഒഴിവാക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുഖ്യമന്ത്രിയായി മുന്നിലുള്ള ഏകവഴി. തുടർന്ന്  പാലോട് രവി എംഎൽഎ മുഖേന 2012 ഓഗസ്റ്റ് 2ന് കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ആദർശ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. മുഖ്യമന്ത്രി ഇത് സെപ്റ്റംബർ 6ന് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി. അദ്ദേഹം തിരുവനന്തപുരം കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേസ് പിൻവലിക്കുന്നതു സംബന്ധിച്ച പെർഫോമയും കേസിന്റെ വിശദാംശങ്ങളും കമ്മീഷണർ  പ്രിൻസിപ്പൽ സെക്രട്ടറിക്ക്  നല്കി. കേസ് പിൻവലിക്കുന്നതിൽ നിയമപരമായ തടസമില്ലെന്നു ഡിസംബർ 12ന് സർക്കാരിനു  നിയമോപദേശം ലഭിച്ചു. തുടർന്നാണ് കേസ് പിൻവലിക്കാൻ സർക്കാർ  അനുമതി നല്കിയത്. 

കേസ് പിൻവലിക്കൽ സംബന്ധിച്ച അപേക്ഷ കോടതിയിൽ എത്തിയപ്പോൾ പരിക്കുപറ്റിയ ഉദ്യോഗസ്ഥന്റെ നിലപാട് അറിയണമെന്നു കോടതി ആവശ്യപ്പെട്ടു. കോടതി കൈക്കൊള്ളുന്ന നിലപാട് എന്തായാലും അംഗീകരിക്കുമെന്നു അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടർ മുഖേന കോടതിയെ അറിയിച്ചു. 26.10.13ൽ കേസ് പിൻവലിച്ചുകൊണ്ടുള്ള കോടതി വിധിയും ഉണ്ടായി. തുടർന്ന് ഈ രേഖകൾ ആദർശ് പൊലീസിലെ ജോലിയുമായി  ബന്ധപ്പെട്ടവർക്കു സമർപ്പിക്കുകയും രണ്ടു മാസം മുമ്പ് പൊലീസ് വെരിഫിക്കേഷൻ നടക്കുകയും ചെയ്തു. അടുത്ത ബാച്ചിനോടൊപ്പം ഉടനേ ആദർശിന്റെ നിയമനം നടക്കും.

17 പേരുള്ള കേസിൽ ഒരാളെ മാത്രമായി ഒഴിവാക്കാൻ സാധിക്കാത്തതുകൊണ്ടാണ് മൊത്തം കേസ് പിൻവലിക്കാൻ അനുമതി നല്കിയത്. നിരപരാധിയാണെന്നു ബോധ്യപ്പെടുകയും ഒരു സർക്കാർ ജോലി കിട്ടാതെ പോകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തപ്പോൾ മാനുഷിക പരിഗണനയുടെ പേരിലാണു ആദർശ് ഉൾപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ അനുമതി നല്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇതു ചെയ്തതെന്നും വ്യക്തമാക്കുന്നു.