പാർട്ടി പ്രവർത്തകർ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടാൽ അതിന് പാർട്ടിയുമായി ബന്ധമില്ലെന്ന് പറയുകയും കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരത്തിൽ പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും ചെയ്യുന്ന വിരോധാഭാസം കേരളത്തിലെ സിപിഎമ്മിൽ കാലങ്ങളായുണ്ട്. ജനങ്ങളോട് ഇടപെടാൻ അറിയാത്ത, അഹങ്കാരം മാത്രം കൈമുതലായുള്ള നേതാക്കൾക്കും പഞ്ഞമില്ല. കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ(എം) നിലനിൽപ്പിനായി പൊരുതുമ്പോൾ, മാതൃകാപരമായ ഭരണത്തിലൂടെ പാർട്ടിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ത്രിപുരയിൽ മണിക്ക് സർക്കാർ.

ഒരുകാലത്ത് ത്രിപുര ഭീകരരുടെയും തീവ്രവാദികളുടെയും പറുദീസയായിരുന്നു. എന്നാൽ, ഇന്ന് കുറ്റകൃത്യങ്ങൾ കേട്ടുകേൾവിപോലുമില്ലാത്ത കാര്യമായി. എന്നാൽ, മണിക് സർക്കാർ എന്ന മുഖ്യമന്ത്രി ആ നാടിനെ സമാധാനത്തിലേക്ക് നയിച്ചു. ഭരണപരമായ നേട്ടങ്ങളും വികസനപ്രവർത്തനങ്ങളുമാണ് ഇന്ന് ത്രിപുരയെ വാർത്തകളിലെത്തിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് നേതാവ് എന്നാൽ എന്തായിരിക്കണമെന്ന് നമ്മുടെ നാട്ടിലെ നേതാക്കൾ അദ്ദേഹത്തെ കണ്ടു പഠിക്കണം.

ആറാഴ്ച മുമ്പാണ് സായുധ സേനയ്ക്കുണ്ടായിരുന്ന പ്രത്യേക അധികാരങ്ങൾ (അഫ്‌സ്പ) ത്രിപുരയിൽനിന്ന് നീക്കിയത്. അതിനുശേഷം നടന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ത്രിപുരയിലെ ക്രമസമാധാന നില മണിക് സർക്കാർ അവതരിപ്പിച്ചു. ജൂൺവരെയുള്ള ഇക്കൊല്ലത്തെ കണക്കിൽ, കൊലപാതകമോ തട്ടിക്കൊണ്ടുപോകലോ ആക്രമണങ്ങളോ തീവ്രവാദപ്രവർത്തനമോ ഏറ്റുമുട്ടലുകളോ ഇല്ല. അതിശയിപ്പിക്കുന്ന നിലയിലേക്ക് ത്രിപുര മാറിക്കഴിഞ്ഞതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ മണിക് സർക്കാരായിരുന്നു ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ പത്തുവർഷത്തിനിടെ തീവ്രവാദ പ്രവർത്തനങ്ങളെ നേരിടുന്നതിൽ ത്രിപുര കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം വിശദമാക്കി. ഏറ്റുമുട്ടലുകളും ആക്രമണങ്ങളുമില്ലാത്ത, സുരക്ഷിതരായി ജനങ്ങൾക്ക് താമസിക്കാൻ കഴിയുന്ന നാടായി ത്രിപുര മാറിയെന്നും അദ്ദേഹം വിശദമാക്കി.

മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ ത്രിപുരയെ മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമായാണ് ഇതിനെ മണിക് സർക്കാർ കാണുന്നത്. താഴെത്തട്ടിലുള്ള ജനങ്ങൾക്കുപോലും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുന്ന സംവിധാനത്തിലൂടെയാണ് അസ്വസ്ഥതയില്ലാത്ത ജനതയായി ത്രിപുരക്കാരെ താൻ മാറ്റിയതെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളോട് ചേർന്ന് നിൽക്കുന്ന പ്രവർത്തനരീതിയാണ് സർക്കാരിന്റേത്.

ത്രിപുരയിൽ ജനജീവിതം ദുസ്സഹമാക്കിയിരുന്ന നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ പ്രവർത്തനം ഇല്ലാതാക്കിയതാണ് കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി ത്രിപുരയെ മാറ്റാൻ സഹായകമാക്കിയത്. ഇപ്പോൾ, വെറും 80-ഓളം പ്രവർത്തകർമാത്രമാണ് എൻ.എൽ.എഫ്.ടിക്കുള്ളത്. അവരുടെ പക്കലുള്ള ആയുധശേഖം നൂറോളം മാത്രവും. ബംഗ്ലാദേശ് അതിർത്തിയിലുള്ള ഏതാനും ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോള് തീവ്രവാദികളുടെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ഒളിത്താവളങ്ങൾ തകർക്കുന്നതിന് ബംഗ്ലാദേശ് സർക്കാരിനുമേൽ സമ്മർദം ചെലുത്തണമെന്ന് മണിക് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനശ്രമങ്ങളെ പിന്നോട്ടടിക്കുന്നത് ഇത്തരം ചില തീവ്രവാദ കേന്ദ്രങ്ങളാണെന്നും അവ ഇല്ലാതാകുന്നതോടെ പൂർണമായും ഈ മേഖലയിൽ സമാധാനം കൊണ്ടുവരാനാകുമെന്നും മണിക് സർക്കാർ പറഞ്ഞു.

സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗമാണ് മണിക്ക് സർക്കാർ. മറ്റ് പോളിറ്റ്ബ്യൂറോ അംഗങ്ങൾ ജനങ്ങളിൽനിന്ന് അകലുമ്പോൾ, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയാണ് ഈ 66-കാരൻ. 1998 മുതൽ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് അദ്ദേഹം. മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റശേഷം പാർട്ടിക്ക് സംസ്ഥാനത്ത് മുന്നേറ്റമല്ലാതെ പിന്നോട്ടുപോയിട്ടില്ല. അഴിമതിയുടെ കറപുരളാത്ത മുഖ്യമന്ത്രിയെന്ന് എതിരാളികൾ പോലും വാഴ്‌ത്തുന്ന ജീവിതശൈലിക്കുടമയാണ് അദ്ദേഹം.