- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പോ..അതിനിടയ്ക്കാണ് നിങ്ങളീ ധരിക്കുന്ന വേഷത്തിന് അനുസരിച്ചല്ലാത്ത സമീപനം ശവത്തിനോട് സ്വീകരിക്കാൻ തയ്യാറായത്; ഏതുമതസ്ഥരും.. വലിയ ആദരവ് ശവത്തിന് കൊടുക്കും; അല്ല ഇരിക്ക്...ഞാൻ പറയട്ടെ...എന്നെ കൊണ്ട് പറയിപ്പിച്ചതാണ്: ഓർത്തഡോക്‌സ് സഭാപ്രതിനിധിയെ ഇരുത്തി പൊരിച്ച് മുഖ്യമന്ത്രി
മലപ്പുറം: കേരള പര്യടന വേദിയിൽ സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് സഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിൽ മറുപടി പറയുന്നതിനിടെയാണ് സഭാ തർക്ക വിഷയം ഉന്നയിച്ച ഓർത്തഡോക്‌സ് മലബാർ ഭദ്രാസന സെക്രട്ടറി ഫാ.തോമസ് കുര്യൻ താഴയിലിനെ സദസ്സിലിരുത്തി വിമർശിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
'സഭകൾ തമ്മിലുള്ള തർക്കത്തിന്റെ കാര്യത്തിൽ നടപടിയെടുക്കണം എന്ന് പറയുകയുണ്ടായി. അതീ യോഗത്തിൽ ഉന്നയിക്കേണ്ടത് ഉണ്ടായിരുന്നോ എന്ന സംശയം എനക്കുണ്ട്. ഉന്നയിച്ചാൽ പിന്നെ മറുപടി പറയുന്നതാണ് എന്റെ ശീലം. (ചിരിക്കുന്നു)..അത് അതിനേക്കാളും തകരാറുള്ള ഒരുകാര്യമാണ്. ഈ പ്രശ്‌നം പരിഹിരിക്കുന്നതിന് വേണ്ടി സർക്കാർ ആവശ്യമായതെല്ലാം ചെയ്തുവെന്ന് നിങ്ങൾ ഓർത്തഡോക്‌സ് സഭയുടെ ആളായതുകൊണ്ട് നിങ്ങളും മനസിലാക്കിയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഞാൻ വളരെ ചുരുക്കിയാണ് പറയുന്നത്.എനിക്ക് സമയം ഇല്ലാത്തതുകൊണ്ട്. അതിന്റെ ഭാഗമായി അവസാനം നടന്നത് എന്താണ്?
ഗവൺമെന്റ് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണാൻ ഒരുമന്ത്രിസഭാ ഉപസമിതിയെ വച്ചു. മന്ത്രിസഭാ ഉപസമിതിയുടെ മുന്നിൽ പോകാനേ നിങ്ങൾ തയ്യാറായില്ല. ഒരുവിഭാഗം തയ്യാറായില്ല. നിങ്ങളുടെ വിഭാഗം തയ്യാറായില്ല. നമ്മളുമായിട്ടൊക്കെ നല്ല ബന്ധം തന്നെയാ..നിങ്ങളെല്ലാവരും. അതിൽ പ്രശ്‌നമൊന്നുമില്ല. പക്ഷേ ആ ഉപസമിതിയുടെ മുന്നിൽ പോയില്ല. അപ്പോ..അതിനിടയ്ക്കാണ് നിങ്ങളീ ധരിക്കുന്ന വേഷത്തിന് അനുസരിച്ചല്ലാത്ത സമീപനം ശവത്തിനോട് സ്വീകരിക്കാൻ തയ്യാറായത്. ഏതുമതസ്ഥരും...എല്ലാവരും മനുഷ്യരാണല്ലോ..ഈ മനുഷ്യന്റെ ഒരു പ്രത്യേകത ശവത്തിനെ ആദരിക്കുക എന്നുള്ളതാണ്. വലിയ ആദരവ് ശവത്തിന് കൊടുക്കും. പക്ഷേ എന്താ നമ്മൾ കണ്ടത്? ശവം പിടിച്ചുമേടിക്കുക...രണ്ട് മൂന്നാഴ്ച കിടക്കുക...സംസ്‌കരിക്കാൻ പറ്റുന്നില്ല..ഇവരുടെ ചില തർക്കങ്ങൾ കാരണം. അങ്ങനെയാണ് മനംമടുത്തിട്ട് സർക്കാർ അതിൽ ഇടപെട്ട് ഒരു ഓർഡിനൻസ് കൊണ്ടുവന്നത്. സകലമാനപേരും അതിനെ അനുകൂലിച്ചു. ഇപ്പോ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. സംസ്‌കരിക്കൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
അതിന്റെ തുടർച്ചയായി..നമ്മളീ ലോഹ്യക്കാരായതുകൊണ്ട് ഇടയ്ക്കിടെ സംസാരിക്കുമല്ലോ..അങ്ങനെയാണ് ഞാൻ തന്നെ നിങ്ങൾ രണ്ടുകൂട്ടരെയും വിളിക്കുന്ന നില വന്നത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് സംസാരിച്ചു. പിന്നെ രണ്ടുകൂട്ടരെയും ഇരുത്തി സംസാരിച്ചു. സംസാരിക്കുമ്പോൾ രണ്ടുകൂട്ടരും ധാരാളം തർക്കങ്ങൾ ഉണ്ട്. ആ തർക്കങ്ങൾ പെട്ടെന്ന് പരിഹാരം കാണാൻ കഴിയുന്നതല്ല...എനിക്കൊരു നിർദ്ദേശം വയ്ക്കാനും കഴിയുന്നതല്ല. സാധിക്കുന്ന കാര്യം പ്രശ്‌നങ്ങൾ തുടർന്ന് ചർച്ച ചെയ്യുക എന്നതാണ്. അവസാനം ചർച്ചകളുടെ ഒടുവിൽ കുറേ യോഗങ്ങൾ കഴിഞ്ഞു..അപ്പോൾ ഞാൻ വച്ച നിർദ്ദേശം..പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പാണ്... തിരഞ്ഞെടുപ്പ് വരികയാണ്....എനിക്ക് വളരെയധികം സമയം നിങ്ങളുമായി ചെലവിടാൻ കഴിയുകയില്ല.മറ്റാരെങ്കിലും ആകാം...അപ്പോ ആര്..അത് ഞാൻ തന്നെ പറയുകാ..ഈ സഭാകാര്യങ്ങൾ ആയതുകൊണ്ട് എനിക്ക വലിയ നിശ്ചയമില്ല. നല്ലത് മറ്റ് ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുണ്ട്..അവരെ നിശ്ചയിക്കാം. നിങ്ങൾ രണ്ടുകൂട്ടരും അംഗീകരിക്കുന്നവരെ. അത് പറ്റില്ലാന്ന് നിങ്ങളുടെ കൂട്ടരാണ് പറഞ്ഞത്.
പറ്റില്ലാന്ന് പറഞ്ഞാൽ പിന്നെ നിർബന്ധിച്ചിട്ട് കാര്യമില്ലല്ലോ. പിന്നെ പറഞ്ഞു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഒരാളെ നോക്കാം. അങ്ങനെ ഒരാളെ നോക്കാം.നിങ്ങൾ പറയുന്ന എല്ലാം കേട്ട് ഒരുസമവായം ഉണ്ടാക്കാം. സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തി തന്നെ അങ്ങനെ നമുക്ക് നോക്കാം.അതും പറ്റില്ലായെന്ന് നിങ്ങളുടെ കൂട്ടർ പറഞ്ഞു. അപ്പോൾ അവര് പറഞ്ഞു നിങ്ങൾ തന്നെ ചർച്ച നടത്തിയാൽ മതി..മുഖ്യമന്ത്രി തന്നെ ചർച്ച നടത്തിയാൽ മതി എന്ന്. എന്റെ സമയക്കുറവ് കൊണ്ടാണ് ഇതെല്ലാം പറയുന്നത്..ആവട്ടെ. ചർച്ച ചെയ്യാം.
അങ്ങനെ അവസാനത്തെ ചർച്ചയിൽ,ഞാൻ പറഞ്ഞു..ഇപ്പോ തിരഞ്ഞെടുപ്പൊക്കെ ആയതുകൊണ്ട് നമ്മളെല്ലാം വളരെ തിരക്കിലാണ്. നിങ്ങളുടെയീ പ്രശ്‌നം പരിഹരിക്കാൻ കുറച്ചുസമയം വേണം. നിങ്ങൾ രണ്ടുകൂട്ടരും ചർച്ച ചെയ്യുക. ആദ്യത്തെ ദിവസം ഒന്നും ചർച്ച ചെയ്യേണ്ട. രണ്ടുഭാഗത്തുമുള്ള അഞ്ച് പുരോഹിതന്മാർ വീതം ഒന്നിച്ചൊന്ന് ഇരിക്കൂ. കുറച്ച് സമയം ഇരുന്നിട്ട് പിറ്റേ യോഗത്തിന്റെ തീയതികൾ നിശ്ചയിക്കാം.അങ്ങനെ ഒരുചർച്ച നടത്താം. അപ്പോൾ നിങ്ങളുടെ കൂട്ടർ പറഞ്ഞു..സിനഡ് കൂടിയശേഷമേ പറയാൻ കഴിയു... ആയിക്കോട്ടെ സ്വാഭാവികമല്ലേ,,,തീരുമാനം നമുക്ക് ഇതാകാമല്ലോ.,.അതംഗീകരിച്ചുപോയി. പിന്നെ കണ്ടതെന്താ..അതിനെ തള്ളിപ്പറയുന്നതാണ്. അവിടുന്ന് പിന്മാറി. ഒരുപ്രകോപനവും സൃഷ്ടിക്കരുത്..ഇപ്പോ നിൽക്കുന്നിടത്ത് നിൽക്കണം എന്ന പറഞ്ഞിരുന്നതാണ്. അവിടുന്ന് പിന്മാറി.
നിങ്ങൾ കൈവശപ്പെടുത്താൻ നോക്കുന്ന പള്ളികൾ ഏതാണ്? അത് മനസ്സിലാക്കണം നിങ്ങൾ.ഞാൻ !ഒരുപള്ളിയുടെ കാര്യംഈ ചർച്ചയുടെ കൂട്ടത്തിൽ കേട്ടു. ആ കേട്ടതിൽ അവിടെയുള്ള കുടുംബങ്ങളിൽ മൂന്നു കുടുംബമാണ് നിങ്ങളുടെ വിഭാഗത്തിന്റേത്. ബാക്കി മുഴുവൻ മറ്റ്‌വിഭാഗവും....അല്ല ഇരിക്ക് .ഞാൻ പറയട്ടെ..നിങ്ങൾ പറഞ്ഞതുകൊണ്ടാണല്ലോ..എന്നെ കൊണ്ട് പറയിപ്പിച്ചതാണ് .തൽക്കാലം ഇരിക്കൂ.. തൽക്കാലം ഇരിക്കൂ..ഞാൻ പറയട്ടെ..നിങ്ങൾ എന്തിനിത് പറഞ്ഞു? മൂന്ന് ഫാമിലി മാത്രമാണ് നിങ്ങളുടെ ഭാഗത്തുള്ളത്. ഒരുപ്രദേശത്ത്. ബാക്കി മുഴുവൻ മറ്റവരും. അതാ പ്രശ്‌നം. ആ പള്ളിയാണ് നിങ്ങൾക്ക് പിടിച്ചുതരേണ്ടത്..നിങ്ങൾക്ക് പിടിച്ചുതന്നത്. പള്ളി പിടിക്കാൻ പോകുമ്പോഴുള്ള പ്രശ്‌നങ്ങൾ അവിടെയുണ്ട്. വലിയ വികാരമല്ലേ ആളുകൾക്ക്.ആ വികാരം ചെറുതാണോ?
ജുഡീഷ്യറിയെ മാനിക്കാത്ത പ്രശ്‌നമല്ല ഇത്. ജുഡീഷ്യറിയുടെ തീരുമാനത്തിൽ നിന്നുകൊണ്ട് തന്നെ..എങ്ങനെ പ്രശ്‌നങ്ങൾചർച്ച ചെയ്ത് പരിഹരിക്കാൻ പറ്റുമെന്ന് നോക്കണം. അതിൽ നിന്നാണ് നിങ്ങൾ പുറകോട്ട് പോയത്. നിങ്ങളുടെ മുതിർന്നവരോട്‌ചോദിക്കു..എന്താണ് പിന്നോട്ട് പോയതെന്ന്. എന്നിട്ട് ബാക്കി എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ വരീൻ നമുക്ക് സംസാരിക്കാം. '
'മുഖ്യമന്ത്രിയുടെ പരാമർശം വേദനയുണ്ടാക്കി'
മുഖ്യമന്ത്രി മലപ്പുറത്തെ കേരള പര്യടന പരിപാടിയിൽ നടത്തിയ പരാമർശം വേദനയുണ്ടാക്കിയെന്ന് ഓർത്തഡോക്‌സ് സഭ പ്രതിനിധി. സഭ തർക്കത്തിലും സംവരണ വിഷയത്തിലുമുള്ള ചോദ്യങ്ങൾക്ക് ഉചിതമായ മറുപടി ലഭിച്ചില്ലെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ മലബാർ ഭദ്രാസനം സെക്രട്ടറി ഫാ.തോമസ് കുര്യൻ താഴയിൽ പറഞ്ഞു
രണ്ട് കാര്യങ്ങളാണ് ഞാൻ സംവാദത്തിൽ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഒന്ന് സംവരണത്തെ പറ്റിയും മറ്റൊന്ന് പള്ളി പ്രശ്‌നവും. ഇതിൽ രണ്ടിലും അദ്ദേഹം നൽകിയ മറുപടി വ്യക്തിപരമായി വിഷമിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ശൈലി അങ്ങനെ ആയതുകൊണ്ടാകാം. മുഖ്യമന്ത്രിയോട് എനിക്ക് ബഹുമാനം ആണ്. വികസന കാര്യങ്ങളിലും മറ്റും അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് അംഗീകരിക്കുന്നു. പക്ഷേ ഞാൻ ഒരു സഭയിൽ വച്ച് ചോദിച്ച കാര്യങ്ങളോട് അദ്ദേഹം പറഞ്ഞ മറുപടി ഏറെ വേദനിപ്പിക്കുന്നു
അപമാനിച്ചു എന്ന് തോന്നിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ പറയുന്നില്ല എന്ന് ആയിരുന്നു മറുപടി. നേരത്തെ യോഗത്തിന് ശേഷം ഹാളിനു പുറത്ത് വച്ച് ഫാദർ തോമസ് കുര്യൻ താഴയിൽ പ്രതിഷേധം അറിയിച്ചതോടെ സംഘാടകർ അദ്ദേഹത്തെ നയപൂർവം ശാന്തനാക്കി പുറത്തേക്ക് കൊണ്ടുപോകുക ആയിരുന്നു. അതേസമയം, മുഖ്യമന്ത്രി അത്തരത്തിൽ പെരുമാറിയിട്ടില്ല എന്നാണ് സംഘാടകരുടെ വിശദീകരണം
വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപഓളം പേരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇവരുടെ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും മുഖ്യമന്ത്രി വിശദീകരണം നൽകി.