തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി.കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ഊട്ടിയിൽ നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. കരസേനയുടെ മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ണിൽനിന്ന് വൈകിട്ട് 7.30ന് പുറപ്പെടും.രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്.

മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് മലയിടുക്കിൽ കുടങ്ങിയത്. രക്ഷാപ്രവർത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റർ നിരീക്ഷണത്തിനു ശേഷം മടങ്ങിയിരുന്നു.ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കിൽ എത്താൻ ബുദ്ധിമുട്ടാണെന്നാണ് വിവരം. ബാബുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കലക്ടർ അറിയിച്ചു.

ഭക്ഷണവും വെള്ളവുമില്ലാതെം ബാബു മലയിടുക്കിൽ കഴിയാൻ തുടങ്ങി 28 മണിക്കൂറിലേറെയായി.നിലവിൽ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണു നടത്തുന്നത്. എൻഡിആർഎഫും കാടു പരിചയമുള്ള ആദിവാസി സംഘവും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വെളിച്ചം മങ്ങുന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമാകും.അതേസമയം കോഴിക്കോട്ടു നിന്നും പർവ്വതാരോഹക സംഘം ഉടൻ മലമ്പുഴയിൽ എത്തുമെന്നാണ് വിവരം. ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ പാലക്കാട് കലക്ടർ മൃൺമയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല. രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാൽ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്.

കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.