തിരുവനന്തപുരം : കേരള പുനർനിർമ്മാണത്തിന് ക്രൗഡ് ഫണ്ടിംഗാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയാണ് വിദേശത്തേക്ക് മുഖ്യമന്ത്രിയടക്കം 17 മന്ത്രിമാർ പോകാൻ തീരുമാനിച്ചത്. എന്നാൽ വിദേശ ഫണ്ട് ശേഖരണത്തിലൂടെയുള്ള പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ എതിരു നിന്നു. ഇതോടെ മുഖ്യമന്ത്രി വെട്ടിലായി. യുഎഇയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മാത്രമേ വിദേശകാര്യ വകുപ്പ് അനുമതി നൽകിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ മറ്റ് മന്ത്രിമാർക്ക് വിദേശത്ത് പോകാനാകൂമോ എന്നത് അനിശ്ചിതത്വത്തിൽ കുടുങ്ങുകയാണ്. ഇതോടെ 5000 കോടി പിരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിദേശ യാത്രാ പരിപാടിയും പ്രതിസന്ധിയിലായി. 5 കോടിയെങ്കിലും ഈ യാത്രയിലൂടെ കിട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

അതിനിടെ പ്രളയ പുനർനിർമ്മാണ ഫണ്ട് സ്വീകരിക്കാൻ വിദേശത്തുപോകുന്ന മന്ത്രിമാർ മലയാളികളിൽനിന്നു മാത്രം സഹായം സ്വീകരിച്ചാൽ മതിയെന്നു തീരുമാനം. കറൻസിയും ചെക്കും ഒഴിവാക്കി, ഡിമാൻഡ് ഡ്രാഫ്റ്റാ(ഡി.ഡി)യി മാത്രമാകും സഹായം സ്വീകരിക്കുക. ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുക്കും. വിദേശ സഹായം സ്വീകരിക്കുന്നതിൽ വലിയ എതിർപ്പ് കേന്ദ്രത്തിനുണ്ട്. കണക്കുകൾ കൃത്യമാക്കാനാണ് ഡിഡി മാത്രം മതിയെന്ന തീരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നത്. അതിനടെ എന്നാൽ, മന്ത്രിമാർക്കു വിദേശയാത്രാനുമതി ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ യു.എ.ഇ. യാത്രയും മാറ്റിവയ്ക്കണമെന്നാണു ചില ഇടതുനേതാക്കളുടെ നിലപാട്. എന്നാൽ യുഎഇയിൽ നിന്ന് വലിയ തുക കിട്ടുമെന്ന പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ മുൻകൂട്ടി പ്രഖ്യാപിച്ച പരിപാടികൾക്ക് തടസ്സം വരാതിരിക്കാൻ മുഖ്യമന്ത്രി ദുബായിൽ പോകുമെന്നാണ് സൂചന.

വിദേശികളുടെയും വിദേശസ്ഥാപനങ്ങളുടെയും സംഘടനകളുടെയും സംഭാവന സ്വീകരിക്കേണ്ടെന്നാണു ധാരണ. മന്ത്രിമാർക്കു വിദേശയാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു സർക്കാർ. നിലവിൽ മുഖ്യമന്ത്രിക്കു മാത്രമേ കേന്ദ്രാനുമതി ലഭിച്ചിട്ടുള്ളൂ. സംഭാവന സ്വീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ കർശനവ്യവസ്ഥകൾ പാലിക്കേണ്ടതിനാലാണു മലയാളികളിൽനിന്നു മാത്രം ധനഹമാഹരണം നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കല്ലാതെ ഡി.ഡി. സ്വീകരിക്കില്ല. മലയാളി അസോസിയേഷനുകൾ നൽകുന്ന പട്ടികപ്രകാരമാകും ധനസമാഹരണം. സംശയനിഴലിലുള്ള സംഘടനകളുടെ സംഭാവന പിന്നീടു സർക്കാരിനെ സ്വാധീനിക്കാതിരിക്കാനാണു കേന്ദ്രം കർശനവ്യവസ്ഥകൾ ഏർപ്പെടുത്തിയത്. ഇതെല്ലാം 5000 കോടിയെന്ന കേരളത്തിന്റെ ലക്ഷ്യത്തിന് എതിരായി മാറും.

മന്ത്രിമാർക്കും യാത്രാനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യമന്ത്രാലയത്തിനു കത്തയച്ചു.അവസാനനിമിഷം കേന്ദ്രവിദേശകാര്യ മന്ത്രാലയം മന്ത്രിമാർക്ക് വിദേശസന്ദർശനത്തിന് അനുമതി നൽകിയേക്കും. എന്നാൽ അമേരിക്ക,കാനഡ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മന്ത്രിമാരുടെ യാത്ര മുടങ്ങും. കാരണം ഈ രാജ്യങ്ങളിലേക്കുള്ള വിസ നേരത്തേ സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം മന്ത്രിമാരുടെ യാത്രാതീയതി മാറ്റേണ്ടി വരും. ഇതെല്ലാം സർക്കാരിന് മുമ്പിൽ പ്രതിസന്ധിയായി ഇണ്ട്. അതിനിടെ ഡിഡിയായി തുകവാങ്ങാൻ മന്ത്രിമാർ എന്തിന് വിദേശത്ത് പോകുന്നുവെന്ന ചോദ്യവും സജീവമാണ്. ഡിഡി പ്രവാസി സംഘടനകളിലൂടെ സ്വീകരിച്ച് കേരളത്തിൽ എത്തിച്ചാൽ മന്ത്രിമാരുടെ യാത്രാ ധൂർത്തും ഇല്ലാതെയാകും.

വിദേശപ്രതിനിധികളുമായി ചർച്ച നടത്തരുതെന്നും ദുരിതാശ്വാസവുമായി ബന്ധമില്ലാത്ത യോഗങ്ങളിൽ പങ്കെടുക്കരുതെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ദുബായിലേക്കു പോകും. 21 വരെയാണ് അദ്ദേഹത്തിന്റെയും 17 മന്ത്രിമാരുടെയും സന്ദർശനം നിശ്ചയിച്ചിരുന്നത്. സംഭാവന കൂടാതെ, പുനർനിർമ്മാണപദ്ധതികൾ ഏറ്റെടുത്തു നടത്താനുള്ള താത്പര്യം ചില സംഘടനകളും വ്യക്തികളും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രളയാനന്തര പുനർനിർമ്മിതിയുടെ ചുമതല വനം, പട്ടികജാതി/വർഗവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വേണുവിനു നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.