പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനത്തോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഭക്തർ ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചരണം നടത്തുകയായിരുന്നു സംഘപരിവാർ. ഈ പ്രചരണം മൂലം തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തിന് കുറവു വന്നുവെന്നുമാണ് പ്രചരണം. എന്നാൽ ഈ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.

യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ റെക്കോർഡ് തിർഥാടകർ മലകയറിയ ചിത്തിര ആട്ടത്തിരുനാളിൽ ശബരിമലയിൽ 28 ലക്ഷം രൂപ നടവരവുണ്ടായെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷം തുലാമാസ പൂജയോടു ചേർന്ന് ചിത്തിര ആട്ടത്തിരുനാൾ വന്നതിനാൽ അന്നത്തെ നടവരവ് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, കഴിഞ്ഞ വർഷം നാലായിരത്തിൽ താഴെ ആളുകളാണ് ദർശനത്തിന് എത്തിയതെന്ന കണക്കുണ്ട്. ഇത്തവണ 13,675 പേർ എത്തി എന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. 3,054 പേർ നെയ്യഭിഷേകം നടത്തി.

ശബരിമലയിൽ കാണിക്ക ഇടുന്നതിനെതിരെ സംഘ് പരിവാർ സംഘടനകളുടെ വ്യാപക പ്രചാരണം ഉണ്ടായിരുന്നെങ്കിലും അത് നടവരവിനെ ബാധിച്ചില്ലെന്നാണ് വിലയിരുത്തൽ. സ്വാമി ശരണം എന്നെഴുതിയ നൂറു കണക്കിനു കടലാസുകൾ കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചിരുന്നു. അതേസമയം ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ വരുമാനത്തിൽ ഇടിവുണ്ട്. പ്രളയമാണ് ഇവിടങ്ങളിൽ പ്രശ്‌നമായെന്നാണ് പൊതുവിലയിരുത്തൽ.

1236 ക്ഷേത്രങ്ങളാണ് ബോർഡിന്റെ കീഴിലുള്ളത്. ഇതിൽ ചെറുതും വലുതുമായ 127 ക്ഷേത്രങ്ങളാണ് സ്വയംപര്യാപ്തമായവ. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾക്കും പണം കണ്ടെത്തുന്നത് ശബരിമലയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.

ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ശബരിമലയിലേക്ക്

മണ്ഡലകാല പൂജക്കായി ശബരിമല തുറക്കുന്നതിനു് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ശബരിമലയിലേക്ക് പോയേക്കും. ഒരുക്കങ്ങൾ വിലയിരുത്താൻ ബുധനോ വ്യാഴമോ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഒരുക്കങ്ങൾ ഇഴയുന്നുവെന്ന വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയും ശബരിമല ഉന്നതാധികാര സമിതിയും നാളെ അവലോകന യോഗങ്ങളും വിളിച്ചിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ടാറ്റ പ്രോജക്ട്‌സിനു സർക്കാർ കർശന നിർദ്ദേശം നൽകി.

ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ അവലോകനയോഗം നാളെ രാവിലെയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള യോഗം ഉച്ചയ്ക്കു ശേഷവുമാണ്. പൊലീസ് ഉദ്യോഗസ്ഥരും വിവിധ സർക്കാർ വകുപ്പു മേധാവികളും ദേവസ്വം ബോർഡ് അധികൃതരും പങ്കെടുക്കും. ടാറ്റ പ്രോജക്ട്‌സിന്റെ ജോലി 70 % പൂർത്തിയായെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഈ മാസം തന്നെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കണമെന്നാണു നിർദ്ദേശം. എന്നാൽ, എത്ര വേഗം കൂട്ടിയാലും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകില്ലെന്നും വിലയിരുത്തുന്നു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ഉച്ചയ്ക്കു മൂന്നിനു പമ്പ സന്ദർശിക്കും. മണ്ഡലകാലത്തിനു നടതുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ശബരിമലയിൽ ഒരുക്കങ്ങളും വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു സന്ദർശനം. അതിനിടെ സന്നിധാനത്ത് വലിയ സുരക്ഷ ഒരുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

മണ്ഡലമകരവിളക്കു കാലത്ത് സുരക്ഷയ്ക്കായി 16,000 പൊലീസുകാരെ നിയോഗിക്കും. 4 ഘട്ടമായി ശരാശരി 4000 പൊലീസുകാർ വീതം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ചുമതലയിലുണ്ടാകും. 15 ദിവസം കൂടുമ്പോൾ ഉദ്യോഗസ്ഥ സംഘങ്ങൾ മാറും. സന്നിധാനത്താകും ഏറ്റവും കൂടുതൽ പൊലീസുകാരെ നിയോഗിക്കുക 1500. വനിതാ തീർത്ഥാടകരുടെ സുരക്ഷയ്ക്കായി 60 എസ്‌ഐമാർ ഉൾപ്പെടെ 900 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. നാവിക, വ്യോമസേനകളുടെ സഹായത്തോടെ ആകാശനിരീക്ഷണം ഏർപ്പെടുത്തും. നിലയ്ക്കലിൽ ഹെലിപ്പാഡും സജ്ജമാക്കും.

അതിനിടെ കഴിഞ്ഞ 16, 17 തീയതികളിൽ നിലയ്ക്കലിൽ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമങ്ങളിലും ചിത്തിര ആട്ടത്തിരുന്നാൾ ദിവസം സന്നിധാനത്തുണ്ടായ അക്രമങ്ങളിലും ഉൾപ്പെട്ട 2 പേർ കൂടി അറസ്റ്റിലായി. നിലയ്ക്കൽ അക്രമവുമായി ബന്ധപ്പെട്ടു പമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊടുമൺ പാറവിളപ്പടി ആലപ്പാട്ട് കിഴക്കേതിൽ പ്രവി ബാബു (21), ചിത്തിര ആട്ടപൂജാ ദിവസം സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം കിടങ്ങൂർ അമ്പലത്തിനു സമീപം കൃഷ്ണവിലാസം കൃഷ്ണകുമാർ (40) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.