കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 2016 മുതൽ ജനുവരി 2022 വരെ സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങളെന്ന് വിവരാവകാശ രേഖ. യുഎഇ, ബഹ്റൈൻ, യുഎസ്എ, നെതർലാൻഡ്സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, സൗത്തുകൊറിയ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് പൊതുഭരണ വകുപ്പ് (പൊളിറ്റിക്കൽ) നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

നിക്ഷേപം വന്നോ? മറുപടിയില്ല

അതേസമയം 2016 മെയ് മുതൽ 2022 ജനുവരി 31 വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന് ശേഷം കേരളത്തിൽ നിക്ഷേപം നടത്തിയ വിദേശ കമ്പനികളുടെ എണ്ണം, കമ്പനികളുടെ പേര്, മേൽപ്പറഞ്ഞ കാലയളവിൽ സൃഷ്ടിച്ച നിക്ഷേപം എത്ര, തൊഴിലവസരങ്ങൾ എന്നിവ വ്യക്തമാക്കുക എന്ന ഗോവിന്ദൻ നമ്പൂതിരിയുടെ ചോദ്യത്തിന് പൊതുഭരണ വകുപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകിയില്ല.

ഇത് കൂടാതെ, മുഖ്യമന്ത്രിയുടെ ഉപദേശകർ എത്ര തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. 2016 മെയ് മുതൽ 2022 ജനുവരി 31 വരെ ഓരോ ഉപദേഷ്ടാവും സന്ദർശിച്ച രാജ്യങ്ങളുടെ ലിസ്റ്റ് സമർപ്പിക്കുക എന്ന ഗോവിന്ദന്റെ ചോദ്യത്തിനും പൊതുഭരണ വകുപ്പ് മറുപടി നൽകിയില്ല.