തിരുവനന്തപുരം: കൊച്ചിയിൽ നടൻ ഷൈൻ ടോം ചാക്കോയും മോഡലിങ് രംഗത്തെ നാലു യുവതികളും അറസ്റ്റിലായ മയക്കുമരുന്നുകേസ് ഞെട്ടിക്കുന്ന ക്ലൈമാക്‌സിലേക്കെന്ന് മംഗളം പത്രം. എന്നാൽ കഴമ്പില്ലാത്ത കഥയാണ് ഇതെന്ന് പൊലീസ്.

മലയാളസിനിമയിൽ ന്യൂജനറേഷൻ തരംഗം തീർത്ത യംഗ് സൂപ്പർസ്റ്റാർ ഫഹദ് ഫാസിൽ, സംവിധായകൻ ആഷിക് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കൽ എന്നിവരിൽനിന്ന് ഈ കേസിൽ തെളിവെടുക്കാൻ പൊലീസ് ഉന്നതതലയോഗം തീരുമാനിച്ചുവെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കൊക്കെയ്ൻ കേസിൽ ന്യൂജനറേഷൻ സിനിമാരംഗത്തെ പ്രമുഖരെ ചോദ്യംചെയ്യാൻഅനുമതി തേടിക്കൊണ്ടുള്ളതായിരുന്നു തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്കു കൊച്ചി പൊലീസ് അയച്ച കത്തിന്റെ ഉള്ളടക്കം. മോഡലിങ് രംഗത്തെ സാന്നിധ്യമായ രേഷ്മാ രംഗസ്വാമിയാണു കേസിലെ മുഖ്യകണ്ണി. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് പൊലീസിന്റെ നിലപാട്.

ഇത്തരം ആരോപണങ്ങളിൽ ഒന്നും കഥയില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ ഈ താരങ്ങളുമായി ബന്ധിപ്പിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും കൊച്ചി പൊലീസ് വക്താവ് മറുനാടൻ മലയാളിയോട് പറഞ്ഞു. അഥവാ ഇവരെ ചോദ്യം ചെയ്യണമെങ്കിൽ ഡിജിപിയുടെ അനുമതി ആവശ്യവുമില്ല. ഇവരാരും ഭരണഘടനാ പദവി വഹിക്കുന്നവർ ഒന്നുമല്ല. ഇതൊക്കെ ഓരോരുത്തർ തരാതരം ഇറക്കി വിടുന്ന കഥകൾ മാത്രമാണെന്നും പൊലീസ് വക്താവ് പറഞ്ഞു. ന്യൂ ജനറേഷൻ സിനിമയുമായി ബന്ധപ്പെട്ട് മുമ്പ് മുതലേ ഉള്ള ആരോപണമാണ് മയക്കുമരുന്ന് ബന്ധം. ഈ മൂന്ന് പേരുകൾ സിനിമാക്കാർക്കിടയിൽ പണ്ടേ പ്രചരിച്ചിരുന്നു. ഷൈൻ ടോം ചാക്കോ പിടിക്കപ്പെടുമ്പോൾ ഇറങ്ങിയ ഗോസിപ്പുകളിൽ ഇവർ തന്നയാണ് കഥാപാത്രങ്ങൾ. എന്നാൽ ഒരിക്കൽ പോലും സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഉണ്ടായില്ല. അതിനിടെയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് മംഗളം പ്രസിദ്ധീകരിച്ചത്.

ശോഭാ സിറ്റിയിൽ സുരക്ഷാജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാനപ്രതി മുഹമ്മദ് നിസാമിന്റെ കൊച്ചയിലെ ഫഌറ്റിൽനിന്നാണു കഴിഞ്ഞ 31ന്‌ െഷെൻ ടോം ചാക്കോയേയും മോഡലുകളെയും കൊക്കെയ്ൻ ഉപയോഗിക്കുന്നതിനിടെ പിടികൂടിയത്. ഈ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫഹദ് ഫാസിലിലേക്കും ആഷിഖ് അബുവിലും റീമാ കല്ലിംഗലിലേക്കും കാര്യങ്ങൾ എത്തിയത്. കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഒരു യുവരാഷ്ട്രീയനേതാവും ഇവർക്ക് ഒത്താശ ചെയ്തിരുന്നതായി പൊലീസിന്റെ രഹസ്യ റിപ്പോർട്ടിൽ പറയുന്നു.

രേഷ്മയുടെ പഴ്‌സണൽ കമ്പ്യൂട്ടറിൽനിന്നു ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ പൊലീസ് കണ്ടെടുത്തു. ഇവരുടെ പാസ്‌പോർട്ടും പിടിച്ചെടുത്തു. രേഷ്മയ്ക്കു വിദേശികളുമായി അടുത്തബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. ബൊളീവിയ സ്വദേശിയായ യുവതിയുമായി ഇവർക്കുള്ള അടുപ്പം പരിശോധിച്ചുവരുകയാണ്. മലയാള സിനിമയിൽ ന്യൂജനറേഷൻ രംഗത്തു പ്രവർത്തിക്കുന്ന മുഴുവൻ താരങ്ങളെയും സാങ്കേതികവിദഗ്ധരെയും നിരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് മംഗളത്തിന്റെ റിപ്പോർട്ട്.

നേരത്തേ, മയക്കുമരുന്നിന്റെ ലഹരിയിൽ അയൽ ഫഌറ്റിലെ യുവതിയെ നഗ്‌നനായി കടന്നുപിടിച്ച കേസിൽ യുവ തിരക്കഥാകൃത്ത് ഹാഷിർ മുഹമ്മദ് (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി) അറസ്റ്റിലായയതും കൊച്ചിയിലായിരുന്നു. മലയാളത്തിലെ ന്യൂജനറേഷൻ സിനിമാപ്രവർത്തകർ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് അടുത്തിടെ നടൻ ശ്രീനിവാസൻ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരുന്നു. ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ ഈ കേസിലെ പരൽമീൻ മാത്രമാണെന്നു പൊലീസിനു നേരത്തേ സൂചന ലഭിച്ചിരുന്നതായും മംഗളം പറയുന്നു