തൃശൂർ: കൊച്ചിയിലെ കൊക്കെയ്ൻ കേസിൽ ഇനി പിടിയാകാനുള്ള ഒറ്റുകാരൻ മാത്രമേ? പൊലീസിന് വിവരങ്ങൾ നൽകിയത് യഥാർത്ഥത്തിൽ കൊച്ചിയിലെ മയക്കുമരുന്ന് രാജാവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിഗമനം. ഇയാളെ പിടികൂടാനുള്ള തന്ത്രങ്ങൾ പൊലീസ് ഒരുക്കിയെങ്കിലും വലപൊട്ടിച്ച് ഇയാൾ രക്ഷപ്പെട്ടു. ഈ വ്യക്തിക്ക് വേണ്ടിയുള്ള തെരച്ചലിലാണ് പൊലീസ് ഇപ്പോൾ.

കൊക്കെയ്ൻ കേസിലെ ഒറ്റുകാരൻ രണ്ടു ദിവസമായി ഒളിവിലാണ്. ഇയാളുടെ ഡ്രൈവറും ഒളിവിൽ പോയി. മൊബൈൽ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. പൊലീസ് പല തവണ ബന്ധപ്പെടാൻ നോക്കിയെങ്കിലും സാധിച്ചില്ല. കൊച്ചിയിൽ ഹൈക്കോടതിക്കു സമീപം ഒരു ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിൽ നിന്നാണ് ഇയാൾ അപ്രത്യക്ഷനായത്. ഇവിടെ താമസിച്ചാണ് കൊക്കെയ്ൻ കച്ചവടവും സ്‌മോക് പാർട്ടികളും നടത്തിവന്നത്.

അഡംബര കാറുകളും ഒളിപ്പിച്ചിരിക്കുകയാണ്. കേസ് അന്വേഷിക്കുന്ന സംഘവുമായി ഇയാൾ നല്ല സൗഹൃദത്തിലായിരുന്നു. എന്നാൽ, പൊലീസും ഈ യുവാവും ചേർന്നു നടത്തിയ നീക്കങ്ങൾ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത് ഇവർ അറിഞ്ഞില്ല. പിടിവീഴുമെന്ന് ഉറപ്പായതോടെ ഇയാൾ മുങ്ങി. മറ്റു പലരെയും കസ്റ്റഡിയിലുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ പിടികൂടുന്ന പൊലീസ്, പക്ഷേ, ഈ യുവാവുമായുള്ള പ്രതികളുടെ ബന്ധം കണ്ടില്ലെന്ന് നടിക്കുകയാണ്. അതിനെക്കുറിച്ച് ചോദിച്ചതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

അങ്ങനൊരു വ്യക്തിയെക്കുറിച്ച് അറിയില്ല, അല്ലെങ്കിൽ ബന്ധമില്ല, എന്ന മട്ടിലാണ് അന്വേഷണം. ഇത് മനസ്സിലാക്കിയാണ് രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടത്. പിടിക്കാനുള്ള നീക്കങ്ങൾക്കിടെ വിവരം ചോർന്നതായും സംശയമുണ്ട്. ഇതും ഇന്റലിജൻസ് പരിശോധിക്കും. പൊലീസിലെ ആരെങ്കിലുമാണ് വിവരം നൽകിയത് എന്നാകും അന്വേഷിക്കുക.

ഇതിനിടെ ഇന്നലെ ചെന്നൈയിൽ പിടിയിലായ പൃഥ്വിരാജ് (25) കസ്റ്റഡിയിലുള്ള രേഷ്മയുടെ കാമുകനാണെന്ന് പൊലീസ് സൂചിപ്പിച്ചു. പൃഥ്വിരാജും ഒപ്പം പിടിയിലായ ജസ്ബീർ സിംഗും സുഹൃത്തുക്കളാണ്. കൊക്കെയ്ൻ കേരളത്തിലെത്തിച്ച ഒക്കോവെയയും മോഡൽ രേഷ്മ രംഗസ്വാമിയെയും ബന്ധിപ്പിച്ചത് ഇവരാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. രേഷ്മയുടെ ഭർത്താവെന്നു പറയപ്പെടുന്ന ആളെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും സൂചനയുണ്ട്.

കേസിൽ അറസ്റ്റിലായ നടൻ ഷൈം ടോം ചാക്കോ സഹസംവിധായിക ബ്ലസി സിൽവസ്റ്റർ, മോഡൽ രേഷ്മ, ടിൻസി ബാബു സ്‌നേഹ ബാബു നൈജീരിയൻ പൗരൻ ഓക്കാവെ ചീഗോസി കോളിൻസ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എറണാകുളം അസി. കമ്മിഷണർ എസ്.ടി. സുരേഷ്‌കുമാറിന്റെ നിർദേശപ്രകാരം ചെന്നൈയിലെത്തിയ സെൻട്രൽ സിഐ ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പൃഥ്വിരാജിനെയും ജസ്ബീനെയും അറസ്റ്റ് ചെയ്തത്.