300 ലക്ഷം ഡോളറിന്റെ മയക്കുമരുന്ന് സിഡ്നിയിലേക്ക് കടത്തിയ രണ്ട് കനേഡിയൻ യുവതികൾ ഇക്കഴിഞ്ഞ വീക്കെൻഡിൽ അറസ്റ്റിലായി. മെലിന റോബെർഗ്(23), ഇസബെല്ല ലഗസ്സ്(28) എന്നിവരാണ് പിടിയിലായത്. ഒരു ആഡംബര ക്രൂയിസ് കപ്പലിലായിരുന്നു ഇവർ കൊക്കയിൻ കടത്തിയിരുന്നത്. 20,000 ഡോളർ മുടക്കി അടിപൊളി ക്രൂയിസിങ് ഇവർ നടത്തുന്നത് പതിവാണെന്നും ഇത്തരം ആഡംബരയാത്രകളുടെ ചിത്രങ്ങൾ ദിവസവും ഫേസ്‌ബുക്കിൽ ഇട്ട് ആഘോഷിക്കുന്നവരാണ് ഈ യുവതികളെന്നും വെളിപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഓസ്ട്രേലിയയിലെത്തിയ സീ പ്രിൻസസ് ക്രൂയിസ് എന്ന കപ്പലിൽ നിന്നാണിവർ അറസ്റ്റിലായിരിക്കുന്നത്. ബ്രിട്ടനിൽ നിന്നും പുറപ്പെട്ട ഈ ക്രൂയിസ് കാനഡ, യുഎസ്എ, കൊളംബിയ, പെറു, ഓക്ക് ലാൻഡ് എന്നിവ ചുറ്റിക്കറങ്ങിയാണ് അവസാനം സിഡ്നിയിൽ എത്തിയിരുന്നത്.

ഈ രണ്ട് യുവതികളെയും കൂടെയുണ്ടായിരുന്നു ആൻഡ്രെ താമിൻ എന്ന 63കാരനെയും തിങ്കളാഴ്ച സിഡ്നിയിലെ കോടതിക്ക് മുമ്പിൽ ഹാജരാക്കിയിരുന്നു. മൂന്ന് പേരും കാനഡയിലെ ക്യൂബെക്കിൽ നിന്നുള്ളവരാണ്. കഠിന തടവ് ശിക്ഷ ഇവർക്ക് ലഭിക്കുമെന്നുറപ്പാണ്. രാജകീയമായ ജീവിതമാണ് അറസ്റ്റിലാകുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ യുവതികൾ നടത്തിയിരിക്കുന്നതെന്നാണ് അവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ വെളിപ്പെടുത്തുന്നത്. വിവിധയിടങ്ങളിൽ അവർ ആഡംബര യാത്രകൾ നടത്തി ഇവയുമായി ബന്ധപ്പെട്ട ധാരാളം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്. ക്യൂബെക്കിലെ പൻഡോറ ജൂവലറി സ്റ്റോറിലാണ് ഇതിൽ റോബെർഗ് എന്ന യുവതി ജോലി ചെയ്യുന്നത്. ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ബിക്കിനി ധരിച്ച് നിൽക്കുന്ന വിവിധ പോസുകളിലുള്ള ചിത്രങ്ങൾ കാണാം. ഇക്വഡോർ, പെറു തുടങ്ങിയവ പോലുള്ള ഇടങ്ങളിലെ ആഡംബര റിസോർട്ടുകളിലാണ് ഇവർ മതിമറന്നാഹ്ലാദിച്ചിരിക്കുന്നതെന്ന് ഈ ചിത്രങ്ങളിലൂടെ വെളിപ്പെടുന്നു.

പെറുവിലെത്തിയിരുന്നപ്പോൾ റോബെർഗ് അവിടുത്തെ കുട്ടികളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് ആദ്യത്തിൽ ചില സന്ദർശിച്ച ഇവർ ഇവിടെയുള്ള വാൽപറൈസോയുടെ 100 പടിക്കെട്ടുകൾ കയറി മുകളിലത്തെ പടിയിൽ നിന്ന് ഫോട്ടോയെടുത്ത് പോസ് ചെയ്തിരുന്നു. ഇതു പോലെ തന്നെ ലഗസ്സിന്റെ ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും അവർ വിവിധയിടങ്ങൾ സന്ദർശിച്ചതിന്റെ സമാനമായ ചിത്രങ്ങൾ ആഡംബരപൂർവം പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം. ഇതിലെ ബിക്കിനി ധരിച്ച് നിൽക്കുന്ന മിക്ക ചിത്രങ്ങളും താഹിതിയിൽ നിന്നും എടുത്തവയാണ്. നിമിഷങ്ങളെയാണ് ശേഖരിക്കേണ്ടതെന്നും കാര്യങ്ങളെയല്ലെന്നും ഇവയ്ക്ക് ലഗസ്സ് കാപ്ഷൻ നൽകിയിട്ടുണ്ട്.

തങ്ങളുടെ ലോക പര്യടനത്തിനിടയിൽ ഫ്രഞ്ച് പോൽനേഷ്യയിലെ പാപീറ്റെയിൽ വച്ചും ഈ യുവതികൾ ചുറ്റിക്കറങ്ങിയിരുന്നു. ഇവിടെ വച്ച് ടാറ്റൂ കുത്തുന്ന റോബെർഗിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഒരു പാസഞ്ചർ ട്രാൻസ്പോർട്ടേഷനിൽ നിന്നും വേട്ടയാടുന്ന ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരമാണിതെന്നാണ് ഞായറാഴ്ച യുവതികളെ അറസ്റ്റ് ചെയ്തതിന് ശേഷം ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സിലെ റീജിയണൽ കമാൻഡറായ ടിം ഫിറ്റ്സ്ഗെറാൾഡ് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്, ന്യൂസിലാൻഡ് കസ്റ്റംസ് സർവീസ് , കാനഡ ബോർഡർ സർവീസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും ഈ വൻ മയക്കുമരുന്ന് വേട്ട വിജയിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ ആജീവനാന്ത തടവാണ്. ഇവരെ ഒക്ടോബർ 26ന് കോടതിയിൽ ഹാജരാക്കുന്നത് വരെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണിപ്പോൾ.