കൊച്ചി: സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുക എന്ന നാടൻ ചൊല്ല് പോലെയാണ് ഇവിടുത്തെ ഭരണക്കാരുടെ കാര്യം. പാവപ്പെട്ടവൻ വീട്ടിലേക്ക് പൈപ്പ് കണക്ഷൻ എടുക്കാൻ റോഡരികിൽ എങ്ങാൻ ചെറിയൊരു കുഴിയെടുത്താൻ അത് ഗുരുതര ചട്ടലംഘനമായി മാറും. എന്നാൽ മടിയിൽ കനമുള്ള കോർപ്പറേറ്റ് മുതലാളിമാരാണെങ്കിൽ എന്തുമാകാം. ഭരണക്കാർ എന്ത് വിട്ടുവീഴ്‌ച്ചക്കും തയ്യാറായി രംഗത്തെത്തുകയും ചെയ്യും. ഇങ്ങനെ കോർപ്പറേറ്റുകൾക്ക് വേണ്ടി നിയമവും ഭരണസംവിധാനങ്ങളും വളഞ്ഞുകൊടുത്ത സംഭവങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി. കൊച്ചി കോർപ്പറേഷനിൽ നിന്നാണ് കോർപ്പറേറ്റ്- രാഷ്ട്രീയ ബാന്ധവത്തിന്റെ മറ്റൊരു തെളിവുകൂടി പുറത്തുവന്നത്. റിയലൻസ് ഗ്രൂപ്പിന് വേണ്ടി ഒത്താശ ചെയ്ത ഭരണക്കാർ വേണ്ടന്നുവച്ചത് 20 കോടിയിലേറെ രൂപയാണ്. കോർപ്പറേഷന്റെ വഴിവിട്ട സഹായത്തോടെ കോടികൾ ലാഭിക്കാനും റിലയൻസിന് സാധിച്ചു.

റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കുന്നതിന് നഗരസഭ റോഡ് കുഴിക്കാൻ അനുവാദം നൽകിയതിലൂടെ ഈടാക്കിയത് തുച്ഛമായ തുക ഈടാക്കിയാണ്. കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മീറ്ററിന് 3500 രൂപ വരെ ഈടാക്കുമ്പോൾ സ്വന്തം കോർപ്പറേഷൻ റിലയൻസിൽ നിന്ന് വാങ്ങിയത് 100 രൂപയിൽ താഴെ മാത്രം ഈടാക്കിയതാണ് വിവാദമായിരിക്കുന്നത്. നഗരസഭമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അനുമതി നൽകിയതിന്റെ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

കൗൺസിൽ യോഗത്തിൽ പേരു പോലും ചർച്ച ചെയ്യാതെയാണ് ഈ വിവാദ തീരുമാനം കമ്മിറ്റി എടുത്തത്. ഇത് പ്രകാരം 107 കിലോമീറ്റർ റോഡ് കുഴിച്ചതിന് റിലയൻസ് ആകെ അടക്കേണ്ടത് 1.25 കോടി രൂപ മാത്രം. നഗരസഭ പരിധിയിലെ വിവിധ റോഡുകളിൽ വീറ്റ് എടുത്ത് ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കാൻ അനുമതി തേടി റിലയൻസ് ജിയോ ഇൻഫോകോം 2014 ജനുവരി മാസത്തിലാണ് കോർപ്പേറഷനിൽ അപേക്ഷ സമർപ്പിക്കുന്നത്.

ദേശീയ പാത വഴിയും പി.ഡബ്ല്യ.യു.ഡി റോഡിലും ഈടാക്കേണ്ട അതെ തുക തന്നെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഈടാക്കേണ്ടത് എന്നിരിക്കെ പ്രത്യേക അവകാശം ഉപയോഗിച്ചാണ് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി റിലയൻസിന് വഴി വിട്ട സഹായം ചെയ്തിരിക്കുന്നത്. ബി.എം.ആൻഡ് ബി.സി.റോഡുകളിൽ 1 മീറ്ററിന് 3464 രൂപയും മറ്റ് റോഡുകളിൽ മീറ്ററിന് ആയിരം രൂപ മുതൽ 3000 രൂപ വരെയുമാണ് പി.ഡബ്ല്യ.ഡി ഈടാക്കുന്നത്.

സമീപ പഞ്ചായത്തുകൾ പോലും ഈ തുക വാങ്ങുമ്പോഴാണ് കോർപ്പറേഷനന്റെ ഈ നടപടി. ഫോർട്ട് കൊച്ചിയിൽ 92.21 രൂപ, പള്ളുരുത്തിയിൽ 90 രൂപ, വൈറ്റിലയിൽ 86, ഇടപ്പള്ളിയിൽ മാത്രം 233.88 രൂപക്കാണ് റിലയൻസിന് കുഴിയെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. നഗരമദ്ധ്യത്തിൽ ആകട്ടെ മീറ്ററിന് 98.34 രൂപക്കാണ് കോർപ്പറേഷൻ കണക്കാക്കിയിട്ടുള്ളത്. തുക കുറച്ച് നൽകിയതിലൂടെ ഏതാണ്ട് 20 കോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് കോർപ്പറേഷൻ കണക്കാക്കുന്നത്. ഒരു ലക്ഷം രൂപക്ക് മുകളിൽ വരുന്ന എല്ലാ ഇടപാടുകൾക്കും കൗൺസിൽ അംഗീകാരം വേണമെന്ന ചട്ടവും റിലയൻസിനായി കോർപ്പറേഷൻ കാറ്റിൽ പരത്തി. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന ആക്ഷേപം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.

(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)