തിരുവനന്തപുരം: റവന്യു മന്ത്രി കെ. രാജന്റെ ഔദ്യോഗിക ആവശ്യത്തിനായി 1.37 ലക്ഷം രൂപയുടെ ആപ്പിൾ ഐ മാക്ക് 4.5 കെ റെറ്റിന ഡിസ്‌പ്ലേ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടർ. 26.2-22 ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഐ.റ്റി വകുപ്പ് ഏപ്രിൽ 29 ന് അനുമതി നൽകി. കെൽട്രോണിനാണ് കമ്പ്യൂട്ടർ സപ്ലെ ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും ഉള്ള ചുമതല.

ഒരു വർഷമാണ് കമ്പ്യൂട്ടറിന്റെ വാറന്റി പിരിഡ് . 4.5 കെ റെറ്റിന ഡിസ്‌പ്ലേ, ആപ്പിൾ എം 1 ചിപ്പ് , 8 കോർ സി പി യു , 16 കോർ ന്യൂറൽ എൻജിൻ , 8 ജിബി യുണിഫൈഡ് മെമ്മറി, 256 ജിബി എസ് എസ് ഡി സ്റ്റോറേജ്, മാക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് മന്ത്രിയുടെ പുതിയ കമ്പ്യൂട്ടറിനുള്ളത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ പ്പെട്ട് നിൽക്കുന്ന ഈ സമയത്ത്, മന്ത്രിയുടെ മാതൃകയിൽ മറ്റ് മന്ത്രിമാരും ആപ്പിൾ ഐ മാക്ക് കമ്പ്യൂട്ടർ ആവശ്യപ്പെടുമോ എന്ന ആശങ്കയിലാണ് ധനകാര്യ മന്ത്രി.

കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടറായ കൊക്കോണിക്‌സിനോട് മന്ത്രിമാർക്ക് പോലും താൽപര്യമില്ല എന്നതാണ് ഈ ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കമ്പ്യൂട്ടർ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉൽപ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്‌ടി ഗ്ലോബൽ, ഇന്റൽ, കെഎസ്ഐഡിസി, സ്റ്റാർട്ടപ്പായ ആക്സിലറോൺ എന്നീ സ്ഥാപനങ്ങൾ ചേർന്ന സംരംഭമാണ് കൊക്കോണിക്സ്.

ബഹുരാഷ്ട്ര കമ്പനികളുടെ കമ്പ്യൂട്ടറുകളേക്കാൾ വിലക്കുറവാണ് പ്രധാനനേട്ടം. കെൽട്രോണിന്റെ തിരുവനന്തപുരം മൺവിളയിലുള്ള പഴയ പ്രിന്റഡ് സർക്യൂട്ട് നിർമ്മാണശാലയാണ് കൊക്കോണിക്സിന് കൈമാറിയത്. നേരത്തെ ഓൺലൈൻ പഠനത്തിനായി സർക്കാർ നൽകിയ ലാപ്‌ടോപ്പുകളും വെറും കാഴ്‌ച്ചവസ്തുക്കളായി മാറിയിരുന്നു. ലാപ്‌ടോപ്പ് നിർമ്മാതാക്കളായ സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്പനിക്കെതിരെയാണ് പരാതികഴാണ് ഉയർന്നിരുന്നത്. വിദ്യാശ്രീ പദ്ധതിയിൽ ലാപ്‌ടോപ്പ് കിട്ടുന്നില്ലെന്ന പരാതികൾ കൂടുമ്പോഴാണ് കിട്ടിയ ലാപ്‌ടോപ്പുകളിലും പ്രശ്‌നങ്ങൾ.

മൊബൈൽ ഫോൺ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓൺലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്‌ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്പനി വിതരണം ചെയ്ത ലാപ്‌ടോപ്പുകൾ പക്ഷേ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം. പതിനയ്യായിരം രൂപയുടേതാണ് ലാപ്‌ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. എട്ടാംക്ലാസുകാരൻ ആയുഷിന് മൂന്ന് തവണയാണ് ലാപ്‌ടോപ്പ് മാറ്റി നൽകിയത്. കോക്കോണിക്‌സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികൾ അറിയിച്ച് രക്ഷിതാക്കൾ മടുത്തു. ലാപ്‌ടോപ്പ് കിട്ടിയവർ തവണ മുടക്കിയാൽ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പും വന്നു.

പിഴവ് കോക്കോണിക്‌സും സമ്മതിക്കുന്നു. 2100ഓളം ലാപ്‌ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇരുപത് ശതമാനം ലാപ്‌ടോപ്പിൽ പ്രശ്‌നങ്ങളുണ്ടെന്നാണ് മറുപടി. ഇത് മാറ്റി നൽകാൻ നടപടിയെടുക്കുമെന്നാണ് പ്രതികരണം. കരാറിൽ ഏർപ്പെട്ട എച്ച്പി, ലെനോവൊ കമ്പനികളുടെ ലാപ്‌ടോപ്പുകളുടെ വിതരണവും എങ്ങുമെത്തിയില്ല. 2020ൽ സർക്കാർ വിദ്യാശ്രീ പദ്ധതി പ്രഖ്യാപിച്ചത് മുതൽ ഒന്നൊന്നായി അബദ്ധങ്ങൾ.