കോട്ടയം: ഒരു രൂപ മുതൽ പത്തു രൂപ വരെയുള്ള നാണയങ്ങൾ ഒരു അക്കൗണ്ടിൽ ഒരു ദിവസം പരമാവധി ആയിരം രൂപയുടേതു വരെ സ്വീകരിച്ചാൽ മതിയെന്നd റിസർവ് ബാങ്ക്. ഈ നിർദ്ദേശം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. ജൂലൈ മൂന്നിനാണ് നിർദ്ദേശം ബാങ്കുകൾക്കു നൽകിയത്.

50 പൈസ നാണയങ്ങൾ പരമാവധി പത്തു രൂപയുടേതു വരെ മാത്രമേ സ്വീകരിക്കൂ. നാണയങ്ങൾക്ക് ഭാരക്കുറവോ രൂപമാറ്റമോ ഉണ്ടെങ്കിൽ സ്വീകരിക്കരുതെന്നാണു നിർദ്ദേശം. കൂടുതൽ നാണയത്തുട്ടുകൾ ബാങ്കുകളിൽ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ നിർദ്ദേശമെന്നാണു വിവരം. റിസർവ് ബാങ്ക് നാണയം തിരിച്ചെടുക്കാറുമില്ല.

നാണയം പരമാവധി ജനങ്ങളിൽ ക്രയവിക്രയത്തിനു ലഭ്യമാക്കുകയെന്നതാണു റിസർവ് ബാങ്കിന്റെ തീരുമാനം. ആരാധനാലയങ്ങളിൽനിന്നു വരുന്ന നാണയത്തുട്ടുകളുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കുമെന്നത് പ്രത്യേകം പറഞ്ഞിട്ടില്ല. വലിയ ആരാധനാലയങ്ങളുടെ അക്കൗണ്ടുള്ള ബാങ്കുകൾ അവിടെ നേരിട്ടെത്തി സ്വീകരിക്കുന്നതാണു പതിവ്.