കോഴിക്കോട്: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാൻ അനുവദിക്കാത്ത ഫാറൂഖ് കോളേജ് മാനേജമെന്റിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. ലിംഗ വിവേചനത്തിന് എതിരെ പ്രതികരിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ, ഇത്തരം കാടൻ നടപടി തുടരുമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കയാണ് ഫാറൂക്ക് കോളേജ് മാനേജ്‌മെന്റ്. ഫാറൂഖ് കോളേജ് മദ്രസയാണെന്ന് പറഞ്ഞാലും അതിൽ തെറ്റില്ലെന്നാണ് ഇവിടുത്തെ പ്രിൻസിപ്പലിന്റെ അഭിപ്രായം. ഇതിനിടെ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെക്കാൾ അസഹിഷ്ണുതയോടെ പെരുമാറുകയാണ് അരിക്കോട് സുല്ല മുസ്ലാം സയൻസ് കോളേജ് അധികൃതർ.

ഫാറൂഖ് കോളജിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയതിന് അദ്ധ്യാപകനെ പുറത്താക്കിയാണ് ഈ കോളേജ് മാനേജ്‌മെന്റ് പ്രതികാര നടപടി കൈക്കൊണ്ടത്. കോളജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ മുഹമ്മദ് ഷഫീഖിനെയാണ് കോളജിൽ നിന്നും പുറത്താക്കിയത്. കോളേജിലെ ഗസ്റ്റ് ലക്ച്ചറായിരുന്നു ഷഫീഖ്. രേഖാമൂലം അറിയിപ്പൊന്നും നൽകാതെ ഒരു ദിവസം ഫോണിൽ വിളിച്ച് അദ്ധ്യാപകനെ പിരിച്ചു വിട്ടതായി അറിയിക്കുകയായിരുന്നു. രേഖാമൂലം അറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ഇനി മുതൽ ജോലിക്ക് വരേണ്ടെന്നാണ് മാനേജ്‌മെന്റ് തനിക്ക് നൽകിയ നിർദേശമെന്ന് ഷഫീഖ് മറുനാടൻ മലയാളിയോടും വ്യക്തമാക്കി.

ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ ഫേസ്‌ബുക്കിൽ വന്ന ചില പോസ്റ്റുകൾക്ക് കമന്റിട്ടതാണ് ജോലിനഷ്ടപ്പെടാൻ കാരണമെന്നും ഷഫീഖ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി ഇട്ട് പോസ്റ്റിന് കീഴിലയും യൂണിവേഴ്‌സിറ്റിയിലെ ഒരു അദ്ധ്യാപകന്റെ പോസ്റ്റിലുമാണ് താൻ കമന്റിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇക്കാര്യമാണ് മാനേജ്‌മെന്റിന്റെ മുമ്പിൽ പരാതിയായി എത്തിയത്. ഈ കമന്റിന്റെ ഭാഷ മോശമായിരുന്നു എന്നതാണ് മാനേജ്‌മെന്റ് കണ്ടുപിടിച്ചതെന്നാണ് ഷെഫീഖ് പറയുന്നത്.

ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകൻ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും പറഞ്ഞ് മാനേജ്‌മെന്റ് രംഗത്തുവരികയായിരുന്നു. മാനേജർ തന്നെ വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ അത് ഡിലീറ്റ് ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചതാണ്. ഇതനുസരിച്ച് തനിക്കെതിരെ നടപടിവരില്ലെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ രണ്ടുദിവസത്തിനുശേഷം മാനേജ്‌മെന്റ് കമ്മിറ്റി ചേർന്ന് തന്നെ പുറത്താക്കാൻ തീരുമാനിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ മുതൽ ജോലിക്ക് വരേണ്ടെന്ന് എന്നെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.' അദ്ദേഹം പറഞ്ഞു.

തന്റെ സർട്ടിഫിക്കറ്റ് അടക്കം ഇപ്പോഴും കോളേജ് അധികൃതരുടെ പക്കലാണെന്നും ഷെഫീഖ് പറയുന്നു. രേഖാമൂലം അറിയിപ്പൊന്നും ലഭിട്ടില്ലെന്നും അദ്ധ്യാപകൻ പറയുന്നു. ഫാറൂഖ് കോളേജിന്റെ സമാന ചിന്താഗതിക്കാരുടെ കോളേജ് തന്നെയാണ് അരിക്കോട് സുല്ല മുസ്ലാം സയൻസ് കോളേജ് അധികൃതരും. അതുകൊണ്ട് തന്നെ ഫാറൂഖ് കേളേജ് വിഷയത്തിൽ അവരുടെ മാനേജ്‌മെന്റിന്റെ നെറികേടിനെ ചോദ്യം ചെയ്യുകയാണ് അദ്ധ്യാപകൻ ചെയ്തത്. ഇതാണ് കേളേജ് അധികൃതരുടെ പ്രതികാര നടപടിക്ക് കാരണമായതും.

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ കുറിച്ച് ഷഫീഖ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: 'ജോലി പോയതിൽ സങ്കടം ഇല്ല. മറുപടി ഉൾക്കൊള്ളാൻ മാനേജ്‌മെന്റിന് എത്ര അസാധ്യമായിരുന്നോ അതിന്റെ നൂറിരട്ടി അസാധ്യമാണ് സമൂഹത്തിന്. നീ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ സപ്പോട്ട് ചെയ്യുകയോ? അത് വല്യ തെറ്റല്ലേ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടിയാണ് പറയുക..? എന്റെ ജോലി പോയതിനേക്കാൾ ഭീകരമായ അവസ്ഥയാണിത്. ഇനി മറ്റൊരിടത് ജോലി കിട്ടാനും വലിയ ബുദ്ധിമുട്ട് തന്നെയാണ്. കാരണം ഫാസിസം സാഹോദര്യപ്പെടുന്നത് മതങ്ങളുടെ ആലയങ്ങളിൽ വച്ചാണ്. ചിന്തിക്കുന്നവരെ ഭയപ്പെടുത്തുക എന്നതാണ് ഫാസിസത്തിന്റെ നടപ്പ് രീതി. എഴുത്തുകാരെ കൊല്ലുമ്പോൾ സ്‌ടെജിലും പേജിലും വലിയ തൊള്ള തൊറക്കുന്നവർ തങ്ങൾക്കെതിരെ വരുന്ന ഏറ്റവും ചെറിയ വിമർശത്തെ പോലും ഏറ്റവും ക്രൂരമായി നേരിടുന്നതിന്റെ ഉദാഹരണമാണ് എനിക്കെതിരെയുള്ള കോളേജ് മാനേജ്‌മെന്റ് നടപടി. മാപ്പ് പറഞ്ഞത് സ്വീകരിച്ചു എന്ന് പറഞ്ഞു പറ്റിച്ച മാനജ്‌മെന്റിനു നല്ല നമസ്‌കാരം-ഫാസിസം വിജയിക്കട്ടെ.' മുഹമ്മദ് ഷഫീഖ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

കോളേജ് മാനേജ്‌മെന്റ് നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ബീഫ് വിഷയത്തിൽ കേരള വർമ്മ കോളേജിലെ ദീപ ടീച്ചറിന് നൽകിയ അതേ പിന്തുണ മുഹമ്മദ് ഷഫീഖെന്ന അദ്ധ്യാപകന് നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അദ്ധ്യാപകനെ പിന്തുണച്ച് സമാനചിന്താഗതിക്കാരായ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.

ജോലി പോയതിൽ സങ്കടം ഇല്ല... എന്തിന്നാണ് കോളേജിൽ നിന്ന് പിരിച്ചു വിട്ടത് എന്ന് ചോദിക്കുമ്പോൾ അത് ഫാറൂക്ക് കോളേജിലെ വ...

Posted by Freedom Azad on Sunday, November 15, 2015