കോഴിക്കോട്: എം.കെ. രാഘവൻ എംപി.യുമായുള്ള തർക്കത്തിന് ഒടുവിൽ കളക്ടർ എൻ. പ്രശാന്ത് ക്ഷമപറഞ്ഞു. ഫേസ്‌ബുക്ക് പേജിലാണ് കളക്ടർ മാപ്പുപറഞ്ഞിരിക്കുന്നത്. വിഷയത്തിൽ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ പോലും കളക്ടർ ബ്രോയ്ക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഇതിനിടെ രാഷ്ട്രീയ നേതൃത്വം ആകെ പ്രശാന്തിനെ വിമർശിച്ചു. രാഷ്ട്രീയമായ പിന്തുണ സിപിഐ(എം) നൽകിയെങ്കിലും കുന്ദംകുളത്തിന്റെ മാപ്പിട്ടത് കടുത്തുപോയെന്ന് വാദമെത്തി. ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്കുള്ള സ്ഥാനവും കളക്ടറെ പലരും ഓർമിപ്പിച്ചു. ഇതോടെയാണ് മാപ്പു പറച്ചിൽ.


ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്നാണ് ആഗ്രഹം. എംപി.യുടെ മനസ്സിന് വിഷമം തോന്നിച്ച, തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നാണ് കളക്ടർ ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. അതിനിടെ കളക്ടർ തെറ്റുതിരുത്താൻ തയ്യാറായെങ്കിൽ നല്ലകാര്യമെന്ന് എം.കെ. രാഘവൻ പ്രതികരിച്ചു. ''കളക്ടറോട് എനിക്ക് യാതൊരു വ്യക്തിവിരോധവുമില്ല. ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയിലാണ് അവർക്കുവേണ്ടിയാണ് ഞാൻ സംസാരിച്ചത്.'' കോഴിക്കോട്ടെ ജനങ്ങളും കളക്ടറുടെ നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: 

ഇത് എന്റെ സ്വകാര്യ ഫേസ്‌ബുക്ക് പേജാണ്. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാൻ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം.

ബഹു. കോഴിക്കോട് എംപി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതിൽ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്‌നം വ്യക്തിപരമായി തന്നെ പറഞ്ഞ് തീർക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വളർത്താനും ഇടയിൽ പലരും ഉണ്ട് എന്നും ഞാൻ മനസ്സിലാക്കുന്നു.

ബഹു. എംപി.യെ അപമാനിക്കാൻ ഞാൻ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല.

ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാർമ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകൾ പറയണമെങ്കിൽ അദ്ദേഹത്തിന് എന്നോട് എന്ത് മാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാൻ തന്നെയാണ് പൂർണ്ണമായും ഉത്തരവാദി എന്ന് പറയാൻ എനിക്ക് മടിയില്ല.

ചില കാര്യങ്ങളിൽ, ചില സന്ദർഭങ്ങളിൽ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന് വിഷമം തോന്നിച്ച, എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു.

ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങൾ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്റെ വിശ്വാസം, കോഴിക്കോടിന് വേണ്ടി.

എംപി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിവാദമായത്. കളക്ടറേറ്റിലെത്തി എംപി ബഹളം വച്ചെന്ന് കളക്ടർ ആരോപണം ഉന്നയിച്ചു. വാർത്താക്കുറിപ്പും ഇറക്കി. ഇതോടെ എംപിയും ശക്തമായി രംഗത്തുവന്നു. തനിക്കെതിരായ വാർത്താക്കുറിപ്പിന്റെ പേരിൽ കളക്ടർ മാപ്പുപറയണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് കുന്ദംകുളത്തിന്റെ മാപ്പ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്തത് വിവാദമായിരുന്നു. ഔദ്യോഗിക പേജിലല്ല, പ്രശാന്ത് നായർ എന്ന സ്വന്തംപേജിലായിരുന്നു ഇത്. ഇത്തവണ മാപ്പുപറഞ്ഞുള്ള കുറിപ്പിട്ടതും ഇതേപേജിലാണ്. കളക്ടർ, എംപി. പ്രശ്‌നം രൂക്ഷമായതോടെ ഞായറാഴ്ച സാംസ്‌കാരിക പ്രവർത്തകരും ഇടപെട്ടിരുന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൈതപ്രം ദാമോദരൻ നമ്പൂതിരി ഇരുവർക്കും കത്തും നൽകി. എം.ജി.എസ്. നാരായണനും ഞായറാഴ്ച കളക്ടറുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ പൂർണ്ണമായും പ്രശാന്തിനെ പിന്തുണച്ചില്ല. കുന്ദംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തത് വരെയുള്ള വിവാദങ്ങളിൽ പിണറായി പിന്തുണ നൽകി. എന്നാൽ അതിന് ശേഷമുള്ള ജനപ്രതിനിധിയെ അപമാനിക്കുന്ന തരത്തിലെ ഇടപെടെലുകളെ വിമർശിക്കുകയും ചെയ്തു. എംപിയുടെ പരാതിയും മുഖ്യമന്ത്രിക്ക് കിട്ടി. ഈ സാഹചര്യത്തിൽ കളക്ടറെ മാറ്റേണ്ട സാഹചര്യവും ഉണ്ടായി. എന്നാൽ കോഴിക്കോട് പ്രശാന്ത് തന്നെ വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഗ്രഹം. ഇത് കൂടി പരിഗണിച്ചാണ് മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ കോഴിക്കോട് കലക്ടർക്കെതിരെ എംപി രംഗത്ത വന്നിരുന്നു എംപിയുടെ ശുപാർശയിൽ കലക്ടറേറ്റിൽ താൽകാലിക ഡ്രൈവർമാരായി നിയമനം കിട്ടിയ രണ്ടു പേരെ ജോലിയിൽ നിന്നു പിരിച്ചുവിട്ട കലക്ടറുടെ നടപടിയാണു എംപിയെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലാ വരണാധികാരിയായ കളക്ടർക്ക് അധികാരം വർദ്ധിച്ചു. ഇത് യഥാവിധി വിനിയോഗിക്കുന്നതാണ് പ്രശാന്തിനെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്ത് വരാൻ കാരണമെന്ന് അന്ന് തന്നെ വിലയിരുത്തലുകളെത്തി. കോഴിക്കോട് കളക്ടർക്ക് ലഭിക്കുന്ന ജനകീയ പിന്തുണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം. അതിന് മുമ്പ് കളക്ടർ ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്ന് കെ സി അബു ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിവാദവും ഉയർന്നുവന്നു. അതിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശ്‌നത്തിൽ ഇടപെട്ടു. അങ്ങനെ താൽകാലിക വെടിനിർത്തലുണ്ടായി.

2015 ഫെബ്രുവരിയിലാണ് എൻ. പ്രശാന്ത് കോഴിക്കോട് കളക്ടർ പദവി ഏറ്റെടുക്കുന്നത്. അന്ന് മുതൽ സാധാരണക്കാരായ ജനങ്ങൾക്ക് പ്രധാന്യം നൽകിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടിണികിടക്കുന്നവർക്ക് ഭക്ഷണം നൽകുക എന്ന ദൗത്യവുമായാണ് ഓപ്പറേഷൻ സുലൈമാനി എന്ന പദ്ധതിയുൾപ്പെടെ എല്ലാം ഹിറ്റായി. ഇതോടെ ജനപ്രതിനിധികളെക്കാൾ കോഴിക്കോട്ടെ പ്രധാന താരമായി കളക്ടർ മാറി. ഇതാണ് രാഷ്ട്രീയ നേതൃത്വങ്ങളെ ചൊടിപ്പിച്ചത്. ഇടതു മുന്നണിക്കായിട്ടാണ് കളക്ടർ പ്രവർത്തിക്കുന്നതെന്ന വിവാദം പോലും കോൺഗ്രസുകാർ ഉണ്ടാക്കി. കളക്ടറെ മാറ്റാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നീക്കവും നടത്തി. എന്നാൽ ജനപിന്തുണയുള്ള കളക്ടറെ മാറ്റുന്നത് പ്രശ്‌നമാകുമെന്ന ഉപദേശമാണ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്ക് കിട്ടിയത്.

ഭരണമാറ്റത്തിന് ശേഷം എംപി ഫണ്ടിന്റെ ഉപയോഗത്തിലെ ചർച്ചകളാണ് കളക്ടറും രാഘവനും തമ്മിലെ തർക്കങ്ങൾക്ക് പുതിയ മാനം നൽകിയത്. ഇതിനെ ശക്തമായി പ്രതിരോധിക്കാൻ രാഘവനായി. ഇത് തന്നെയാണ് പ്രശാന്തിന്റെ മാപ്പ് പറച്ചിലിലേക്ക് കാര്യങ്ങളെത്തിച്ചത്.