- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്‌ഐവി ബാധിതയായ വിദ്യാർത്ഥിനിക്കു പഠനം നിഷേധിച്ചത് കോളേജ് അധികൃതരോ? അക്ഷരയെ ഹോസ്റ്റലിൽ നിന്നു മാറ്റരുതെന്നു കണ്ണൂർ കലക്ടറുടെ നിർദ്ദേശം; മുറി നൽകിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും കലക്ടർ
കണ്ണൂർ: എച്ച്.ഐ.വി.ബാധിതയായതിനാൽ കൊട്ടിയൂർ സ്വദേശിനി അക്ഷരയ്ക്ക് കോളേജ് പഠനം നിഷേധിച്ച സംഭവത്തിനു പിന്നിൽ ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യത്തിലുള്ള വിറാസ് കോളേജ് പ്രിൻസിപ്പലും രണ്ട് അദ്ധ്യാപികമാരുമെന്നു സൂചന. എയ്ഡ്‌സ് രോഗികളെന്ന് മുദ്ര കുത്തി പന്ത്രണ്ട് വർഷം മുമ്പ് ഏഴാം വയസ്സിൽ അക്ഷരയുടെയും സഹോദരന്റേയും പഠനം നിഷേധിക്കപ്പെട്ട അനുഭ
കണ്ണൂർ: എച്ച്.ഐ.വി.ബാധിതയായതിനാൽ കൊട്ടിയൂർ സ്വദേശിനി അക്ഷരയ്ക്ക് കോളേജ് പഠനം നിഷേധിച്ച സംഭവത്തിനു പിന്നിൽ ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യത്തിലുള്ള വിറാസ് കോളേജ് പ്രിൻസിപ്പലും രണ്ട് അദ്ധ്യാപികമാരുമെന്നു സൂചന. എയ്ഡ്‌സ് രോഗികളെന്ന് മുദ്ര കുത്തി പന്ത്രണ്ട് വർഷം മുമ്പ് ഏഴാം വയസ്സിൽ അക്ഷരയുടെയും സഹോദരന്റേയും പഠനം നിഷേധിക്കപ്പെട്ട അനുഭവമാണ് ഈ ആധുനിക കാലത്തും തരണം ചെയ്യേണ്ടി വന്നത്.
അതേസമയം, അക്ഷരയെ കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കിയ നടപടിക്കെതിരെ കണ്ണൂർ കലക്ടർ പി ബാലകിരൺ രംഗത്തെത്തി. ഹോസ്റ്റലിൽനിന്നു വിദ്യാർത്ഥിനിയെ മാറ്റരുതെന്നു കലക്ടർ നിർദ്ദേശം നൽകി.
പിലാത്തറ വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിനിയാണ് അക്ഷര. കോളേജ് മാനേജ്‌മെന്റ് നടത്തുന്ന ഹോസ്റ്റൽ നിഷേധിക്കപ്പെട്ടതാണ് അക്ഷരയ്ക്കു പഠനം മുടങ്ങാൻ കാരണമായത്. കോളേജ് പ്രിൻസിപ്പാലിന്റെ നിലപാടാണ് ഇപ്പോഴുള്ള പ്രശ്‌നത്തിന് കാരണമെന്നും സൂചനയുണ്ട്. വിദ്യാർത്ഥിനിയുടെ ഹോസ്റ്റലിൽ നിന്നും കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾ മുറി ഒഴിഞ്ഞു പോയെന്നാണ് കോളേജ് അധികൃതരുടെ വാദം. കൂടുതൽ കുട്ടികൾ തയ്യാറായിരിക്കുകയാണെന്നും പറയുന്നു.
എന്നാൽ നേരത്തെ തന്നെ അക്ഷര എച്ച്.ഐ.വി. ബാധിതയാണെന്നു വിദ്യാർത്ഥികൾക്ക് അറിയാമായിരുന്നു. അതിന്റെ പേരിൽ ആരും അവഗണിച്ചുമില്ല. എന്നാൽ കുട്ടികൾ ഹോസ്റ്റൽ വിടുന്നുവെന്ന് പറഞ്ഞ് മനോരോഗികളും വയോധികരും താമസിക്കുന്ന അഗതി മന്ദിരത്തിൽ താമസിച്ചു പഠിക്കണമെന്ന് നിർബന്ധിച്ചു. അതിനു തയ്യാറാവാത്തതിനാൽ വിദ്യാർത്ഥിനിയുടെ അമ്മയുടെ പേരിൽ സമ്മർദ്ദം നടത്തി ഹോസ്റ്റലിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
അക്ഷര പറയുന്നത് ഇങ്ങനെ: ''ആർക്കും അവഗണിക്കപ്പെടാൻ ഞാൻ നിന്നു കൊടുക്കാറില്ല. ഏഴാം വയസ്സുമുതൽ ഞാൻ അതിനു ശ്രമിക്കുന്നു. 12 വർഷം മുമ്പ് തങ്ങളെ നോക്കാൻ പോലും കൂട്ടാക്കാത്തവരുടെ മക്കളുമായി ഒന്നിച്ചു കളിക്കുകയും ഒന്നിച്ച് ഉണ്ണുകയും ചെയ്യുന്നു. എന്നിട്ടും ഈ കാലഘട്ടത്തിൽ കോളേജിൽ നിന്നും ഈ അനുഭവം ഉണ്ടായത് എങ്ങിനെയെന്നറിയില്ല. ഞാൻ ഉപയോഗിച്ച കുളിമുറി മറ്റുള്ളവർ ഉപയോഗിച്ചാൽ എച്ച്.ഐ.വി പകരുമെന്ന് ഡോക്ടർ പറഞ്ഞതായും കോളേജിൽ സംസാരമുണ്ട്. എട്ടു മാസം ഒന്നിച്ച് താമസിച്ച കുട്ടി ഇപ്പോൾ ഹോസ്റ്റൽ മാറിപ്പോയി. ഇനിയും മൂന്ന് കുട്ടികൾ ഹോസ്റ്റൽ വിടുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് പ്രചരണം. അവരിൽ പലരും എന്നോടൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്റെ കൂടെ മുമ്പ് പഠിച്ച കുട്ടികളും വിവാഹിതരായിട്ടുണ്ട്. സർക്കാർ എയ്ഡ്‌സ് ബോധവൽക്കരണത്തിന് ലക്ഷങ്ങൾ ചിലവഴിച്ചിട്ടും കോളേജ്്് അധികൃതർക്ക് ഇതൊന്നും ഏറ്റിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ എച്ച്.ഐ.വി. ബാധിതർക്കായി സർക്കാർ പ്രത്യേക കോളേജ് സ്ഥാപിക്കണം.
സഹപാഠികൾ ആരും തന്നെ ഒരു രോഗിയായി കണ്ടിരുന്നില്ല. എച്ച്.ഐ.വി ബാധിതയല്ലാത്ത തന്റെ മൂത്ത സഹോദരി പഠനാവധിക്കിടയിൽ വീട്ടിൽ വന്നാൽ ഒന്നിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. കൊട്ടിയൂർ ജനത ഒന്നടക്കം തങ്ങളുടെ പിന്നിൽ ശക്തിയായി നിൽക്കുന്നുണ്ട്. അവഗണനയൊക്കെ പഴം കഥയായി മാറി. തനിക്ക് ആ കോളേജിൽ തന്നെ പഠിക്കണം. അതേ ഹോസ്റ്റലിൽ താമസിക്കണം. അതിനുള്ള സാഹചര്യം ഉണ്ടാക്കിത്തരണം.''
ഈ മാസം രണ്ടിനാണ് അക്ഷരയ്ക്കു പഠനം തന്നെ നിഷേധിക്കുംവിധത്തിലുള്ള സംഭവമുണ്ടായത്. കൊട്ടിയൂർ എസ്.എൻ.ഡി.പി. സ്‌ക്കൂളിൽ പഠിക്കുമ്പോൾ കൊല്ലത്ത് നടന്ന കുട്ടികളുടെ ഹ്രസ്വ ചിത്രോത്സവത്തിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌ക്കാരം അക്ഷരയ്ക്കു ലഭിച്ചിരുന്നു.
2003 ലാണ് വിദ്യാർത്ഥിനിയുടെ അച്ഛൻ എയ്ഡ്‌സ് ബാധിച്ച് മരിച്ചത്. അമ്മയും എയ്ഡ്‌സ് ബാധിതയാണ്. അതോടെ അന്ന് കൊട്ടിയൂർ എൽ.പി. സ്‌ക്കൂളിലെ പഠനത്തിന് വിലക്കു വീണു. നാട്ടുകാരും രക്ഷാകർത്താക്കളും ഒന്നടങ്കം കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കുന്നതിനു വേണ്ടി രംഗത്ത് വന്നു. നടൻ സുരേഷ് ഗോപിയും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ചേർന്ന് ബോധവൽക്കരണം നടത്തി കുട്ടികളെ സ്‌ക്കൂളിൽ പ്രവേശിപ്പിച്ചു. അതോടെ കൊട്ടിയൂർ നിവാസികൾക്ക് പ്രിയപ്പെട്ടവരായി ഇവർ മാറുകയായിരുന്നു.
അക്ഷരയെ കോളേജ് ഹോസ്റ്റലിൽ നിന്നു പുറത്താക്കിയ സംഭവം വിവാദമായതോടെയാണ് കോളേജ് അധികൃതരെ കലക്ടർ ചർച്ചയ്ക്കു വിളിച്ചത്. അക്ഷരയെ കോളെജ് ഹോസ്റ്റലിൽ നിന്ന് മാറ്റരുതെന്ന് കളക്ടർ പി. ബാലകിരൺ നിർദ്ദേശിച്ചു. വിദ്യാർത്ഥിനി താമസിക്കുന്നതിന്റെ പേരിൽ മറ്റുള്ളവർ വിട്ടുപോയാൽ പരിഹാരം കാണേണ്ടത് അവരെ ഇറക്കിവിട്ട് കൊണ്ടാകരുതെന്ന് കലക്ടർ വ്യക്തമാക്കി. തിങ്കളാഴ്ച ഹോസ്റ്റലിൽ മുറി അനുവദിക്കണം, അതിന് വേണ്ട ചെലവ് താൻ തന്നെ വഹിച്ചു കൊള്ളാമെന്നും കലക്ടർ അറിയിച്ചു. ഹോസ്റ്റൽ മുറി അനുവദിക്കുന്നില്ലെങ്കിൽ നിയമപരമായി നേരിടും.
കോളെജിലെ മറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടെത്തി ബോധവത്കരണ ക്ലാസ് നൽകാൻ തയ്യാറാണെന്നും കലക്ടർ പറഞ്ഞു. അതേസമയം വിഷയത്തിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാനാകില്ലെന്നും കോളെജ് മാനേജ്‌മെന്റിനെ വിവരം അറിയിക്കാമെന്നും പ്രിൻസിപ്പൽ പി.എ ജുനൈദ് വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് കലക്ടർ ആവശ്യപ്പെട്ടത്.
ഞാൻ എച്ച്‌ഐവി ബാധിതയായതിനാൽ എന്റെ പഠനം നിഷേധിക്കേണ്ടതുണ്ടോ എന്ന് അക്ഷര കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തന്നെ തിരിച്ചറിയണമെന്നുള്ളതുകൊണ്ടുതന്നെ, തന്റെ പേരും ഫോട്ടൊയും പ്രസിദ്ധീകരിക്കണമെന്ന് അക്ഷര തന്നെ നിർബന്ധിച്ചതിനാൽ മാദ്ധ്യമങ്ങൾ അക്ഷരയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. എച്ച്‌ഐവി ബാധിതയെന്ന പേരിൽ തന്നെ പുറത്താക്കിയവരോട് അക്ഷരയ്ക്ക് ദേഷ്യവും വിഷമവുമൊന്നുമില്ല. മറിച്ച് അവരുടെ അജ്ഞതയോടുള്ള സഹതാപം മാത്രമാണ് ഈ സൈക്കോളജി വിദ്യാർത്ഥിനിക്കുള്ളത്.