- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടി വീണത് ബൈക്ക് അഭ്യാസത്തിനിടെ; ചോദ്യം ചെയ്ത നാട്ടുകാരെ അമൽ മർദ്ദിച്ചു; തുടർന്ന് നാട്ടുകാർ തിരിച്ചടിച്ചുവെന്ന് പൊലീസ്; ഇരുവർക്കുമെതിരെ കേസ്; തൃശൂർ ചീയാരത്തെ 'സദാചാര ആക്രമണ' ത്തിന്റെ യാഥാർത്ഥ്യം ഇങ്ങനെ
തൃശ്ശൂർ: തൃശൂർ ചീയാരത്ത് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കിയ വിദ്യാർത്ഥിക്ക് മർദ്ദനം ഏറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നടുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ പിന്നിലിരുന്ന പെൺകുട്ടി വീണതെന്നാണ് പൊലീസ് പറയുന്നത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് മർദ്ദിച്ചു. തുടർന്ന് നാട്ടുകാർ തിരിച്ചടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ചീയാരം ഗലീലി ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചതെന്ന് സൂചനയുണ്ട്.
ചീയാരം സ്വദേശി അമൽ ബൈക്കിൽ സഹപാഠിക്കൊപ്പം പോകുമ്പോഴാണ് സംഭവം. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
നാട്ടുകാരും അമലും തമ്മിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ നാട്ടുകാർ അമലിനെ അടിച്ചു വീഴ്‌ത്തുകയായിരുന്നു. അമലും നാട്ടുകാരെ ഇതിനിടെ മർദ്ദിച്ചുവെന്ന് പരാതിയുണ്ട്.
അമലിന്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവർക്കെതിരെ കേസെടുത്തു. അമൽ മർദ്ദിച്ചെന്ന ആന്റോയുടെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിങ് നടത്താറുണ്ടെന്നും പരാതിയുണ്ട്.
എന്നാൽ ബൈക്ക് അഭ്യാസം നടത്തി എന്ന ആരോപണം അമൽ നിഷേധിച്ചു. സഹപാഠിയെ വീഴ്‌ത്താൻ ആരെങ്കിലും ബൈക്കിന്റെ വീൽ ഉയർത്തുമോ എന്നും അമൽ ചോദിക്കുന്നു. ഇരുവരുടെയും പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ടാണ് സംഭവം. അമലിനെ ചിലർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്.കല്ല് കൊണ്ട് തലയ്ക്കടിക്കുന്നത് ഉൾപ്പെടെയുള്ളതാണ് ദൃശ്യങ്ങൾ. എന്തിനാണ് തന്നെ മർദ്ദിച്ചത് എന്നറിയില്ലെന്ന് അമൽ പറയുന്നു. ഭക്ഷണം കഴിക്കാനായി സഹപാഠിയായ പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം നടന്നത്. യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടി ബൈക്കിൽ നിന്ന് വീണു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലരാണ് തന്നെ മർദ്ദിച്ചതെന്ന് അമൽ പറയുന്നു.
ബൈക്ക് ഓടിക്കുമ്പോൾ അമിത വേഗത ഉണ്ടായിരുന്നില്ല. ഇടയ്ക്ക് വാഹനം നിർത്തിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ വീൽ ഉയർന്നു. ക്ലച്ചിൽ അമർത്തിയപ്പോൾ വാഹനം പൊങ്ങുകയായിരുന്നു. അപ്പോഴാണ് പെൺകുട്ടി വീണത്. സഹപാഠിയെ വീഴ്‌ത്താൻ ആരെങ്കിലും മനഃപൂർവ്വം ബൈക്കിന്റെ വീൽ ഉയർത്തുമോ എന്നും അമൽ ചോദിക്കുന്നു.
'തന്നെ മർദ്ദിച്ചവരെ മുൻപരിചയമില്ല. അവർ തന്നെ മർദ്ദിച്ചത് എന്തിനാണ് എന്ന് അറിയില്ല. പെൺകുട്ടിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തതാണോ അവരെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല. അതോ താൻ ധരിച്ച ജോക്കർ വസ്ത്രമാണോ അവർക്ക് ഇഷ്ടമാവാതിരുന്നത് എന്നും അറിയില്ല. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാനല്ലേ നാട്ടുകാർ ശ്രമിക്കേണ്ടത്. പകരം തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്തിനാണ് തല്ല് കിട്ടിയത് എന്നുപോലും അറിയില്ല. മർദ്ദനത്തിനിടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു'- അമൽ പറയുന്നു.
സഹപാഠികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിപ്പോഴാണ് സംഭവം. ബൈക്കിൽ പെൺകുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്നും താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മർദ്ദിച്ചെന്നും അമൽ പറഞ്ഞിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കല്ലുകൊണ്ട് അമലിനെ തലക്കടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തുള്ളവരും വിദ്യാർത്ഥിയെ മർദ്ദിക്കുന്നുണ്ട്. നിരവധി പേരെ സമീപത്ത് കാണാമെങ്കിലും ആരും ഇടപെടുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ