- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നു; പ്രവേശന അനുമതി നൽകിയത് ബിരുദ ബിരുദാനന്തര ക്ലാസുകളിലെ അവസാനവർഷ വിദ്യാർത്ഥികൾക്ക്; കോളേജുകൾ തുറക്കുക ഒക്ടോബർ നാലുമുതൽ; ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ നാലുമുതൽ കോളജുകൾ തുറന്നുപ്രവർത്തിക്കാനാണ് അനുമതി നൽകിയത്. ബിരുദ, ബിരുദാനന്തര ക്ലാസുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് പ്രവേശനത്തിന് അനുമതി നൽകിയത്.
ഒരു ഡോസ് വാക്സിൻ സ്വീകരിച്ച വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കോളജുകളിൽ വരാം. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ഞായറാഴ്ച ലോക്ക്ഡൗൺ പിൻവലിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാത്രികാല കർഫ്യൂവും ഒഴിവാക്കി.
ഞായറാഴ്ച ലോക്ഡൗൺ നടപ്പിലാക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ശനിയാഴ്ച തിരക്കു കൂട്ടാൻ മാത്രമേ നടപടി ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമർശനം. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കർഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാനും സർക്കാൻ തീരുമാനിച്ചു.
അതേസമയം, കേരളത്തിൽ ഇന്ന് 25,772 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂർ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂർ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസർഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇന്നത്തെ അവലോകന യോഗം രാത്രി കർഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനിച്ചു. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാൻ അനുമതി നൽകി. ബയോബബിൾ മാതൃകയിൽ വേണം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ. ഒരു ഡോസ് വാക്‌സീൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർത്ഥികളും അദ്ധ്യാപകരും അനധ്യാപകരും. അതിൽ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനധ്യാപകർ എന്നിവരിൽ വാക്‌സീൻ എടുക്കാത്തവരുണ്ടെങ്കിൽ അവർ ഈ ആഴ്ച തന്നെ വാക്‌സീൻ സ്വീകരിക്കണം.
അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്‌നിക്കൽ/പോളി ടെക്‌നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും.
സ്‌കൂൾ അദ്ധ്യാപകരെല്ലാം വാക്‌സീൻ സ്വീകരിക്കാൻ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് അദ്ധ്യാപകരുടെ വാക്‌സീനേഷൻ പൂർത്തിയാക്കണം. ആകെ വാക്‌സീനേഷൻ മൂന്ന് കോടി കടന്നിട്ടുണ്ട്. 2.18 കോടി പേർക്ക് ആദ്യഡോസ് വാക്‌സീനും 82.46 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നൽകിയത്. 18 വയസ്സിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യഡോസ് വാക്‌സീനും 28.37 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ ഇത് 67.73 ശതമാനവും, 23.03 ശതമാനവുമാണ്. നമ്മുടെ വാക്‌സീനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കോവിഡ് കേസുകളിൽ കാര്യമായ വർധനയില്ല. ഓഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ 18.41 ആയിരുന്നു ടിപിആർ. 31 മുതൽ സെപ്റ്റംബർ ആറ് വരെയുള്ള ആഴ്ചയിൽ 17.96 ആയി കുറഞ്ഞു. ജാഗ്രത തുടർന്നാൽ ഇനിയും കേസുകൾ കുറയ്ക്കാൻ സാധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് നിലനിൽക്കുന്നതിനാൽ എല്ലാവരും തുറന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ