കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് കലക്ടർ ബ്രോയാണ് എൻ പ്രശാന്ത് ഐഎഎസ്. പ്രായഭേദമന്യേ എല്ലാവരോടും സംവദിക്കുന്ന ജനകീയ കലക്ടറാണ് അദ്ദേഹം. പലപ്പോഴും പ്രശാന്ത് മുൻകൈയെടുത്ത് ന്ടത്തിയ ചില ചെറിയ പദ്ധതികൾക്ക് വലിയ പിന്തുണയാണ് കോഴിക്കോട്ടുകാർ നൽകിയത്. ഓപ്പറേഷൻ സുലൈമാനിയും കരുണാർദ്ദം പദ്ധതിയുമൊക്കെ ഇതിൽ ചിലത് മാത്രം. എന്നാൽ, ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോയപ്പോഴും ചില രാഷ്ട്രീയക്കാരുടെ കണ്ണിൽകരടായി അദ്ദേഹം മാറി. രാഷ്ട്രീയമായ ഇടപെടൽ തന്നെയായിരുന്നു പലതിനും തടസമായതും. എന്നാൽ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ വേണ്ടി എൻ പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ എല്ലാവരുടെയും കൈയടി നേടുന്നതാണ്.

കേട്ടാൽ ചെറിയ കാര്യമെന്ന് തോന്നുമെങ്കിലും അതൊരു വലിയ കാര്യം തന്നെയാണ് ഇവിടുത്തെ അന്തേവാസികളെ സംബന്ധിച്ചിടത്തോളം. അറുനൂറിൽ അധികം വരുന്ന അന്തേവാസികളുള്ള കുതിരവട്ടം ആശുപത്രിയിലെ പ്രഭാത ഭക്ഷണ കാര്യത്തിലാണ് കലക്ടറുടെ ഇടപെടൽ ഉണ്ടായത്. ചില സന്നദ്ധ സംഘടനകളുടെ സഹായത്താലായിരുന്നു കലക്ടറുടെ ഇടപെടൽ. അടുത്തകാലം വരെ ഇവിടുത്തെ അന്തേവാസികൾക്ക് ഗോതമ്പു കഞ്ഞിയാണ് പ്രാതലായി നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽ്‌പ്പെട്ട അദ്ദേഹം സന്നദ്ധ സേവകരുടെ സഹായത്താൽ പരിഷ്‌ക്കരണം വരുത്തി. പുട്ടും കടലയും ദോശയും ആഴ്‌ച്ചയിൽ ഒന്നോ രണ്ടോ തവണ ലഭിക്കുന്ന വിധത്തിൽ പ്രാതൽ പരിഷ്‌ക്കരിച്ചു.

മൂന്ന് മാസത്തോളമായി ഭക്ഷണ കാര്യത്തിൽ ഈ പരിഷ്‌ക്കാരം വരുത്തിയിട്ട്. ഈ മാറ്റം അന്തേവാസികളെ സംബന്ധിച്ചടത്തോളം വലിയ മാറ്റം തന്നെയായിരുന്നു എന്നാണ് ഡോക്ടർമാർ അടക്കമുള്ളവർ പറയുന്നത്. എന്തായാലും കല്ടകടർ ഇടപെട്ടുള്ള പരിഷ്‌ക്കാരങ്ങൾ അവിടെയും നിന്നില്ല. കട്ടൻചായയ്ക്ക് പകരം പാൽച്ചായയും, പൊറോട്ടയും പാചകം ചെയ്ത് ആശുപത്രിയിൽ എത്തിക്കാൻ നടപടിയെടുത്തു. ഭക്ഷണത്തിൽ വന്ന മാറ്റങ്ങൾ ഇവിടുത്തെ അന്തേവാസികളുടെ മാനസിക ആരോഗ്യത്തിലും മാറ്റങ്ങളുണ്ടാക്കി. ചെറിയ വിഷയങ്ങളെന്ന് തോന്നുമെങ്കിലും വലിയ ചിരി സമ്മാനിക്കാൻ അവർക്ക് സാധിച്ചു.

അധികമാരും ശ്രദ്ധിക്കാതിരുന്ന മാനസിക ആരോഗ്യ ആശുപത്രിയിൽ പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തുന് ഇടപെടൽ ജനങ്ങളുടെ കൈയടിയും നേടുന്നതായിരുന്നു. ഡോക്ടർമാരുടെ ഭാഗത്തു നിന്നും സഹായങ്ങൾ ലഭിച്ചു. എന്നാൽ, സംഘടനകളുടെയും മറ്റ് സന്നദ്ധ താൽപ്പരരായ കോഴിക്കോട്ടെ നല്ല നാട്ടുകാരുമാണ് അദ്ദേഹത്തിന്റെ ഒപ്പമുള്ളത്. കുതിരവട്ടത്തെ ഭക്ഷണക്രമത്തിൽ അടക്കം വരുത്തിയ മാറ്റങ്ങൾക്ക് തുക കണ്ടെത്താൻ വേണ്ടി എല്ലാവരുടെയും സഹായവും അദ്ദേഹം തേടുന്നുണ്ട്. ഹോട്ടൽ ആൻഡ് റസ്റ്റാറൻഡ് അസോസിയേഷൻ, ബേക്കറി അസോസിസേയഷൻ തുടങ്ങി എല്ലാവരും കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സഹായങ്ങൾ നൽകുന്നുണ്ട്.

അടുത്തിടെ കുതിരവട്ടത്തെ അന്തോവാസികളെ സഹായിക്കാനായി അവർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധ നേടുകയുംചെയ്തു. ഈ ചിത്രങ്ങൾ വിറ്റു കിട്ടിയ തുക അവരുടെ തന്നെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് നീക്കം. കലക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരുണാർദ്ദം പദ്ധതിക്ക് കോളേജ് കാമ്പസുകളുടെയും സഹായം തേടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ കോളജ് പ്രിൻസിപ്പൽമാരുടെയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മാരുടെയും യോഗം നേരത്തെ ജില്ലാ കലക്ടറുടെ നേതൃത്വത്തൽ നടത്തിയിരുന്നു.

വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന ഓപ്പറേഷൻ സുലൈമാനി കൂപ്പണുകൾ കൂടുതൽ ആവശ്യക്കാരിലേ ക്കെത്തിക്കാൻ വിദ്യാർത്ഥികളുടെ മൊബൈൽ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങാനും ഇരിക്കെയാണ്. കോളജുകളിലെ എൻ.എസ്.എസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്താനാണ് ശ്രമം.