- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെറിറ്റിൽ ഏഴാംറാങ്കുണ്ടായിരുന്ന മിടുക്കനിൽ നിന്ന് അഡ്‌മിഷന് കോഴ ആവശ്യപ്പെട്ട ന്യൂമാൻ കോളേജ് ഒടുവിൽ കുടുങ്ങി; പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെ ശക്തമായ കണ്ടെത്തലുമായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്; വിസിയോട് നടപടിക്ക് ശുപാർശ ചെയ്ത് യുണിവേഴ്സിറ്റി സിൻഡിക്കേറ്റ്; ഗോൾഡൻ ജൂബിലി ഫണ്ട് എന്ന പേരിൽ കൂപ്പണുകൾ ലോട്ടറി ടിക്കറ്റ് പോലെ വിറ്റ് ഫണ്ട് സമാഹരിച്ചതായും കണ്ടെത്തൽ; സുജിത്തിന്റെ ഒറ്റയാൾ പോരാട്ടം വിജയത്തിലേക്ക്
കോട്ടയം: പിജി അഡ്‌മിഷന് കുട്ടികളിൽ നിന്ന് ഡൊണേഷൻ എന്ന പേരിൽ തൊടുപുഴയിലെ ന്യൂമാൻ കോളേജ് വൻ തുക ആവശ്യപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും കോളേജ് മാനേജ്‌മെന്റിനുമെതിരെ ശക്തമായ കണ്ടെത്തലുകളുമായി പുനരന്വേഷണ കമ്മിഷനും. ലോകായുക്ത അന്വേഷണ റിപ്പോർട്ടിലും വിജിലൻസ് അന്വേഷണത്തിലും പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെ നടപടിക്ക് ശുപാർശകൾ ഉണ്ടായിരുന്നു. ഇത് പൂർണമായും ശരിവച്ചുകൊണ്ടാണ് വി എസ് പ്രവീൺകുമാറിന്റെ അന്വേഷണ കമ്മിഷനും സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇതിന് പുറമെ ന്യൂമാൻ കോളേജിൽ നിയമവിരുദ്ധമായി ഗോൾഡൻ ജൂബിലി ഫണ്ട് എന്ന പേരിൽ കൂപ്പണുകൾ ലോട്ടറി ടിക്കറ്റ് വിൽക്കുന്നതുപോലെ വിറ്റ് ഫണ്ട് സമാഹരിച്ചതായും കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. കോളേജ് പിടിഎ നിയമവിരുദ്ധമായി ഫണ്ട് സമാഹരിക്കുന്നതായും കണ്ടെത്തി. പരാതിക്കാരനായ പിഎസ് സുജിത്തിന് കോളേജ് അധികാരികൾ നഷ്ടപരിഹാരം നൽകാനും പുനരന്വേഷണ കമ്മിഷൻ ശുപാർശ ചെയ്യുന്നു. പുനരന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നതിനും ഉചിതമായ തുടർ നടപടികൾ സ്വീകരിക്കാൻ വിസിയെ ചുമതലപ്പെടുത
കോട്ടയം: പിജി അഡ്‌മിഷന് കുട്ടികളിൽ നിന്ന് ഡൊണേഷൻ എന്ന പേരിൽ തൊടുപുഴയിലെ ന്യൂമാൻ കോളേജ് വൻ തുക ആവശ്യപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും കോളേജ് മാനേജ്‌മെന്റിനുമെതിരെ ശക്തമായ കണ്ടെത്തലുകളുമായി പുനരന്വേഷണ കമ്മിഷനും. ലോകായുക്ത അന്വേഷണ റിപ്പോർട്ടിലും വിജിലൻസ് അന്വേഷണത്തിലും പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെ നടപടിക്ക് ശുപാർശകൾ ഉണ്ടായിരുന്നു. ഇത് പൂർണമായും ശരിവച്ചുകൊണ്ടാണ് വി എസ് പ്രവീൺകുമാറിന്റെ അന്വേഷണ കമ്മിഷനും സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഇതിന് പുറമെ ന്യൂമാൻ കോളേജിൽ നിയമവിരുദ്ധമായി ഗോൾഡൻ ജൂബിലി ഫണ്ട് എന്ന പേരിൽ കൂപ്പണുകൾ ലോട്ടറി ടിക്കറ്റ് വിൽക്കുന്നതുപോലെ വിറ്റ് ഫണ്ട് സമാഹരിച്ചതായും കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. കോളേജ് പിടിഎ നിയമവിരുദ്ധമായി ഫണ്ട് സമാഹരിക്കുന്നതായും കണ്ടെത്തി. പരാതിക്കാരനായ പിഎസ് സുജിത്തിന് കോളേജ് അധികാരികൾ നഷ്ടപരിഹാരം നൽകാനും പുനരന്വേഷണ കമ്മിഷൻ ശുപാർശ ചെയ്യുന്നു. പുനരന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നതിനും ഉചിതമായ തുടർ നടപടികൾ സ്വീകരിക്കാൻ വിസിയെ ചുമതലപ്പെടുത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചതോടെ പ്രിൻസിപ്പലിനും കോളേജിനുമെതിരെ നടപടി ഉറപ്പായിരിക്കുകയാണ്.
എംഎ എക്കണോമിക്സിന് അഡ്‌മിഷൻ കിട്ടയ സുജിത്ത് എന്ന വിദ്യാർത്ഥിക്ക് ഡൊണേഷൻ നൽകാത്തതിന്റെ പേരിൽ പഠനാവസരം നിഷേധിക്കുകയായിരുന്നു. കോഴ്സിന് ചേരണമെങ്കിൽ വൻ തുക ഡൊണേഷൻ വേണമെന്ന് കോളേജ് പ്രിൻസിപ്പൾ ആവശ്യപ്പെട്ടു. എന്നാൽ സർവ്വകലാശാലയുടെ കേന്ദ്രീകൃത പട്ടിക പ്രകാരം അഡ്‌മിഷൻ കിട്ടിയ തനിക്ക് ഡൊണേഷൻ നൽകേണ്ട ആവശ്യമില്ലെന്ന് സുജിത്ത് നിലപാട് എടുത്തു. ഇതു കാരണം കോളേജിൽ അഡ്‌മിഷനും നൽകിയില്ല. 2014 സെപ്റ്റംബർ 27ന് കോളേജിൽ പ്രവേശനം നേടാൻ ത്തിയപ്പോഴാണ് കോളേജിന്റെ ഭാഗത്തുനിന്നും പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നും വഞ്ചനയുടെയും നെറികേടിന്റെയും അനുഭവം സുജിത്ത് നേരിട്ടത്.
ഇതേത്തുടർന്ന് സർവ്വകലാശാലയ്ക്ക് പരാതി നൽകി. തുടർന്ന് പരാതി പരിഹാര സെല്ലിന് ഇത് കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിൽ സുജിത്തിന്റെ പരാതി ശരിയാണെന്ന് കണ്ടു. കോളേജിനെതിരെ നടപടി ശുപാർശയുമായി റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറി. ഇതിനു പിന്നാലെയാണ് ലോകായുക്തയുടേയും വിജിലൻസിന്റേയും അന്വേഷണം ഉണ്ടായത്. കോളേജ് അധികാരികളുടേയും പ്രിൻസിപ്പലിന്റേയും വിശദീകരണം തേടിക്കൊണ്ടാണ് സിൻഡിക്കേറ്റ് പുനരന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഈ അന്വേഷണത്തിലും ശക്തമായ കണ്ടെത്തലുകൾ ഉണ്ടായതോടെ ഉടനെ തന്നെ വിസി പ്രിൻസിപ്പലിന് എതിരെയും കോളേജിന് എതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അന്വേഷണ കമ്മിഷൻ കണ്ടെത്തലുകൾ
2014-15 അധ്യയന വർഷം തൊടുപുഴ ന്യൂമാൻ കോളേജിൽ എംഎ എക്കണോമിക്‌സിന് മെറിറ്റ് ലിസ്റ്റിൽ ഏഴാം റാങ്കുകാരൻ ആയിരുന്നു. സെപ്റ്റംബറിൽ രേഖകളുമായി കോളേജിലെത്തിയ സുജിത്തിനോട് പ്രിൻസിപ്പൽ ഡോ. ടിഎം ജോസഫ് 10,555 രൂപ ഫീസായി ആവശ്യപ്പെട്ടു. പിന്നീട് 2500 രൂപ ഇളവുനൽകി 8050 രൂപ നൽകണമെന്ന് പറഞ്ഞു. പിന്നീട് പേരിന് അഡ്‌മിഷൻ നൽകി പിന്നീട് ഡിസ്‌കണ്ടിന്യൂഡ് എന്ന് രേഖപ്പെടുത്തി നീക്കം ചെയ്തു. സർവകലാശാലാ, സർക്കാർ നിയമങ്ങൾക്ക് എതിരായി ക്രമവിരുദ്ധമായാണ് പ്രിൻസിപ്പൽ ഫീസ് ആവശ്യപ്പെട്ടതെന്നും കമ്മിഷൻ കണ്ടെത്തി. ഇതുസംബന്ധിച്ച വിജിലൻസിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ കമ്മിഷനും പൂർണമായും ശരിവയ്ക്കുന്നു. ഇതേത്തുടർന്നാണ് കമ്മിഷൻ തുടർ നടപടികൾക്ക് ശുപാർശ നൽകിയത്. അധികം ഫീസ് അഡ്‌മിഷൻ സമയത്ത് ആവശ്യപ്പെട്ടതും അനധികൃത ഫണ്ട് സമാഹരണത്തിന് പിടിഎ അധ്യക്ഷനായി ഇരുന്നുകൊണ്ട് തീരുമാനമെടുത്തതും കമ്മിഷന് ബോധ്യപ്പെട്ടു. പിടിഎ കമ്മിറ്റിയിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും കമ്മിഷൻ പ്രകടിപ്പിക്കുന്നുണ്ട്.
സുജിത്തിന് പഠനം നിഷേധിച്ച സംഭവം മറുനാടൻ മലയാളിയാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് ഇത് ചർച്ചയായതോടെ 2015ൽ തന്നെ കോളേജിന് താക്കീത് നൽകി സർവകലാശാലാ തീരുമാനവും ഉണ്ടായി. അഞ്ച് കാര്യങ്ങളാണ് സിൻഡിക്കേറ്റ് മുന്നോട്ട് വച്ചത്. വിഷയത്തിൽ കോളേജ് പ്രിൻസിപ്പാളിൽ നിന്ന് വിശദീകരണം തേടി. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കോളേജ് പ്രിൻസിപ്പൽ എന്ന പദവിയിൽ നിന്ന് നീക്കാതിരിക്കാൻ കാരണം തേടി. ഇതിന് പിന്നാലെയാണ് കമ്മിഷന്റെ അന്വേഷണവും നടന്നത്. അടുത്ത അഞ്ചുവർഷത്തേക്ക് ന്യൂമാൻ കോളേജിന് പുതിയ കോഴ്സോ മാനേജ്മെന്റ് സീറ്റോ അനുവദിക്കില്ലെന്ന തീരുമാനവും അന്നുതന്നെ കൈക്കൊണ്ടിരുന്നു. ഇക്കാര്യം കമ്മിഷൻ റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം എംജി സർവ്വകലാശാലയുടെ കീഴിലെ മുഴുവൻ കോളേജുകൾക്കും ഡൊണേഷൻ വാങ്ങുന്നതിനെതിരെ കർശന മുന്നറിയിപ്പും നൽകിയിരുന്നു.. ന്യൂമാൻ കോളേജിനെതിരായ നടപടിയെ കുറിച്ച് എല്ലാ കോളേജുകളേയും അറിയിക്കാൻ ഡെപ്യൂട്ടി രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് നിർദ്ദേശം നൽകുകയായിരുന്നു. മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ നിന്ന് മാനേജ്മെന്റ് കോളേജുകൾ കോഴവാങ്ങുന്നതിന് ഇതിലൂടെ തടയിടുന്നതിന് ശക്തമായ നിലപാട് യൂണിവേഴ്‌സിറ്റി കൈക്കൊള്ളുമെന്നാണ് വിവരം.
പഠിക്കാൻ മോഹിച്ച പാവപ്പെട്ട വിദ്യാർത്ഥി നേരിട്ടതുകൊടും വഞ്ചന
എറണാകുളം ജില്ലയിലെ മാമലക്കണ്ടം എന്ന ഉൾഗ്രാമത്തിലെ നിർധന കുടുംബാംഗമാണ് സുജിത്. ആനയുൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ ധാരാളമുള്ള വനപ്രദേശത്തിനു നടുവിലാണ് മാമലക്കണ്ടം. ഇവിടെനിന്നു കോളജ് വിദ്യാഭ്യാസം നേടാൻ 52 കിലോമീറ്റർ അകലെ മൂവാറ്റുപുഴയിലോ, 70 കിലോമീറ്റർ അകലെ തൊടുപുഴയിലോ എത്തണം. നാലുകിലോമീറ്റർ വനത്തിലൂടെ കാൽനടയായി താണ്ടിയാണ് ജീപ്പ് കിട്ടുന്ന സ്ഥലത്ത് ദിവസവും എത്തി സുജിത് ബിരുദപഠനം മൂവാറ്റുപുഴ നിർമല കോളജിൽ പൂർത്തിയാക്കിയത്. ജീപ്പിൽ തൂങ്ങിയുള്ള യാത്രയായിരുന്നു മിക്കപ്പോഴും. ആകെ 50 സെന്റ് സ്ഥലം മാത്രമുള്ള പുരയിടത്തിൽ കൃഷി ചെയ്തും ഡ്രൈവർ ജോലി നോക്കിയുമാണ് പുള്ളിയിൽ സാബു തന്റെ മകനെ പഠിപ്പിച്ചത്. ദിവസവും 51 രൂപ വണ്ടിക്കൂലി മുടക്കിയാണ് സുജിത് കോളജിൽ പഠനത്തിനെത്തിയിരുന്നത്. കഷ്ടപ്പാടുകളുടെ സമാഹാരങ്ങളിലൂടെ മുന്നോട്ട് പോയപ്പോഴും 100 ശതമാനം ഹാജരോടെ 80 ശതമാനം മാർക്ക് നേടിയാണ് ബി. എ പരീക്ഷ പാസായത്. ഇതിനിടെ എൻ. സി. സി പ്രവർത്തനത്തിലും സജീവമായി. അണ്ടർ ഓഫീസറായി തിളങ്ങി സി ലെവൽ സർട്ടിഫിക്കറ്റിന് ഉടമയായി. ദേശീയതലത്തിൽ എക്സലെന്റ് പെർഫോമർക്കുള്ള അവാർഡും കരസ്ഥമാക്കിയാണ് സുജിത് തന്റെ ഇല്ലായ്മകളെ വെല്ലുവിളിച്ചത്.
തന്റെ സ്വപ്നമായ ബിരുദാനന്തര ബിരുദപഠനത്തിനായി തൊടുപുഴ ന്യൂമാൻ കോളജിൽനിന്നുള്ള പ്രവേശന അറിയിപ്പ് ലഭിക്കുന്നതുവരെ സുജിത്തിന് ആശങ്കയും ആകുലതയും ഒന്നുമുണ്ടായിരുന്നില്ല. 2014 സെപ്റ്റംബർ 27ന് കോളജിൽ പ്രവേശനം നേടാൻ എത്തിയതു മുതലാണ് വഞ്ചനയുടെയും നെറികേടിന്റെയും കാഴ്ചകൾ ഈ വിദ്യാർത്ഥിയെ വേദനിപ്പിച്ചത്. മെറിറ്റിൽ ഏഴാമനായാണ് സുജിത്തിന് പ്രവേശനം ലഭിക്കേണ്ടിയിരുന്നത്. കോളജിൽ അടയ്ക്കേണ്ട തുക നാലായിരത്തോളം വരുമെന്ന് മുൻ അദ്ധ്യാപകരിൽനിന്നു മനസിലാക്കിയാണ് സുജിത് ന്യൂമാൻ കോളജിന്റെ പടി കടന്നുചെന്നത്. പ്രവേശനം സ്വീകരിച്ചുകൊണ്ടുള്ള ഫോം പൂരിപ്പിച്ചുകൊടുത്തശേഷം കാത്തിരിക്കവേ, വിദ്യാർത്ഥി അടയ്ക്കേണ്ട തുകയുടെ കോളത്തിൽ പ്രിൻസിപ്പൽ 10555 എന്ന് രേഖപ്പെടുത്തി. തുക അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യൂണിവേഴ്സിറ്റി നിയമപ്രകാരം പരമാവധി തുക 4432 മതിയാകില്ലേ എന്നു സുജിത് ചോദിച്ചു. മുഴുവൻ തുകയും അടയ്ക്കണമെന്നും ഇല്ലെങ്കിൽ പ്രവേശനം കിട്ടില്ലെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. പണം അടയ്ക്കാൻ നാലുമണിവരെ സമയമുണ്ടെന്നും പറഞ്ഞു പ്രിൻസിപ്പൽ വിദ്യാർത്ഥിയെ പുറത്തിറക്കി വിട്ടു.
അഡിമിഷൻ കിട്ടാത്തതറിഞ്ഞ് സുജിത്തിന്റെ കുടുംബം നിരാശയിലായി. എങ്കിലും പ്രതീക്ഷ വിടാതെ 29-ന് രാവിലെ വീട്ടിൽനിന്നിറങ്ങിയ സുജിത് പരാതി രേഖാമൂലം അയച്ചു. എന്നാൽ പരാതി കിട്ടിയതായി അറിയിപ്പ് ലഭിച്ചതല്ലാതെ തുടർനടപടി ഒന്നുമുണ്ടായില്ല. യൂണിവേഴ്സിറ്റിയിലും പരാതിപ്പെട്ടു. ഇവിടെയും അനുകൂലമായ യാതൊന്നും സംഭവിച്ചില്ല. ഒരു മന്ത്രിയുടെ സ്വാധീനത്തിലുള്ള കോളജാണ് ന്യൂമാനെന്നും ക്രിസ്ത്യൻ മാനേജ്മെന്റ് കോളജായതിനാൽ നടപടിയുണ്ടാവില്ലെന്നും സുജിത്തിന് കോളജ് അധികാരികളുടെ അടുപ്പക്കാർ ഉപദേശം നൽകി. എന്നാൽ പിന്തിരിയാൻ സുജിത് തയാറായില്ല. പിന്നീടങ്ങോട്ട് നീതിക്കുവേണ്ടിയുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു. തന്നെപ്പോലെയുള്ള ആയിരക്കണക്കിന് കുട്ടികളെ പിഴിഞ്ഞു തീർക്കുന്ന വിദ്യാഭ്യാസക്കച്ചവടക്കാരിൽനിന്ന് ഇനിയെങ്കിലും രക്ഷയുണ്ടാകണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നു സുജിത് പറഞ്ഞു. തന്നെ ഇതുവരെ പഠിപ്പിക്കാൻ അച്ഛൻ സാബുവും അമ്മ പുഷ്പയും ചേച്ചിയും ഒഴുക്കിയ വിയർപ്പിന്റെ മൂല്യമറിഞ്ഞ സുജിത്തിന് പിന്തിരിയാൻ കഴിയുമായിരുന്നുമില്ല.
യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർ, സംസ്ഥാന ആഭ്യന്തര മന്ത്രി, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ, വിജിലൻസ് എ. ഡി. ജി. പി, ലോകായുക്ത, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്കൊക്കെ സുജിത് പരാതി നൽകി. തുടർന്ന് പരാതി പിൻവലിപ്പിക്കാൻ സുജിത്തിനുമേൽ ശക്തമായ സമ്മർദമുണ്ടായി. കുടുംബം നിരാശയിൽ ഉഴറിയപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് കോളജ് സഹായവുമായെത്തി. മിടുക്കനായ സുജിത്തിന്റെ തുടർപഠനത്തിന് അവസരമൊരുക്കി അവർ എം. എ കോഴ്സിൽ പ്രവേശനം നൽകി. 3650 രൂപ മാത്രമാണ് ഫീസിനത്തിൽ ഒടുക്കേണ്ടി വന്നത്. ഇതിനിടെ പരാതികളിൽ നടപടി തുടങ്ങി. ലോകായുക്ത തെളിവെടുപ്പിന് കമ്മിഷനെ നിയോഗിച്ചു. വിജിലൻസും തെളിവെടുത്തു. ഇത്തരത്തിൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടും വരുന്നതും കോളേജിനും പ്രിൻസിപ്പലിനുമെതിരെ നടപടിക്ക് നിർദ്ദേശം ഉണ്ടാകുന്നതും.
കമ്മിഷൻ റിപ്പോർട്ടിനുമേലുള്ള സർവകലാശാലാ ഉത്തരവ് ചുവടെ: