പിറവം: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ 'സ്വർണദൂരം' ചാടിക്കടന്ന് ചരിത്രനേട്ടം സ്വന്തമാക്കിയതിലൂടെ രാജ്യത്തിന്റെ, മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് എൽദോസ് പോൾ. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണമെഡൽ നേടി ചരിത്രനേട്ടമാണ് ഈ മലയാളി താരം സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളം പൂത്തൃക്ക പാലയ്ക്കാമറ്റം സ്വദേശിയാണ് എൽദോസ് പോൾ. ഫൈനലിൽ 17.03 മീറ്റർ ചാടിയാണ് എൽദോസിന്റെ സുവർണനേട്ടം.

എൽദോസിന്റെ ഈ നേട്ടം ഏറ്റവും സന്തോഷിപ്പിക്കുന്നത് വല്യമ്മ മറിയാമ്മയെയാണെന്ന് നിസ്സംശയം പറയാം. എൽദോസ് പോളിന്റെ അച്ഛന്റെ അമ്മയാണ് എൺപത്തിയെട്ടുകാരിയായ മറിയാമ്മ. നാലരവയസ്സുമുതൽ മറിയാമ്മ വളർത്തിയ കുഞ്ഞാണ് സ്വർണമെഡൽ കഴുത്തിലണിഞ്ഞ് രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുന്നത്.

വല്യമ്മയ്ക്ക് എന്നും പ്രാർത്ഥനയായിരുന്നു. ചെറുമകൻ എൽദോസ് പോൾ വളരുന്നതിനനുസരിച്ച് പ്രാർത്ഥനയുടെ രീതിയും ലക്ഷ്യങ്ങളും മാറിക്കൊണ്ടിരുന്നു. ഒടുവിൽ അമേരിക്കയിലെ യൂജിനിൽ ലോക അത്‌ലറ്റിക്‌സിലെ ട്രിപ്പിൽ ജമ്പിൽ വിസ്മയം തീർത്ത മലയാളി താരം കോമൺവെൽത്ത് ഗെയിംസിൽ സുവർണ നേട്ടം കൊയ്യുമ്പോൾ നാടിന്റെ ഒന്നാകെ ആഹ്ലാദം ഏറ്റുവാങ്ങുകയാണ് അവനെ വളർത്തി വലുതാക്കിയ മറിയാമ്മ. ഒത്തിരി പ്രാർത്ഥിച്ചു. പ്രാർത്ഥന ദൈവം കേട്ടു. സന്തോഷമായി എന്നായിരുന്നു മാധ്യമങ്ങളോടു ആദ്യ പ്രതികരണം.

രാമമംഗലം പാലയ്ക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് 25-കാരനായ എൽദോസ്. നന്നേചെറുപ്പത്തിൽ നാലരവയസ്സിൽ എൽദോസിന് അമ്മയെ നഷ്ടപ്പെട്ടു. പിന്നെ എൽദോസിനെ വളർത്തിയത് മറിയാമ്മയാണ്.

തനി നാട്ടുമ്പുറത്തുകാരനായ എൽദോസിന്റെ ബാല്യം അത്ര സുഖമുള്ളതായിരുന്നില്ല. പല സ്‌കൂളുകളിൽ മാറിമാറി പഠിക്കേണ്ടിവന്ന ചെറുമകനെ ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു മറിയാമ്മ. രാമമംഗലം വലിയ പള്ളി വക സ്‌കൂളിലാണ് എൽദോസ് പഠനം തുടങ്ങിയത്. ഫീസും വണ്ടിക്കൂലിയും കൊടുക്കാനില്ലാത്തതിനാലാണ് കോതമംഗലത്ത്, താമസിച്ച് പഠിക്കുന്ന സ്‌കൂളിലാക്കിയത്. അവിടെനിന്ന് ആലങ്ങാട്ടെ സ്‌കൂളിലേക്ക് മാറ്റി. അവിടെയും താമസിച്ച് പഠിക്കുകയായിരുന്നു. സ്‌പോർട്‌സിലെ താത്പര്യം തിരിച്ചറിഞ്ഞ അടുത്ത ബന്ധു ബാബു ഇടപെട്ടാണ് അവനെ പാമ്പാക്കുട എം ടി.എം. സ്‌കൂളിൽ ചേർത്തത്.

സ്‌കൂളിൽ എല്ലാ കായികമത്സരങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന എൽദോസിന് പോൾവോൾട്ടിലായിരുന്നു കൂടുതൽ താത്പര്യം. ട്രിപ്പിൾ ജമ്പാണ് എൽദോസിന് അനുയോജ്യമെന്ന് കണ്ടെത്തി ആ വഴിക്ക് തിരിച്ചുവിട്ടത് കായികാധ്യാപകൻ ജോർജ് ജോസ് ആയിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ 2015-ൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ട്രിപ്പിൾ ജമ്പിൽ മത്സരിച്ചു. കോതമംഗലം എം.എ. കോളേജിലെ കായികാധ്യാപകൻ മാത്യൂസ് ജേക്കബിന്റെ നിർദ്ദേശമനുസരിച്ചാണ് ഡിഗ്രി പഠനത്തിന് അവിടെയെത്തിയത്.

എം.എ. കോളേജിലെ പരിശീലനം എൽദോസിനെ ദേശീയ താരമായി ഉയർത്തി. ഡിഗ്രി രണ്ടാംവർഷം പഠിക്കുമ്പോൾ നേവിയിൽ സെലക്ഷൻ ലഭിച്ചു. ഡൽഹിയിൽ പെറ്റി ഓഫീസറായി ജോലിചെയ്യുന്നതിനിടയിലാണ് ലോക അത്‌ലറ്റിക്‌സിന് സെലക്ഷൻ കിട്ടിയത്. ഒടുവിൽ തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയുടെ പ്രതീക്ഷ കാത്ത് സ്വർണം സമ്മാനിച്ചിരിക്കുകയാണ് എൽദോസ് പോൾ.

അമേരിക്കയിലെ യൂജിനിൽ ലോക അത്‌ലറ്റിക്‌സിലെ ട്രിപ്പിൽ ജമ്പിൽ ഫൈനലിൽ എത്തിയ എൽദോസ് പോളിന്റെ നേട്ടം നാടിനെ ഒന്നാകെ ആഹ്ലാദത്തിലാഴ്‌ത്തിയിരുന്നു. ഒടുവിൽ കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടത്തിൽ എത്തിയപ്പോൾ നാട് ഒന്നാകെ ആ ആഹ്ലാദം പങ്കിടുകയാണ്.

ജൂലൈയിൽ യുഎസിലെ യൂജിനിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയിൽ നിന്നാണ് എൽദോസ് കോമൺവെൽത്ത് ഗെയിംസിനെത്തിയത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ 16.79 മീറ്റർ ദൂരം താണ്ടി ഒമ്പതാം സ്ഥാനത്താണ് പോൾ ഫിനിഷ് ചെയ്തിരുന്നത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് എൽദോസ് കോമൺവെൽത്തിൽ സ്വർണമണിയുന്നത്. ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ ചാടിയ 16.99 മീറ്ററായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും മികച്ച ദൂരം. ഇതാണ് പോൾ ബർമിങ്ഹാമിൽ മറികടന്നത്. കോതമംഗലം എംഎ കോളേജിൽ ടിപി ഔസേപ്പിന്റെ ശിഷ്യനായിരുന്നു പോൾ.

എൽദോസിന്റെ പരിശീലന പങ്കാളിയാണ് അബ്ദുല്ല അബൂബക്കർ. ട്രിപ്പിൾ ജംപിൽ 17.19 മീറ്റർ വരെ ചാടിയ താരമാണ് അബ്ദുല്ല അബൂബക്കർ. നാദാപുരം ചെറുമോത്ത് കുനിയപൊയിൽ സാറയുടെയും വളയം നാരങ്ങോളി അബ്ദുല്ലയുടെയും മകനാണ്. ഇരു താരങ്ങളെയും രാഷ്ട്രപതി ദൗപദി മുർമു അഭിനന്ദിച്ചു. ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ നേട്ടം ഏറെക്കാലം ഓർമിക്കപ്പെടുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ ഇന്ത്യ നാലു തവണ ട്രിപ്പിൾ ജംപിൽ മെഡൽ നേടിയിട്ടുണ്ട്. 1970,74 വർഷങ്ങളിൽ വെങ്കലവും സ്വർണവും നേടിയ മൊഹിന്ദർ സിങ് ഗിൽ, 2010ൽ വെങ്കലം നേടിയ മലയാളിയായ രഞ്ജിത് മഹേശ്വരി, 2014ൽ വെങ്കലം നേടിയ അർപീന്ദർ സിങ് എന്നിവരാണ് മെഡൽ സ്വന്തമാക്കിയവർ.