കോഴിക്കോട്: തിരുനെല്ലി കാട്ടിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച നക്സൽ വർഗ്ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം വോട്ട് സമാഹരണത്തിനുള്ള മാർഗ്ഗമാക്കരുതെന്ന് സിപിഐ എംഎൽ റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എംകെ ദാസൻ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. വർഗ്ഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് കോടതിയിലും വ്യക്തമായ സാഹചര്യത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഹോദരങ്ങൾ നൽകിയ കേസിനെ തുടർന്ന് കോടതിയുടെ തന്നെ നിർദ്ദേശങ്ങളനുസരിച്ച് സ. വർഗ്ഗീസിന്റെ സഹോദരങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുകയുണ്ടായി.

വർഗ്ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ലെന്നും കസ്റ്റഡിയിലെടുത്ത് ക്രൂരമായ പീഡനങ്ങൾക്കു ശേഷം ബന്ധനസ്ഥനാക്കി വെടി വെച്ചു കൊല്ലുകയായിരുന്നുവെന്നും വർഗ്ഗീസിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നും അന്നു തൊട്ടേ പ്രസ്ഥാനം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. തുടർന്ന് ഇടതു-വലതു മുന്നണികൾ പലതും വന്നു പോയിട്ടും സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ഒരു ശ്രമവും ഉണ്ടായില്ല.

ഒടുവിൽ, വർഗ്ഗീസിനെ വെടിവെച്ച പൊലീസുകാരൻ തന്നെ പതിറ്റാണ്ടുകൾക്കു ശേഷം നടത്തിയ വെളിപ്പെടുത്തലിനെ തുടന്നാണ് കോടതി വിചാരണയും വെടി വെക്കാൻ ഉത്തരവിട്ട പൊലീസ് മേധാവി ലക്ഷ്മണ ശിക്ഷിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായത്. ഇതിനു ശേഷമാണ് പിണറായി സർക്കാർ അധികാരത്തിൽ വരുന്നതും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വർഗ്ഗീസിന്റെ കുടുംബം കോടതിയിൽ കേസു കൊടുക്കുന്നതും. ഇപ്പോഴത്തെ നഷ്ടപരിഹാരത്തിന് ഇടയാക്കിയ ഈ കേസിൽ 2017 ൽ പിണറായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത് വർഗ്ഗീസ് കൊലയാളിയും കൊള്ളക്കാരനും ആയിരുന്നുവെന്നും അതിനാൽ നഷ്ട പരിഹാരം നൽകാൻ ആവില്ല എന്നുമായിരുന്നു.

സിപിഎമ്മിന്റെ കണ്ണൂർ ഓഫീസ് സെക്രട്ടറിയായിരിക്കെ എകെജിയുടെ നിർദ്ദേശാനുസരണം വയനാട്ടിലെ ആദിവാസികൾക്കിടയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സിപിഎമ്മിന്റെ വർഗ്ഗ വഞ്ചനകളെ തിരിച്ചറിഞ്ഞ് വിപ്ലവ രാഷ്ട്രീയത്തിലേക്കെത്തുകയും രക്തസാക്ഷിയാവുകയും ചെയ്ത വർഗ്ഗീസിനെ തള്ളിപ്പറയുകയും അപമാനിക്കുകയുമാണ് സിപിഎം എക്കാലവും ചെയ്തുപോരുന്നത്. അതിന്റെ തുടർച്ച തന്നെയായി പിണറായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിനെതിരെ സിപിഐ (എംഎൽ)റെഡ് സ്റ്റാർ ശക്തമായി രംഗത്തുവന്നിരുന്നു.ഇന്നിപ്പോൾ നഷ്ടപരിഹാരം നൽകാൻ നിർബന്ധിതമായ പിണറായി സർക്കാർ അതിന്റെ മറവിൽ വർഗ്ഗീസിന്റെ രക്തസാക്ഷിത്വത്തെയും അവസരവാദപരമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള നീക്കങ്ങളെ തിരിച്ചറിയണം.

വർഗ്ഗ രാഷ്ട്രീയത്തെ പൂർണ്ണമായി കയ്യൊഴിഞ്ഞ് നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാരായി ജീർണ്ണിച്ച സിപിഐഎം നേതൃത്വത്തിലുള്ള പിണറായി സർക്കാർ തന്നെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെന്ന പേരിൽ 8 പച്ച മനുഷ്യരെ വെടിവെച്ചു കൊന്നത്.ഇവരുടെ കൊലയാളികളും വിചാരണ ചെയ്യപ്പെടേണ്ടതും ഇവരുടെ ബന്ധുക്കൾക്കും നഷ്ട പരിഹാരം കിട്ടേണ്ടതും പ്രാഥമിക ജനാധിപത്യാവകാശമാണ്.തെരഞ്ഞെടുപ്പ് അടുത്ത സന്ദർഭത്തിൽ വർഗ്ഗീസിന്റെ രക്തസാക്ഷിത്വത്തെ വോട്ടു സമാഹരണത്തിനായി ഉപയോഗിക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും ഏറ്റുമുട്ടൽ കൊലകൾ ആവർത്തിക്കെരുതെന്നും സിപിഐ എംഎൽ റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എംകെ ദാസൻ വാർത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.