മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിനെതിരായ പരാതിക്കാരി ജയ മുരുഗേഷിനു നേരെ നഗ്നതാപ്രദർശനം നടത്തിയതിന് മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖിനെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ജയമുരുഗേഷ് ഭർത്താവ് മുരുഗേഷ് നരേന്ദ്രനും എസ്റ്റേറ്റ് മാനേജർക്കും ഒപ്പം പാട്ടക്കരിമ്പിലെ റീഗൾ എസ്റ്റേറ്റ് സന്ദർശിക്കുന്നതിനിടെയായിരുന്നു സംഭവം. എ.കെ.എസ് സിദ്ദഖ് അസഭ്യം പറയുകയും മുണ്ട് പൊക്കി നഗ്നത പ്രദർശിപ്പിച്ചെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. നഗ്നതാപ്രദർശനം നടത്തുന്നതിന്റെ ഫോട്ടോ സഹിതം സംസ്ഥാന പൊലീസ് ചീഫിനും വനിതാ കമ്മീഷനും ജയ മുരുഗേഷ് പരാതി നൽകിയിട്ടുണ്ട്.

റീഗൾ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മോഷ്ടിച്ച് മുറിച്ച് കടത്തിയ കേസിലും മാമ്പറ്റയിലെ റീഗൾ ബൃന്ദാവൻ എസ്റ്റേറ്റിലെ 225 കമുകിൻ തൈകൾ വെട്ടി നശിപ്പിച്ച കേസിലും പൊലീസ് അറസ്റ്റു ചെയ്ത പ്രതിയാണ് സിദ്ദിഖ്. കോവിഡ് ലോക്ഡൗണിനിടെ കഴിഞ്ഞ ഏപ്രിൽ 13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള റീഗൾ എസ്റ്റേറ്റിലെ 16 ഏക്കർ തീയിട്ടു നശിപ്പിച്ചിരുന്നു. എട്ടു മാസം കഴിഞ്ഞിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

റീഗൾ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയിൽ നേരത്തെ പി.വി അൻവർ എംഎ‍ൽഎയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്റ്റേറ്റിലെ റബർ മരങ്ങൾ കൈയേറി ടാപ്പ് ചെയ്തും രണ്ട് കുഴൽകിണറുകളിലെ മോട്ടോർ നശിപ്പിച്ചും നിരന്തരം അതിക്രമങ്ങൾ തുടർന്നിരുന്നു. റീഗൾ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റിൽ റീപ്ലാന്റേഷന്റെ ഭാഗമായി നട്ട 716 റബർ മരങ്ങളും പാട്ടക്കരിമ്പ് റീഗൾ എസ്റ്റേറ്റിലെ 45 വാഴ തൈകളും നശിപ്പിച്ചിരുന്നു