കോഴിക്കോട്: ബാലുശേരി ഉണ്ണികുളം എമ്മംപറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്‌കരനും കുടുംബത്തിനും നീതി ലഭിക്കണമെങ്കിൽ കാത്തിരിപ്പ് ഇനിയും തുടരണം. പരാതി ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ ആയതുകൊണ്ടുതന്നെ പൊലീസ് ഏമാന്മാർ പരാതി മുക്കിയും കേസ് രജിസ്റ്റർ ചെയ്യാതെയും ഒളിച്ചുകളി തുടരുകയാണ്.

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഡിസംബർ 18ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിന്മേൽ യാതൊരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല, ഭാസ്‌കരൻ നൽകിയ പരാതി തന്നെ ഒടുവിൽ അപ്രത്യക്ഷമായിരിക്കുകയുമാണ്.

ജുവലറി മുതലാളിക്കെതിരെ കേസില്ലാതാക്കാൻ പൊലീസ്-രാഷ്ട്രീയ തലങ്ങളിൽ തിരക്കിട്ട നീക്കങ്ങളും നടത്തുന്നുണ്ട്. പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കുന്ന സ്ഥിരം അടവുതന്നെയാണ് ഇവിടെയും പയറ്റിയിരിക്കുന്നത്. ഭാസ്‌കരനെയും കുടുംബത്തെയും കേസിൽനിന്നും പിൻതിരിപ്പിച്ച് പരാതി ഇല്ലാതാക്കാൻ മണ്ഡലത്തിലെ രണ്ടു പ്രമുഖ ബിജെപി നേതാക്കളാണ് ബോബി ചെമ്മണ്ണൂരിനു വേണ്ടി വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇവർ നിരന്തരം ഭാസ്‌കരന്റെ കുടുംബങ്ങളെയും ബന്ധുക്കളെയും സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.

പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ കുബേര ആരെയും അതിശയിപ്പിക്കുന്ന പദ്ധതി തന്നെയാണ്. കഴിഞ്ഞ മാസം 18ന് കമ്മീഷണർക്ക് നൽകിയ പരാതിയുടെ തൊട്ടു പിന്നാലെ മധ്യസ്ഥശ്രമവുമായി പൊലീസുകാർ തന്നെ ഭാസ്‌കരനെയും കുടുംബത്തെയും സമീപിച്ച സംഭവം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്ന് നൽകിയ പരാതി എവിടെയാണെന്നു പോലും അറിയില്ലെന്നായിരുന്നു പരാതിക്കാരോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സംഭവം അന്വേഷിച്ച് കോഴിക്കോട് റൂറൽ എസ്‌പിയെ സമീപിച്ചപ്പോൾ വീണ്ടും പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ഈ മാസം 14ന് വടകര എസ്‌പി മുമ്പാകെ ഒരു തവണ കൂടി ഭാസ്‌കരൻ പരാതി സമർപ്പിക്കുകയുണ്ടായി. എന്നാൽ രണ്ടാമതു നൽകിയ പരാതിയും പത്തു ദിവസമായിട്ടും കേസ് എടുത്തില്ലെന്നതാണ് വസ്തുത. അതേസമയം പരാതി പരിശോധിച്ചു വരികയാണെന്നും നടപടിയെടുക്കുമെന്നും എസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു.

പലിശക്കു വാങ്ങിയ പണത്തിന്റെ ആറിരട്ടി തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ ഭൂമിയുടെ ആധാരം തിരിച്ച് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ബാലുശ്ശേരി ഉണ്ണികുളം എമ്മംപറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്‌കരൻ പാരാതിയുമായി രംഗത്തു വന്നത്. ഉണ്ണികുളം എംഎം പറമ്പിൽ താമസിച്ചു വരുന്ന അറുപതു പിന്നിട്ട സാധാരണക്കാരനായ കർഷകനാണ് കെ.പി ഭാസ്‌കരൻ. 1996-ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും പലിശക്ക് വാങ്ങിയത്. കെ.എഫ്.സിയിൽ നിന്നും ലോണെടുത്ത് ഹോളോബ്രിക്‌സ് നിർമ്മാണം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാപനം നഷ്ടത്തിലാവുകയും കടബാധ്യത വരികയും ചെയ്തപ്പോഴായിരുന്നു ഭാസ്‌കരൻ ഒന്നര ലക്ഷം രൂപ ബോബിയിൽ നിന്നും കടം വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടയ്ക്കുന്ന മുറയ്ക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ.

ഇതുപ്രകാരം ഭാസ്‌കരൻ 2180/1986 നമ്പറിൽ ജന്മം തീറാധാര പ്രകാരം കൈവശം വച്ചു വന്നിരുന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്‌കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്‌ട്രേഷൻ മാറ്റുകയും ചെയ്തു. തിരിച്ചടവ് വൈകിച്ച സമയങ്ങളിലെല്ലാം ഗുണ്ടകളെ വിട്ട് ഭീഷണിയും അക്രമവുമായിരുന്നു.

ബോബിയുടെ ജീവനക്കാരായ ബൈജു കുറ്റിയിൽ, ജയപ്രകാശ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുതും വലുതുമായ സംഘങ്ങൾ രാപകൽ വ്യത്യാസമില്ലാതെ വീട്ടിലെത്തി അസഭ്യം പറയുകയും കയ്യിലുണ്ടായിരുന്ന പണം പിടിച്ചുപറിച്ചു കൊണ്ടുപോകുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തിരിച്ചടവ് വൈകിയെന്ന പേരിൽ ഒരു ദിവസം ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ വീട്ടിൽ നിന്നും ഇറക്കി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും കോഴിക്കോട് എം.എം അലി റോഡിലുള്ള ചെമ്മണ്ണൂർ ജൂവലറി ഗോഡൗണിൽ കൊണ്ടു പോയി തന്നെ മർദിക്കുകയും തുടർന്ന് നിരവധി പേപ്പറുകളിൽ ബലംപ്രയോഗിച്ച് ഒപ്പിടുവിക്കുകയും ചെയ്തതായി ഭാസ്‌കരൻ പറയുന്നു. എന്നാൽ അടുത്ത ബന്ധുക്കൾ ആധാരം നൽകിയപ്പോൾ മാത്രമാണ് അടുത്ത ദിവസം രാവിലെ ഇവർ ഭാസ്‌കരനെ വിട്ടയക്കാൻ തയ്യാറായത്. ഈ ആധാരവും ഇതുവരെയും തിരിച്ചു നൽകാൻ തയ്യാറായിട്ടില്ല. തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം ആരോടെങ്കിലും പറയുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്താൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും സംഘം ഭസ്‌കരനു നേരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനു ശേഷവും പല തവണ ജീവനക്കാർ ഭാസ്‌കരന്റെ വീട്ടിൽ മദ്യപിച്ചെത്തി പണം ആവശ്യപ്പെടുകയും വീട്ടിലുള്ളവരെ ശകാരിക്കുകയും കൈവശമുള്ള പണം പിടിച്ചു പറിച്ചു കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. പണം അടക്കുന്ന മിക്ക തവണകളിലും രസീതുകളോ മറ്റു രേഖകളോ ഇവർ ഭാസ്‌കരന് നൽകാൻ തയ്യാറായിരുന്നില്ല. ഒരു തവണ ബോബി നേരിട്ടു തന്നെ പണം വാങ്ങുന്നതിനായി ഭാസ്‌കരന്റെ വീട്ടിൽ എത്തിയിരുന്നു.

തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരുടെ പേരു വിവരങ്ങൾ അടക്കം പരാതിയിൽ ഭാസ്‌കരൻ കൃത്യമായി പറഞ്ഞിരുന്നു. മാത്രമല്ല, ഈടിനു നൽകിയ ഭൂമി അടക്കം രണ്ട് ആധാരം ജൂവലറിക്കാരുടെ കൈവശമാണുള്ളത്. നഗ്നമായ നിയമലംഘനം വ്യക്തമായിട്ടും ഓപ്പറേഷൻ കുബേരയുടെ പരിതിയിൽ ഉൾപ്പെടുത്തി കേസെടുക്കാൻ പര്യാപ്തമായ സംഭവങ്ങളായിട്ടും പൊലീസ് കേസെടുക്കാൻ ഇതുവരെയും തയ്യാറായില്ലെന്നതാണ് അത്ഭുതം. ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന ഭാസ്‌കരന്റെ കുടുംബം നീതി അഭ്യർത്ഥിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ വരാന്തകൾ കയറിയിറങ്ങുമ്പോഴും പ്രാഥമികമായ നടപടി പോലും ചെയ്യാൻ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനു പുറമെ പ്രദേശത്തെ ബിജെപിയുടെ പ്രമുഖരായ രണ്ടുനേതാക്കൾ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭാസ്‌കരന്റെ കുടുംബത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ കേസുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

അതേസമയം, ഈടിനു നൽകിയ ഭൂമിയുടെ കുടിക്കടവും മറ്റു രേഖകളും കരസ്ഥമാക്കുന്നതിനായി ബോബി ചെമ്മണ്ണൂരിന്റെ ഭാര്യ സ്മിതയുടെ പേരിൽ താമരശ്ശേരി രജ്‌സ്ട്രാർ ഓഫീസിൽ കോഴിക്കോട്ട് നിന്നും ജൂവലറിയുമായി ബന്ധപ്പെട്ട ചിലർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.