കൊല്ലം: വീടിന് സമീപം നടക്കുന്ന ദുർ മന്ത്രവാദത്തെക്കുറിച്ചും മറ്റ് അനാശാസ്യ പ്രവർത്തികളെ കുറിച്ചും പരാതിപ്പെട്ടാൽ പെൺമക്കളെ ബലാത്സംഗം ചെയ്യുമെന്നും ഭർത്താവിനെ കൊന്നു കളയുമെന്നും മന്ത്രവാദി ഭീഷണിപ്പെടുത്തുന്നതായി കാട്ടി വീട്ടമ്മയുടെ പരാതി. കരുനാഗപ്പള്ളി തഴവ തെക്കും മുറി പടിഞ്ഞാറ് പുത്തൻ പുരയിൽ വീട്ടിൽ സ്വാതന്ത്ര സമര സേനാനിയുടെ മരുമകളും വിമുക്ത ഭടന്റെ ഭാര്യയുമായ സ്മിത എന്ന വീട്ടമ്മയാണ് വീടിന് സമീപത്തുള്ള കുചേലാശ്രമം എന്ന ക്ഷേത്രത്തിലെ മന്ത്രവാദിയായ തഴവ തെക്കും മുറി പടിഞ്ഞാറ് ദ്വാരകാ ഭവനത്തിൽ കേശവപിള്ളയ്ക്കും മകൻ ഹരീഷിനുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

നാല്പത്തി രണ്ട് വർഷമായി തഴവയിൽ സ്ഥിര താമസമാക്കിയ വീട്ടമ്മയുടെ വീടിന് സമീപത്തായി മന്ത്രവാദിയായ കേശവ പിള്ള ക്ഷേത്രം നിർമ്മിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കോളാമ്പിയുടെ ശബ്ദം മൂലം വിദ്യാർത്ഥികളായ ഇവരുടെ മക്കൾക്ക് പഠനത്തിൽ ശ്രദ്ധപുലർത്താൻ കഴിയുന്നില്ല എന്ന് കാട്ടി കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് ഇതിൽ വേണ്ട നടപടി സ്വീകരിക്കാതെ വന്നതോടെ കരുനാഗപ്പള്ളി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കോളാമ്പി ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് മന്ത്രവാദിക്കും മകനും ഇവരോട് ശത്രുത തുടങ്ങാനുള്ള കാരണം. ഇതിന് ശേഷം ക്ഷേത്രത്തിൽ നടത്തുന്ന ആഭിചാരക്രിയകളുടെ പൂജാ അവശിഷ്ടങ്ങൾ വീട്ടമ്മയുടെ പറമ്പിൽ നിക്ഷേപിക്കുകയും അശ്ലീല വർത്തമാനങ്ങൾ പറയുവാനും തുടങ്ങി.

തന്റെ കുടുംബത്തെ പറ്റി അവഹേളിക്കുന്ന തരത്തിൽ നാട്ടുകാരോട് മോശമായി പറയുകയും ഭർത്താവായ വിമുക്ത ഭടൻ വീട്ടിലില്ലാത്ത നേരങ്ങളിൽ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിയിൽ പറയുന്നു. എത്രയും വേഗം വീടൊഴിഞ്ഞു പോകാനും ഇതിനൊരുക്കല്ലെങ്കിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാൻ അനുവദിക്കില്ലെന്നും ബലാത്സംഗം ചെയ്തു നശിപ്പിക്കുമെന്നും മന്ത്രവാദിയുടെ മകൻ ഹരീഷ് പറഞ്ഞതായും വീട്ടമ്മ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 50കിലോയോളം ഭാരമുള്ള ഓട്ടുമണി ഈ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ആഭിചാരക്രിയകൾ നടക്കുന്ന പാതി രാത്രിയിൽ ഈ മണി മുഴക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പലതവണ വിമുക്ത ഭടനായ ഭർത്താവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ലഴിക്കാതായതോടെയാണ് പരാതിയുമായി താൻ വനിതാ സെല്ലിനെ സമീപിച്ചതെന്ന് വീട്ടമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു.



ക്ഷേത്രത്തോട് ചേർന്ന കിടക്കുന്ന വീട്ടമ്മയുടെ എഴുപത് സെന്റോളം വസ്തു ചുളുവിൽ തട്ടിയെടുക്കാനും മന്ത്രവാദിയും മകനും ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇതിനായി പല രീതിയിലും ഇടനിലക്കാരെ പറഞ്ഞയച്ചിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങൾക്ക് നിന്നാൽ മന്ത്രവാദം ചെയ്തി നശിപ്പിക്കുമെന്നും ഇടനിലക്കാർ വഴി അറിയിച്ചതായും പറയുന്നു.