ആലപ്പുഴ: ജി സുധാകരൻ എം എൽ എയ്‌ക്കെതിരെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം ഉഷാ സാലി പൊലീസിൽ പരാതി നൽകിയതോടെ വിഷയം തെരഞ്ഞെടുപ്പിലും ചർച്ചയാകുമെന്ന കാര്യം ഉറപ്പായി. പരസ്യ അധിക്ഷേപം സഹിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഉഷാ സാലി പാർട്ടിയിൽ നിന്നും അംഗത്വം രാജിവച്ചത്. രാജിവെക്കും മുമ്പ് സുധാകരനെതിരെ പാർട്ടിക്ക് പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.

അകാരണമായി ജി. സുധാകരൻ എംഎൽഎ പൊതുവേദിയിൽ ശകാരിച്ചതിലും ഇതു സംബന്ധിച്ചു പാർട്ടിക്കു പരാതി നൽകിയിട്ടു നടപടിയൊന്നും ഉണ്ടാകാത്തതിലും പ്രതിഷേധിച്ച് സിപിഐ(എം) തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ചിന്റെ സെക്രട്ടറി സ്ഥാനം തോട്ടപ്പള്ളി ഉഷസിൽ ഉഷാ സാലി രാജിവച്ചിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ചിലരുടെ പ്രവർത്തനങ്ങളെ എതിർത്തതു മൂലം തന്നെ ബലിയാടാക്കുകയായിരുന്നു. തന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ സ്വകാര്യമായി വിളിച്ചു പറയാമായിരുന്നു. തികച്ചും അസഭ്യമായ രീതിയിൽ ഒരു സ്ത്രീയോട് പൊതുവേദിയിൽ വച്ച് ഒരു നേതാവ് പെരുമാറിയിട്ടും ആശ്വാസവാക്ക് പറയാൻ പോലും ഒരു പാർട്ടിയംഗവും തയാറായില്ല. ആത്മഹത്യ ചെയ്യണമെന്നു പോലും പലവട്ടം ആലോചിച്ചു. പാർട്ടി അംഗമായ തന്നോട് ഒരു വിശദീകരണവും ആരും ഇതുവരെ ചോദിച്ചുമില്ലന്നും ഉഷ സാലി പറഞ്ഞിരുന്നു.

മറ്റൊരു വനിതാ പ്രവർത്തകയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് തന്നെ പരസ്യമായി തെറിവിളിച്ചതെന്നാണ് ഉഷ ആരോപിക്കുന്നത്. അമ്പലപ്പുഴയിലെ പുറക്കാട് റോഡ് ഉദ്ഘാടനവേളയിലായിരുന്നു സുധാകരൻ എം എൽ എ വനിതാ പ്രവർത്തകയുടെ നേര തട്ടിക്കയറിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ വി എസ് പക്ഷക്കാരിയും പാർട്ടിയുടെ നടപടിക്കു വിധേയയുമായ വനിതാ പഞ്ചായത്ത് അംഗത്തിന്റെ അകമഴിഞ്ഞ സേവനം സുധാകരന് ആവശ്യമായി വന്ന സാഹചര്യത്തിലാണ് എംഎൽഎ സ്വന്തം തട്ടകത്തിൽ ഒപ്പം നിന്ന വനിതാ പ്രവർത്തകയെ ആക്ഷേപിക്കാൻ തയ്യാറായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ്സിന് സീറ്റു നിഷേധിച്ച ഘട്ടത്തിൽ തോട്ടപള്ളിയിൽ പരസ്യമായി ജാഥ സംഘടിപ്പിച്ച് പാർട്ടിക്കെതിരെ പ്രവർത്തിച്ച ആളാണ് പുറക്കാട് പഞ്ചായത്ത് അംഗം ആർ സുനി. കടുത്ത വി എസ് പക്ഷക്കാരിയയാതുക്കൊണ്ടുതന്നെ ഇവരെ നടപടിക്ക് വിധേയമാക്കി പാർട്ടി പുറത്താക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മൽസരിച്ച് പുറക്കാട് പഞ്ചായത്ത് അംഗമാകുകയും പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആകുകയും ചെയ്തു. സുനിയുടെ ജന പിന്തുണ കണ്ട് ഞെട്ടിയ നേതൃത്വം ഇവരെ തിരിച്ചെടുത്ത് ഇക്കുറി പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിക്കുകയായിരുന്നു.

സുനിയുടെ പുറക്കാട്, തോട്ടപള്ളി മേഖലയിലുള്ള സ്വാധീനം നേടിയെടുക്കാനാണ് സുധാകരൻ മറ്റൊരു പ്രവർത്തകയെ അവഹേളിക്കാൻ പൊതുപരിപാടിയുടെ വേദി കണ്ടെത്തിയത്. എം എൽ എയുടെ കോപത്തിനിരായായ ഉഷാ സാലി നേരത്തെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ ആർ സുനിയെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചിരുന്നു. സുനിക്കെതിരെ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതിനെതിരെ ഉഷക്കെതിരെയും അന്വേഷണം നടന്നുവരികയാണ്.

അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്നും മൽസരിച്ച് ജയിക്കണമെങ്കിൽ മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ തോട്ടപള്ളി പുറക്കാട് മേഖലയിൽനിന്നും സുധാകരന് കാര്യമായ വോട്ടുകൾ ലഭിച്ചെതീരു. എന്നാൽ പ്രദേശത്തെ മുസ്ലിം വോട്ടുകൾ ഇക്കുറി സുധാകരനെതിരെ തിരിയുമെന്നാണ് സൂചന. ഇതിനെ മറിക്കടക്കണമെങ്കിൽ സുനിയുടെ സഹായം സുധാകരന് കിട്ടിയെ പറ്റൂ. പഴയതുപോലെ സുധാകരന് പെട്ടെന്ന് ജയിച്ചുകയറാൻ പറ്റിയ സാഹചര്യമല്ല അമ്പലപ്പുഴയിൽ. ഇതാണ് എംഎൽ എ തന്നെ ആക്ഷേപിക്കാൻ കാരണമായതെന്ന് ഇരയായ ഉഷാ സാലി നേരത്തെ വ്യക്തമാക്കിയിരുന്നു.

വി എസ് അനുകൂല നിലപാടെടുത്ത് തെരുവിൽ ജാഥ നടത്തിയ സുനിയെന്ന പഞ്ചായത്ത് അംഗം ഇപ്പോൾ എം എൽ എയുടെ അടുത്ത അനുയായിയാണ്. കഴിഞ്ഞ 28നായിരുന്നു സി പി എം മഹിള അസോസിയേഷൻ പ്രവർത്തകയും ജി സുധാകരൻ എം എൽ എയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന ഉഷാ സാലി എം എൽ എയുടെ ഉഗ്രകോപത്തിന് ഇരയായത്. അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡ് ഉദ്ഘാടന വേളയിലാണ് ജി സുധാകരൻ സി പി എം മഹിളാ അസോസിയേഷൻ പ്രവർത്തകയെ മൈക്കിലുടെ അവഹേളിച്ചത്. നാട്ടുക്കാർ കൂടിനിൽക്കെ എം എൽ എ മൈക്കിലുടെ അപമാനിച്ചത് തന്റെ കുടുംബത്തിന് അപമാനമായെന്ന് കാട്ടി പ്രവർത്തക പാർട്ടിക്ക് പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ പരാതി പരിഗണിക്കില്ലെന്ന ഉറപ്പുള്ളതുക്കൊണ്ടുതന്നെ രാജിയല്ലാതെ മറ്റുവഴിയില്ലെന്നുമാണ് ഉഷാ സാലി വ്യക്തമാക്കിയത്.

എംഎൽഎയുടെ സ്വന്തം ആളായ പാർട്ടി ജില്ലാ സെക്രട്ടറി അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുമോയെന്നുതന്നെ സംശയിക്കേണ്ട സ്ഥിതിയാണുള്ളത്. മകളെ കെട്ടിച്ചയച്ചതും വീട് വച്ചതും തന്നോടൊപ്പം പേഴ്‌സണൽ സ്റ്റാഫിൽ പണിയെടുത്തപ്പോഴല്ലെയെന്നാണ് എംഎൽഎയുടെ ആക്ഷേപം. എന്നാൽ താനും എംഎൽഎയുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നിരിക്കെ യാതൊരു പ്രകോപനവും കൂടാതെ എം എൽ എ തന്നെ ആക്ഷേപിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഉഷാ സാലി പറയുന്നു. മുൻ മന്ത്രിയുടെ ആക്ഷേപം കേട്ടിട്ട് ആത്മഹത്യചെയ്യാൻ തോന്നിയെന്ന് മഹിളാ അസോസിയേഷൻ പ്രവർത്തക സുഹൃത്തുക്കളോട് പറഞ്ഞു.

കാൽ നൂറ്റാണ്ടായി പാർട്ടിയുടെ മഹിളാ ശബ്ദമായിരുന്ന ഉഷയുടെ രാജി പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിലും സുധാകരനെതിരെ എതിർപ്പുണ്ട്. തെരഞ്ഞെടുപ്പിൽ ഈ വിഷയം പ്രചരണ വിഷയമാക്കാനാണ് പ്രതിപക്ഷവും ഒരുങ്ങുന്നത്. ജി സുധാകരൻ കടുത്ത സ്ത്രീവിരുദ്ധനാണെന്ന വിധത്തിലാകും കോൺഗ്രസ് പ്രചരണം.